പ്രതിസന്ധികളില്‍ പതറാതെ എച്ച്എന്‍എല്‍

Sunday 21 May 2017 11:49 pm IST

എച്ച്എന്‍എല്‍ പ്ലാന്റ് സന്ദര്‍ശിക്കുന്ന കുമ്മനം രാജശേഖരന്‍ തൊഴിലാളികള്‍ക്കൊപ്പം

ഏഷ്യയിലെ ഏറ്റവും വലിയ പത്രക്കടലാസ് നിര്‍മ്മാണശാലയായ ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ലിമിറ്റഡ് എന്ന കേന്ദ്ര പോതുമേഖലാ സ്ഥാപനം കഴിഞ്ഞ 34 വര്‍ഷമായി കേരളത്തിന്റെ വ്യാവസായിക ഭൂപടത്തില്‍ നിര്‍ണായക സ്ഥാനമുള്ള കമ്പനിയാണ്. തുടക്കത്തില്‍ നൂറുകോടി രൂപ മുതല്‍മുടക്കി 1982ല്‍ കോട്ടയം ജില്ലയിലെ വൈക്കം വെള്ളൂരില്‍ ആരംഭിച്ച എച്ച്എന്‍എല്‍ തുടര്‍ച്ചയായി നൂറ് ശതമാനത്തിന് മേല്‍ ഉത്പാദനലക്ഷ്യം കൈവരിച്ചുവന്നിരുന്ന സ്ഥാപനമാണ്.
ന്യൂസ് പ്രിന്റ് നിര്‍മ്മാണരംഗത്ത് വന്നിരിക്കുന്ന കാലോചിതമായ മാറ്റങ്ങളും വിപണിയിലെ മത്സരവും ഇതര പൊതുമേഖലാ സ്ഥാപനങ്ങളെപ്പോലെ എച്ച്എന്‍എല്ലിനെയും ബാധിച്ചു.

സാങ്കേതികവിദ്യ നവീകരണവും യന്ത്രഭാഗങ്ങളുടെ നൂതനവല്‍ക്കരണവും യഥാസമയം നടപ്പാക്കുന്നതില്‍ പിന്നാക്കം പോയത് എച്ച്എന്‍എല്ലിനെ പ്രതിസന്ധിയുടെ വഴിയിലേക്ക് എത്തിച്ചു. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് മാര്‍ക്കറ്റിങ് രംഗത്ത് നേരിടുന്ന വെല്ലുവിളിയാണ്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് അംഗീകരിക്കപ്പെട്ട കരാറുകളിലൂടെ വിദേശനിര്‍മ്മിത ന്യൂസ് പ്രിന്റ് കുറഞ്ഞവിലയ്ക്ക് ലഭ്യമാകുന്നതിനുള്ള സാഹചര്യം രാജ്യത്ത് ഉടലെടുത്തതാണ് എച്ച്എന്‍എല്ലിന്റെ മാര്‍ക്കറ്റിങിനെ ദോഷകരമായി ബാധിച്ചത്. ഇതിനെ അതിജീവിക്കാന്‍ നൂതനപദ്ധതികളിലൂടെയും സംരംഭങ്ങളിലൂടെയും കഴിയുമെന്ന ആത്മവിശ്വാസമാണ് കമ്പനി മാനേജിങ് ഡയറക്ടര്‍ ആര്‍. ഗോപാല റാവു ഉള്‍പ്പെടെയുള്ള മാനേജ്‌മെന്റ് നേതൃത്വത്തിനുള്ളത്.

എച്ച്എന്‍എല്‍ സ്വകാര്യവല്‍ക്കരിക്കുന്നുവെന്ന് വ്യാപക കള്ളപ്രചാരണം നടക്കുമ്പോഴും പുതിയ മേഖലകള്‍ കണ്ടെത്തുവാനുള്ള ശ്രമങ്ങള്‍ അധികൃതര്‍ കൈക്കൊള്ളുന്നുണ്ട്. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ പിന്തുണയും ലഭിക്കുന്നുണ്ടെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കുന്നു.
എന്നാല്‍ കമ്പനിയെ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തിനപ്പുറം എച്ച്എന്‍എല്‍ കവാടം സമരമുഖമാക്കി മാറ്റുവാനുള്ള മത്സരമാണ് തൊഴിലാളി സംഘടനകളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്ന ആക്ഷേപവും ശക്തമാണ്. നിതി ആയോഗിന്റെ റിപ്പോര്‍ട്ട് പ്രകാരം 100 ശതമാനം ഓഹരി വില്‍പ്പനയ്ക്കുള്ള കമ്പനികളുടെ പട്ടികയില്‍ എച്ച്എന്‍എല്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പറഞ്ഞ് എച്ച്എന്‍എല്‍ സംരക്ഷണ സമിതി നടത്തിവന്ന 100 ദിവസത്തെ സത്യഗ്രഹ പരിപാടികള്‍ ഇപ്പോള്‍ താല്കാലികമായി അവസാനിപ്പിച്ചിരിക്കുകയാണ്.

