വന്ദേമാതരം നിര്‍ബന്ധമാക്കല്‍ കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസ്

Monday 22 May 2017 4:57 am IST

ന്യൂദല്‍ഹി: ദേശീയ ഗീതമായ വന്ദേമാതരം സ്‌കൂളുകളിലും കോളേജുകളിലും നിര്‍ബന്ധമാക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിന് നോട്ടീസയച്ചു. ഒരു മാസത്തിനുള്ളില്‍ നിലപാട് അറിയിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഹര്‍ജി ആഗസ്റ്റ് 23ന് വീണ്ടും പരിഗണിക്കും. ദേശീയഗാനം ആലപിക്കുമ്പോള്‍ ആദരവ് പ്രകടിപ്പിക്കേണ്ടത് വിട്ടുവീഴ്ചയില്ലാത്ത കാര്യമാണെന്നും ഇക്കാര്യത്തില്‍ കോടതി ഉത്തരവ് ഇറക്കേണ്ടിവന്നതു തന്നെ ദൗര്‍ഭാഗ്യകരമാണെന്നും കേന്ദ്രസര്‍ക്കാര്‍ നിലപാടറിയിച്ചു. എന്നാല്‍ ദേശീയ പതാകയോടും ദേശീയ ഗാനത്തോടും ആദരവ് കാണിക്കാന്‍ കോടതിയും സര്‍ക്കാരും പാര്‍ലമെന്റും ജനങ്ങളെ നിര്‍ബന്ധിക്കുന്നത് ഉചിതമല്ലെന്ന് സംവിധായകന്‍ കമലിന്റെ നേതൃത്വത്തിലുള്ള കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റി കോടതിയില്‍ വാദിച്ചു. ദേശീയഗാനത്തിന്റെ അതേ ആദരവ് ദേശീയ ഗീതത്തിനും നല്‍കണമെന്നാവശ്യപ്പെട്ട് അഭിഭാഷകയായ അശ്വിനി ഉപാധ്യായയാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഈ ഹര്‍ജി പരിഗണിക്കവെ ദേശീയ ഗീതത്തിന് നിയമപരമായി സാധുതയില്ലെന്ന് കോടതി നിരീക്ഷിച്ചിരുന്നു. ജനഗണമനയ്ക്ക് തുല്യമായ പരിഗണന വന്ദേമാതരത്തിനും നല്‍കണമെന്നാണ് ഹര്‍ജിക്കാരന്റെ ആവശ്യം. കഴിഞ്ഞ നവംബറില്‍ സിനിമാ തീയറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കി സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. കേരളം, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഇത് ലംഘിച്ചവര്‍ക്കെതിരെ പോലീസ് കേസെടുത്തു. ദേശീയഗാനം നിര്‍ബന്ധമാക്കുന്നതില്‍ വിട്ടുവീഴ്ച ചെയ്യാനാകില്ലെന്ന് മറ്റൊരു ഹര്‍ജിയില്‍ കേന്ദ്രം വ്യക്തമാക്കി. ചിലയാളുകള്‍ ദേശീയഗാനത്തെ അനാദരിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്. ദേശീയഗാനത്തെ അവഹേളിക്കുന്നവരെ ശിക്ഷിക്കുന്നതിനുള്ള നിയമത്തിനായി ഹര്‍ജിയില്‍ മാറ്റം വരുത്തുന്നതിനും കോടതി ഹര്‍ജിക്കാരന് അനുവാദം നല്‍കി. സിനിമാ തീയേറ്ററുകളില്‍ ദേശീയഗാനം ആലപിക്കുമ്പോള്‍ എഴുന്നേറ്റുനില്‍ക്കണമെന്ന വിധിയില്‍ ഭിന്നശേഷിയുള്ള കൂടുതല്‍ വിഭാഗങ്ങള്‍ക്ക് കോടതി ഇളവ് നല്‍കിയിട്ടുണ്ട്. ഓട്ടിസം, സെറിബ്രല്‍ പാള്‍സി, പാര്‍ക്കിന്‍സണ്‍സ്, സ്റ്റെനോസിസ്, പോളിയോ, കുഷ്ടം തുടങ്ങിയ രോഗബാധിതരായവരും സീറ്റുകളില്‍ ഇരുന്നാല്‍ മതിയാകും. ദേശീയഗാനം നിര്‍ബന്ധമാക്കിയ വിധിയെ പിന്തുണച്ച് മഹാരാഷ്ട്രയും രാജസ്ഥാനും സുപ്രീംകോടതിയെ സമീപിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.