മാംസാവശിഷ്ടങ്ങള്‍ തള്ളുന്നു: ജലസ്രോതസുകള്‍ മലിനമായി

Tuesday 18 April 2017 3:35 pm IST

തുറവൂര്‍: അറവുശാലയില്‍ നിന്നുളള മാലിന്യങ്ങള്‍ ജലാശയങ്ങളില്‍ തള്ളുന്നു, രോഗഭീതിയില്‍ ജനം. താലൂക്കിന്റെ വടക്കന്‍ മേഖലകളിലെ അനധികൃത അറവുകേന്ദ്രങ്ങില്‍ നിന്നുള്ള മാലിന്യങ്ങളാണ് ചാക്കുകളിലും പ്ലാസ്റ്റിക് ബാഗുകളിലും നിറച്ച് ജലാശയങ്ങളില്‍ തള്ളുന്നത്. ഇതുമൂലം പ്രദേശത്തെ ശുദ്ധ ജലസ്രോതസുകള്‍ മലിനമായി. മഴപെയ്താല്‍ ചീഞ്ഞളിഞ്ഞ മാംസാവശിഷ്ടങ്ങള്‍ പറമ്പില്‍ വ്യാപിക്കുന്നത് ത്വക്ക് രോഗങ്ങളും സാംക്രമിക രോഗങ്ങളും പിടിപെടുന്നതിനും കാരണമാകുമെന്ന ആശങ്കയിലാണ് പ്രദേശവാസികള്‍. ചന്തിരൂര്‍ പുത്തന്‍ തോട്, കൈതപ്പുഴ കായല്‍, ദേശത്തോട്, പൊന്നാംവെളി തോട്, കോതകുളങ്ങര തോട്, തഴുപ്പ് കായല്‍ എന്നിവിടങ്ങളിലാണ് മാലിന്യ നിക്ഷേപം കൂടുതല്‍. കുത്തിയതോട് പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ തഴുപ്പു കായലില്‍ കഴിഞ്ഞദിവസം ഇറച്ചി കടകളില്‍ നിന്നുള്ള മാംസ അവശിഷ്ടങ്ങള്‍ അടങ്ങിയ മുപ്പതോളം ചാക്കുകെട്ടുകള്‍ കണ്ടെത്തിയിരുന്നു. ഇറച്ചി അവശിഷ്ടങ്ങള്‍ ചീഞ്ഞ് അഴുകി അസഹ്യമായ ദുര്‍ഗന്ധം മൂലം പ്രദേശവാസികള്‍ക്ക് വീടുകളില്‍ കഴിയാനാകാത്ത സ്ഥിതിയാണ്. രാത്രിയുടെ മറവില്‍ വാഹനങ്ങളിലെത്തിക്കുന്ന മാലിന്യങ്ങള്‍ ആളൊഴിഞ്ഞ പ്രദേശങ്ങളിലും പാതയോരത്തുള്ള ജലാശയങ്ങളിലും നിക്ഷേപിക്കുകയാണ്. ക്വട്ടേഷന്‍, ഗുണ്ടാ സംഘങ്ങളില്‍ ഉള്‍പ്പെട്ടവരാണ് മാലിന്യങ്ങളുമായി എത്തുന്നവരിലേറെയും. ഇവരെ ചോദ്യം ചെയ്യാനെത്തുന്നവരെ ഭീഷണിപ്പെടുത്തുന്നതും ആക്രമിക്കുന്നതും പതിവായിട്ടുണ്ട്. ഭയംമൂലം ഇവര്‍ക്കെതിരെ പരാതി നല്‍കാന്‍ പോലും ജനങ്ങള്‍ ഭയപ്പെടുകയാണ്. ആരോഗ്യ, പോലീസ് അധികൃതരും ഇക്കൂട്ടര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ തയാറാകുന്നില്ലെന്നും വിമര്‍ശനമുണ്ട്. ജലാശയങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നത് തടയാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം ഉയരുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.