ചരിത്രം

1968ല്‍ കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയില്‍ വന്ന കേരളന്യുസ് പ്രിന്റ് പ്രോജക്ട് എന്ന പേരില്‍ നിര്‍ദ്ദേശിക്കപ്പെട്ട പദ്ധതിയാണ് ഇപ്പോള്‍ എച്ച്എന്‍എല്‍ എന്ന പേരില്‍ കേരളത്തിലെ പൊതുമേഖലയുടെ അഭിമാനമായി നിലനില്‍ക്കുന്നത്. കേരളത്തിനായുള്ള ന്യൂസ് പ്രിന്റ് പ്രോജക്ടിന് 1970-ല്‍ അംഗീകാരം ലഭിച്ചു. കൊല്‍ക്കത്ത ആസ്ഥാനമായ ഹിന്ദുസ്ഥാന്‍ പേപ്പര്‍ കോര്‍പ്പറേഷ (എച്ച്പിസി)ന്റെ ഘടകമെന്ന നിലയിലാണ് എച്ച്എന്‍എല്‍ 1982ല്‍ ഉല്‍പാദനം ആരംഭിച്ചത്. അസാമിലെ കച്ചാര്‍, നാഗോന്‍ പേപ്പര്‍ മില്ലുകളും നാഗാലാന്റ് പള്‍പ്പ് ആന്‍ഡ് പേപ്പര്‍ കമ്പനി ലിമിറ്റഡുമാണ് എച്ച്പിസിയുടെ മറ്റ് യൂണിറ്റുകള്‍. എച്ച്പിസിയിലെ മറ്റ് യൂണിറ്റുകളുടെ സാമ്പത്തിക ബാധ്യതപോലും നികത്തിയെടുത്തിരുന്നത് വെള്ളൂരിലെ എച്ച്എന്‍എല്‍ നല്‍കിവന്ന ലാഭവിഹിതത്തിലൂടെയായിരുന്നു. 2012 വരെ തുടര്‍ച്ചയായി വന്‍തോതിലുള്ള ലാഭം കൈവരിക്കാന്‍ കമ്പനിക്ക് കഴിഞ്ഞു.

വെള്ളൂരില്‍ സംസ്ഥാന സര്‍ക്കാര്‍ പൊന്നുംവിലക്ക് ഏറ്റെടുത്ത് നല്‍കിയ 725 ഏക്കര്‍ സ്ഥലത്താണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. കമ്പനി ആരംഭിക്കുമ്പോള്‍ ഒരു ലക്ഷം മെട്രിക്ക് ടണ്‍ ന്യൂസ് പ്രിന്റ് ആയിരുന്നു ഉല്‍പാദന ലക്ഷ്യം. പിന്നിട്ട 34 വര്‍ഷത്തെ ചരിത്രത്തില്‍ ഒരിക്കല്‍ പോലും ഈ ലക്ഷ്യത്തില്‍ നിന്നും പിന്നോട്ട് പോയിട്ടില്ല. ഇത് പൊതുമേഖലയുടെ ചരിത്രത്തില്‍ അത്യപൂര്‍വ്വമാണ്. മറ്റ് പൊതുമേഖല സ്ഥാപനങ്ങളില്‍ നിന്നും വ്യത്യസ്തമായി വെള്ളൂര്‍ എച്ച്എന്‍എല്ലിനെ നിലര്‍ത്തുന്ന മറ്റ് ചില കാര്യങ്ങളുമുണ്ട്. ഈ സ്ഥാപനത്തിനായി കേന്ദ്ര സര്‍ക്കാര്‍ 600 കോടിരൂപയാണ് മുതല്‍ മുടക്കിയിരുന്നത്. ഈ തുക പലിശയടക്കം ലാഭവിഹിതമായി മടക്കിനല്‍കാന്‍ കഴിഞ്ഞുവെന്നത് എടുത്ത് പറയേണ്ടതാണ്.

