കൊച്ചി: പ്രാദേശിക സിപിഎം നേതൃത്വത്തെ വെല്ലുവിളിച്ച് മൂന്നാര്‍ കൈയേറ്റത്തിനെതിരെ നടപടി തുടരുന്ന സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ പിന്തുണച്ചും രാഷ്ട്രീയ നേതാക്കളെ പരിഹസിച്ചും നടന് ജോയ് മാത്യു. ഫേസ്ബുക്ക് പോസ്റ്റിലാണ് ജോയ് മാത്യുവിന്റെ പരാമര്‍ശം.
ഉറക്കമിളച്ചിരുന്ന് പഠിച്ച് പാസായി ജോലിയെടുക്കാന്‍ തയാറായി വരുന്ന ഉദ്യോഗസ്ഥരെ തടയുകയോ, ഭീഷണി മുഴക്കി പിന്തിരിപ്പിക്കുകയോ ചെയ്യുന്നതിന്റെ പേരാണ് ജനവിരുദ്ധത.
അഴിമതിക്കാരനെന്നോ, സ്വജനപക്ഷപാതിയെന്നോ പേരു കേള്‍പ്പിക്കാത്ത മിടുക്കരായ ഉദ്യോഗസ്ഥരെ നിശബ്ദരാക്കുകയോ, സ്ഥാനത്തു നിന്ന് തെറിപ്പിക്കുകയോ ചെയ്യുന്നതിനെ രാഷ്ട്രീയ ഗുണ്ടായിസം എന്നാണു പറയുക. കവലപ്രസംഗം നടത്തി കൈയടി വാങ്ങുന്ന മന്ത്രിമാരോ, ഒരു ജോലിക്കും പോകാതെ, പണിയെടുക്കുന്നതിന്റെ സുഖദുഃഖങ്ങള്‍ അറിയാത്ത, എഴുത്തും വായനയുമറിയാത്ത ജനപ്രതിനിധികളോ അല്ല, ഈ മിടുക്കന്മാരാണ് ഭരണചക്രം തിരിക്കുന്നതെന്ന് ജോയ് മാത്യു പറയുന്നു.
സൂപ്പര്‍ നായകരുടെ ഇടിവെട്ട് ഡയലോഗുകള്‍ക്ക് കൈയടിക്കുന്ന മലയാളിക്ക് ജീവിതത്തിലെ പോരാളികളെ കാണുമ്പോള്‍ കൈ പൊങ്ങാത്തതെന്തെന്നും ബുദ്ധിമുട്ടി പഠിച്ച് മുന്നേറുന്ന തലമുറയ്ക്ക് വെളിച്ചമാകാന്‍ ശ്രീറാം വെങ്കിട്ടരാമനെ പോലുള്ളവരെ പിന്തുണയ്ക്കണമെന്നും പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: