ഡോ കമ്മാപ്പയുടെ കരങ്ങളില്‍ അമ്മയും കുഞ്ഞും സുരക്ഷിതര്‍

Sunday 21 May 2017 11:39 pm IST

 

ന്യൂ അല്‍മ ആശുപത്രി,​ ഡോ. കെഎ. കമ്മാപ്പ(ഇസെറ്റില്‍)​

ആതുരസേവന രംഗത്ത്, പ്രസവം കൈകാര്യം ചെയ്യുന്നതില്‍ പ്രാവീണ്യം തെളിയിച്ച് കേരളത്തിനകത്തും പുറത്തും പ്രസിദ്ധിയാര്‍ജ്ജിച്ച വ്യക്തിയാണ് ഡോ. കെ.എ. കമ്മാപ്പ.
നാടിന്റെയും സ്ത്രീ സുരക്ഷയുടെയും കാര്യത്തില്‍ ഏകാത്മ മനോഭാവം പുലര്‍ത്തുന്നതോടൊപ്പം സ്ത്രീ ഗര്‍ഭിണിയാകുമ്പോള്‍ തൊട്ട് പ്രസവം കഴിയുന്നതുവരേയും അത്യന്തം ശ്രദ്ധയോടുകൂടിയും നിറഞ്ഞ മനസ്സോടെയും പ്രസവം ഏറ്റെടുത്ത് കുഞ്ഞിനേയും അമ്മയേയും വേര്‍പെടുത്തി സുഖപ്രസവം നടത്തുവാനുള്ള സാഹചര്യം സൃഷ്ടിക്കുകയാണ് ഡോ:കമ്മാപ്പ ചെയ്യുന്നത്.

കേരളത്തിനകത്തും പുറത്തും വിദേശ രാജ്യങ്ങളിലും പര്യടനങ്ങളും പ്രസവത്തെക്കുറിച്ചും പ്രസവാനന്തര ചടങ്ങുകളെക്കുറിച്ച് പഠനങ്ങളും നിരീക്ഷണങ്ങളും ഇദ്ദേഹം നടത്തിയിട്ടുണ്ട്. സിസേറിയന്‍ കൂടാതെ, സ്വാഭാവിക രീതിയില്‍ പ്രസവം നടക്കുന്നതിന് ക്ഷമയോടെ അദ്ദേഹം കാത്തിരിക്കും. അപ്പോള്‍ ഒരു രക്ഷിതാവിന്റെ മനസ്സും ആത്മാര്‍ത്ഥതയും ഡോ. കമ്മാപ്പയില്‍ തെളിഞ്ഞുകാണാം. 20-26 ശതമാനം സിസ്സേറിയന്‍ മാത്രമേ കമ്മാപ്പ നടത്തിയിട്ടുള്ളു. അതും അവസാന ഘട്ടത്തില്‍ മാത്രം.