കമ്പനി പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ ഏതാണ്ട് രണ്ടായിരത്തോളം സ്ഥിരം ജീവനക്കാരും അത്രയും തന്നെ കരാര്‍ തൊഴിലാളികളും ജോലി ചെയ്തിരുന്നു. എന്നാലിപ്പോള്‍ അഞ്ഞൂറില്‍ താഴെ സ്ഥിരം ജീവനക്കാരും എഴുനൂറോളം കരാര്‍ തോഴിലാളികളും മാത്രമാണിവിടെയുള്ളത്. ന്യൂസ് പ്രിന്റ് ഉല്‍പാദനത്തിനാവശ്യമായ അക്കേഷ്യ, മാഞ്ചിയം, യൂക്കാലിപ്പ്റ്റിസ് തുടങ്ങിയവ കമ്പനി നേരിട്ട് ഉല്‍പാദിപ്പിക്കുന്നുണ്ട്. അതിനായി വണ്ടിപെരിയാര്‍ മേഖലയില്‍ 3000 ഏക്കര്‍ സ്ഥലം സംസ്ഥാനസര്‍ക്കാരില്‍നിന്നും പാട്ടത്തിനെടുത്ത് പ്ലാന്റേഷന്‍ നടത്തുന്നുണ്ട്.
എച്ച് എന്‍ എല്‍ ആരംഭിക്കുന്നതിനായി 725 ഏക്കര്‍ ഭൂമി ഏറ്റെടുത്തിരുന്നുവെങ്കിലും കേവലം 150 ഏക്കറിലാണ് ഫാക്ടറി സ്ഥിതിചെയ്യുന്നത്. ജീവനക്കാര്‍ക്ക് താമസ സൗകര്യമൊരുക്കുന്നതിനായി 110 ഏക്കര്‍ സ്ഥലമാണ് ഉപയോഗിച്ചിരിക്കുന്നത്.

സ്വകാര്യമേഖലയില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളും, സിമന്റ് ഫാക്ടറിയും കമ്പനിവക സ്ഥലത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. എകദേശം ഇരൂനൂറ് ഏക്കര്‍ സ്ഥലം യാതൊരുഉപയോഗവുമില്ലാതെ കിടക്കുന്നു.

പ്രതിസന്ധി

വരവ് അറിയാതെയുള്ള ധാരാളിത്തത്തോടു കൂടിയ ചെലവഴിക്കല്‍, അഴിമതി, മാനേജ്‌മെന്റ് തലത്തിലെ കെടുകാര്യസ്ഥത, മാര്‍ക്കറ്റിങ് രംഗത്തെ കിടമല്‍സരം, നൂതനസാങ്കേതിക വിദ്യയുടെ അഭാവം, ട്രേഡ് യൂണിയനുകളുടെ നിരുത്തരവാദപരമായ പ്രവര്‍ത്തനങ്ങല്‍ തുടങ്ങിയവയാണ് എച്ച്എന്‍എല്‍ എന്ന പൊതുമേഖലാ സ്ഥാപനത്തെ പ്രതിസന്ധികളുടെ നടുവിലെത്തിച്ചത്.
സംസ്ഥാന സര്‍ക്കാരിലേക്ക് നികുതിയിനത്തിലും, വനവിഭവങ്ങളുടെ റോയല്‍റ്റി ഇനത്തിലും കോടിക്കണക്കിന് രൂപ ലഭ്യമാക്കിയിരുന്ന കമ്പനിയാണിത്. വന്‍ തോതിലുള്ള ലാഭം കൈവരിക്കുമ്പോഴും അവ ഉപയോഗപ്പെടുത്തി എച്ച്എന്‍എല്ലിനെ നവീകരിക്കാനുള്ള പദ്ധതികളൊന്നും ആവിഷ്‌കരിക്കപ്പെടുകയുണ്ടായില്ല. മാനേജ്‌മെന്റിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതില്‍ തൊഴിലാളി യൂണിയനുകളും ആവേശം കാണിച്ചില്ല. ഇക്കാര്യത്തില്‍ നികുതിയും റോയല്‍റ്റിയും കൈപ്പറ്റിയിരുന്ന സംസ്ഥാന സര്‍ക്കാരും വേണ്ടത്ര ജാഗ്രത പുലര്‍ത്തിയില്ല.

‘പൊന്‍മുട്ട’യിടുന്ന താറാവായി കമ്പനിയെ കണ്ട ജീവനക്കാരിലെ ചിലര്‍ നടത്തിവന്ന അഴിമതിയും ഭയപ്പെടുത്തുന്നതാണ്. ഒട്ടോറിക്ഷയില്‍ പതിനാലും പതിനഞ്ചും ടണ്‍ ഈറ്റ കൊണ്ടുവന്നതായി രേഖകളുണ്ടാക്കുകയും, കമ്പനിസ്ഥലത്ത് നിന്നിരുന്ന തേക്ക് മരത്തിന്റെ ചുവട്ടില്‍ ഇരുപതും ഇരുപത്തിയഞ്ചും അടി ഉയരത്തില്‍ ഫൈയാഷ് നിക്ഷേപിച്ചശേഷം മുകള്‍ഭാഗം അളന്ന് ലേലം ചെയ്യുകയും അതിനുശേഷം ഫൈയാഷ് പൂര്‍ണ്ണമായി നീക്കം ചെയ്ത് തേക്ക് വേട്ടിയെടുക്കുകയും ചെയ്യുന്നരീതി ഇവിടെയുണ്ടായിരുന്നു. ഇവിടെ ജോലിചെയ്യുന്ന ചില ഉദ്യോഗസ്ഥര്‍ പുറത്ത് വലിയ നിര്‍മ്മാണ കരാറുകാരാണ്. അവരുടെ ബിനാമികളാണ് മേല്‍പറഞ്ഞ തരത്തില്‍ തടി ലേലം പിടിക്കുന്നവര്‍.

ഉയര്‍ന്ന തസ്തികകളില്‍ ജോലിചെയ്തിരുന്ന ഉദ്യോഗസ്ഥരിലെ കെടുകാര്യസ്ഥത കമ്പനിയില്‍ നൂതന സാങ്കേതികവിദ്യ കൊണ്ടുവരുന്നതിന് തടസ്സമായി. തങ്ങളുടെ കാലം എങ്ങനെയെങ്കിലും കഴിക്കുകയെന്നതായിരുന്നു രീതി. സ്ഥാപനം നിലനില്‍ക്കണമെന്ന ചിന്ത ഇവരില്‍ ഉണ്ടായിരുന്നില്ല. മാര്‍ക്കറ്റിങ്് രംഗത്തെ കിടമല്‍സരവും, കമ്പനി ആധുനികവല്‍ക്കരിക്കേണ്ടതിന്റെ ആവശ്യകതയും ഉല്‍പാദനരംഗത്തെ വൈവിദ്ധ്യവല്‍ക്കരണമൊന്നും സാധ്യമാക്കുന്നതിന് ആരും മുന്‍കൈയെടുത്തില്ല. ഈ കുറ്റകരമായ അനാസ്ഥയാണ് കമ്പനിയെ ഇന്നത്തെ പ്രതിസന്ധിയിലെത്തിച്ചത്.

ആത്മാര്‍ത്ഥതയില്ലാത്ത ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനമാണ് ഇവിടത്തെ മറ്റൊരു ശാപം. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയും, ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്റെയും, സിഐടിയുവിന്റേയും നേതൃത്വത്തിലുള്ള മൂന്ന് യൂണിയനുകളാണ് അംഗീക്യത യൂണിയനുകള്‍. ഈ യൂണിയനുകള്‍ പൊതുസമൂഹത്തോടും തൊഴിലാളികളോടും ഉത്തരവാദിത്വവും കൂറും ഉള്ളവരായിരുന്നുവെങ്കില്‍ എച്ച്എന്‍എല്ലിന് ഇന്നത്തെ അവസ്ഥയുണ്ടാകുമായിരുന്നില്ലെന്ന് തൊഴിലാളികള്‍ തന്നെ ഇന്ന് സമ്മതിക്കുന്നു.

കമ്പനി വന്‍ലാഭമുണ്ടാക്കിയിരുന്ന കാലത്ത് പാരിതോഷികങ്ങള്‍ക്കായി വിലപേശുകയും കമ്പനി ചെലവില്‍ സുഖലോലുപതയോടെ ജീവിക്കുന്നതിനുമായിരുന്നു യൂണിയന്‍ നേതാക്കള്‍ക്ക് താല്‍പര്യം. അടല്‍ബിഹാരി വാജ്‌പേയ് പ്രധാനമന്ത്രിയായിരുന്നകാലത്തും കമ്പനി സ്വകാര്യവല്‍കരിക്കാന്‍ പോകുന്നുവെന്ന കള്ളപ്രചാരണം നടത്തിയിരുന്നു ഈ യൂണിയന്‍ നേതാക്കള്‍. 1982ല്‍ കമ്പനിയില്‍ ഉത്പാദനം ആരംഭിച്ചതിനുശേഷം ആദ്യമായി നടന്ന ഒരു വികസനപ്രവര്‍ത്തനം വാജ്‌പേയ് സര്‍ക്കാര്‍ അനുവദിച്ച ഡി-ഇങ്കിങ് പ്ലാന്റാണ്. അന്നത്തെ കേന്ദ്രസര്‍ക്കാര്‍ ഇത്രയും അനുകൂലമായി പ്രതികരിച്ചിട്ടും പുതിയ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനോ വേണ്ടവിധത്തില്‍ പുതിയ പ്ലാന്റിനെ നിലനിര്‍ത്തുന്നതിനോ കഴിഞ്ഞില്ല.

തൊഴിലാളിക്ഷേമം അവകാശപ്പെടുന്ന യൂണിയനുകളൊന്നും ഇതില്‍ താല്‍പര്യവും കാണിച്ചില്ല. ദേശിയ-സംസ്ഥാനഭരണ-രാഷ്ട്രീയ രംഗത്ത് വലിയ സ്വാധീനം അവകാശപ്പെടുന്ന നേതാക്കളുണ്ടായിട്ടും ഈ അലംഭാവം സംഭവിച്ചത് യാദ്യച്ഛികമല്ല.

പ്രതിസന്ധി മറികടക്കും മുന്നോട്ട് കുതിക്കും

മനസുവച്ചാല്‍ എച്ച്എന്‍എല്ലിന് ഇന്നത്തെ പ്രതിസന്ധിയെ മറികടന്ന് മുന്നോട്ട് കുതിക്കാനാവും. സമരരംഗത്തുള്ള കൂട്ടായ്മ കമ്പനിക്കുള്ളിലും പദ്ധതികള്‍ നിര്‍ദ്ദേശിക്കുന്നതിലും ഉണ്ടായാല്‍ ഇത് സംഭവിക്കും. നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലസ്ഥാപനങ്ങളുടെ ഓഹരി വില്‍ക്കുകയെന്നത് സര്‍ക്കാര്‍ നയമാണെങ്കിലും വെള്ളൂര്‍ എച്ച്എന്‍എല്ലിനെ സംമ്പന്ധിച്ച് അങ്ങനെ ഒരു തീരുമാനം എടുത്തിട്ടില്ലെന്ന് കേന്ദ്രമന്ത്രി അനന്ദ്ഗീഥെ പാര്‍ലമെന്റില്‍ പറഞ്ഞത് ഏറെ പ്രതീക്ഷ നല്‍കുന്നു. കമ്പനിക്ക് മുന്‍പില്‍ നടന്നുവന്ന സമരം 100 ദിവസത്തിലെത്തിയപ്പോള്‍ എച്ച്എന്‍എല്‍ സംരക്ഷണ സമിതി ചെയര്‍മാനായ ജോസ് കെ.മാണി എം.പി പാര്‍ലമെന്റില്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് കേന്ദ്രമന്ത്രി സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.

ന്യൂസ് പ്രിന്റ് മാത്രം ഉല്‍പാദിപ്പിച്ച് ലാഭമുണ്ടാക്കുകയെന്നത് ഇന്നത്തെ സാഹചര്യത്തില്‍ അസാധ്യമാണ്. അതുകൊണ്ട് ഉല്‍പാദനരംഗത്ത് വൈവിദ്ധ്യവല്‍കരണമുണ്ടാകണം. ഇപ്പോള്‍ ആരംഭിച്ചിട്ടുള്ള ക്വാളിറ്റി പേപ്പര്‍ ഉല്‍പാദനത്തിനും നോട്ട് ബുക്ക് നിര്‍മ്മാണത്തിനും കൂടുതല്‍ പ്രാധാന്യം കൊടുക്കേണ്ടിയിരിക്കുന്നു. നോട്ട്ബുക്ക് ബൈന്റിങിന് കുടുംബശ്രീ പ്രവര്‍ത്തകരുടെ സേവനം പ്രയോജനപ്പെടുത്തിയാല്‍ ഈ പദ്ധതി കൂടുതല്‍ വിജയകരമാക്കാന്‍ കഴിയും. മെക്കാനിക്കല്‍ പള്‍പ്പ് മറ്റ് പേപ്പര്‍ ഫാക്ടറികള്‍ക്ക് വില്‍ക്കുവാനുള്ള സംവിധാനവും കൂടുതല്‍ കാര്യക്ഷമമാക്കേണ്ടിയിരിക്കുന്നു. വിപുലമായ മാര്‍ക്കറ്റിങ് സാധ്യതയുള്ള പാക്കിങ് കവര്‍ നിര്‍മ്മാണരംഗത്തേക്ക് കടക്കണം.

കൂടാതെ ജീവനക്കാര്‍ക്കായി നിര്‍മ്മിച്ചിട്ടുള്ള ക്വാര്‍ട്ടേഴ്‌സുകള്‍ സ്ഥിതിചെയ്യുന്ന 110 ഏക്കര്‍ സ്ഥലം ശാസ്ത്രീയമായി പ്രയോജനപ്പെടുത്തി അവിടെ തെര്‍മ്മല്‍ പവര്‍പ്ലാന്റ് സ്ഥാപിച്ചാല്‍ ഊര്‍ജ്ജരംഗത്ത് ഫാക്ടറിക്ക് സ്വയംപര്യാപ്തത കൈവരിക്കാന്‍ കഴിയും. ഉപയോഗശൂന്യമായി കിടക്കുന്ന 200 ഏക്കറോളം സ്ഥലത്ത് മുദ്ര ബാങ്ക് സംരംഭകര്‍ക്ക് ചെറുകിട സ്ഥാപനങ്ങള്‍ തുടങ്ങുന്നതിന് പാട്ടത്തിന് നല്‍കുന്നതിനുള്ള സാധ്യതയും പരിശോധിക്കപ്പെടണമെന്ന നിര്‍ദ്ദേശങ്ങളും വിവിധ തലങ്ങളില്‍ നിന്നും ഉയരുന്നുണ്ട്. അതിനായി സംസ്ഥാന വ്യവസായ വകുപ്പാണ് മുന്‍കൈയെടുക്കേണ്ടത്.

കക്ഷി രാഷ്ട്രീയത്തിനതീതമായ പരിശ്രമമാണ് എച്ച്എന്‍എല്ലിന്റെ കാര്യത്തില്‍ ഉടലെടുക്കേണ്ടത്. ഈക്കാര്യങ്ങളുടെ പ്രയോഗവല്‍ക്കരണത്തിന് കക്ഷി രാഷ്ട്രീയ ചിന്തകള്‍ മാറ്റിവെച്ചുള്ള നീക്കങ്ങള്‍ അനിവാര്യമാണെന്ന് ഫാക്ടറിയിലെ ജീവനക്കാര്‍ക്കും പെതുസമൂഹത്തിനും ഏറെ പ്രതീക്ഷ നല്‍കുന്നതായിരുന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ എച്ച്എന്‍എല്‍ സന്ദര്‍ശനം. വിവിധ ട്രേഡ് യൂണിയന്‍ നേതാക്കളുമായും കമ്പനി മാനേജിങ് ഡയറക്ടറുമായും ഉയര്‍ന്ന ഉദ്യോഗസ്ഥരുമായും അദ്ദേഹം വിശദമായ കൂടിക്കാഴ്ച നടത്തുകയുണ്ടായി. ഇതിന് ശേഷം കമ്പനിയെ ലാഭകരമാക്കി പെതുമേഖലയില്‍ നിലനിര്‍ത്തുന്നതിന് ആവശ്യമായ സമ്മര്‍ദ്ദം കേന്ദ്രസര്‍ക്കാരില്‍ ചെലുത്തുമെന്ന് കുമ്മനം വ്യക്തമാക്കുകയും ചെയ്തു.

രാഷ്ട്രീയ പ്രേരിതമായ പ്രചാരണങ്ങള്‍ക്ക് വിരാമമിട്ട് എച്ച്എന്‍എല്ലിനെ സാമ്പത്തിക മേന്മയിലേക്ക് എത്തിക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിന് പൊതുസമൂഹത്തില്‍ നിന്നുള്ള ശ്രദ്ധേയ നിര്‍ദ്ദേശങ്ങളാണ് ഇന്ന് അത്യന്താപേക്ഷിതമായിട്ടുള്ളത്. രാജ്യത്തിന്റെ അഭിമാനമായ എച്ച്എന്‍എല്‍ പൊതുമേഖലയുടെ പൊന്‍തൂവലായി നിലകൊള്ളുന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ലോഭമായ സഹകരണമാണ് തൊഴിലാളികളും എച്ച്എന്‍എല്ലിനെ ആശ്രയിച്ച് കഴിയുന്ന തദ്ദേശ ജനവിഭാഗങ്ങളും പ്രതീക്ഷിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.