മണ്ണാര്‍ക്കാട് കോടതിപ്പടിയില്‍ നിന്ന് 500 മീറ്റര്‍ മാറിയാണ് ന്യൂ അല്‍മ ആശുപത്രി സ്ഥിതി ചെയ്യുന്നത്. 2011-ല്‍ ആണ് പുതിയ ആശുപത്രി ആരംഭിച്ചത്. അതിനു മുമ്പ് 1995 ഫെബ്രുവരിയില്‍ 14 ബെഡ്ഡുകളുള്ള ആശുപത്രി തുടങ്ങിയിരുന്നു. പിന്നീടാണ് കൂടുതല്‍ സൗകര്യത്തോടെ, 100 ബെഡ്ഡുകളുള്ള ന്യൂ അല്‍മ ആശുപത്രി ആരംഭിച്ചത്. മലയോര മേഖലയായ അട്ടപ്പാടി, എടത്തനാട്ടുകര, മൈലാമ്പാടം, കാഞ്ഞിരപ്പുഴ എന്നിവിടങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് ഡേ. കമ്മാപ്പയുടെ സേവനം വളരെ അത്യാവശ്യമായി വന്നിട്ടുണ്ട്. ഓരോ അമ്മമാരും അവരുടെ ബന്ധുക്കളും ഉത്കണ്ഠയോടുകൂടി കാത്തിരിക്കുമ്പോള്‍, ചെയ്യുന്ന ജോലി ആത്മാര്‍ത്ഥതയോടെ ചെയ്യാന്‍ സാധിക്കുന്നുവെന്നത് ഭാഗ്യമായി കാണുന്നുവെന്ന് ഡോക്ടര്‍, ജന്മഭൂമിയോട് പറഞ്ഞു.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ നോര്‍മല്‍ പ്രസവം നടക്കുന്നത് ഡോ. കമ്മാപ്പാ നയിക്കുന്ന ന്യൂ അല്‍മ ആശുപത്രിയിലാണ്. ഏറ്റവും കുറവ് സിസേറിയന്‍ നടക്കുന്നതും, സിസേറിയന്റെ ചെലവ് കുറഞ്ഞ നിരക്കിലാണെന്നതും ശ്രദ്ധേയമാണ്. ഗര്‍ഭധാരണം മുതല്‍ നല്‍കുന്ന ചികിത്സ വളരെ ശ്രദ്ധിക്കേണ്ടതാണ്, കുഞ്ഞിനും അമ്മയ്ക്കും നല്‍കുന്ന ഭക്ഷണം ഗുണനിലവാരമുള്ളതായിരിക്കണം. അശാസ്ത്രീയമായ ചികിത്സാരീതികള്‍ ഇന്ന് പ്രചാരത്തിലുണ്ടെങ്കിലും അത് പലപ്പോഴും വന്ധ്യതയ്ക്ക് കാരണമാകുന്നുണ്ടെന്നാണ് ഡോ. കമ്മാപ്പയുടെ അഭിപ്രായം. സര്‍വ്വീസില്‍ ഇതുവരെയായി 97,000-ത്തോളം പ്രസവങ്ങള്‍ എടുത്തിട്ടുണ്ട്.

ആത്മവിശ്വാസം വേണം

ജീവിതത്തില്‍ ആത്മവിശ്വാസം ഉണ്ടെങ്കില്‍ എല്ലാറ്റിനേയും കീഴ്‌പ്പെടുത്താന്‍ കഴിയുമെന്ന് ഡോക്ടര്‍ പറയുന്നു. അത് മാതാപിതാക്കളുടെയും ഗുരുക്കന്മാരുടെയും അടുത്തുനിന്ന് സ്വായത്തമാക്കാന്‍ കഴിയും. പണ്ടൊക്കെ ഓപ്പറേഷനിലൂടെ കുട്ടികളെ പുറത്തെടുക്കുന്നത് വളരെ വിരളമായിരുന്നു. മുന്‍കാലങ്ങളില്‍ സിസേറിയന്‍ വയറിന്റെ മുകളില്‍ നിന്നും താഴേയ്ക്ക് ആയിരുന്നു. പിന്നീട് 1997നു ശേഷം ഡോ. മൈക്കിള്‍ സ്റ്റാര്‍ക്കാണ് സിസ്സേറിയന്‍ വയറിന് കുറുകെ ചെയ്യുവാന്‍ തുടങ്ങിയത്. എന്നാല്‍ അതിനു മുമ്പു തന്നെ ഡോ. കമ്മാപ്പ ഈ രീതിയില്‍ സിസ്സേറിയന്‍ നടത്തിത്തുടങ്ങിയിരുന്നു. ഇതുവരെ 20,000-ത്തില്‍ കൂടുതല്‍ സിസ്സേറിയന്‍ നടത്തിയിട്ടുണ്ടെന്ന് ഡോക്ടര്‍ ജന്മഭൂമിയോട് പറഞ്ഞു. സാമ്പത്തിക ബുദ്ധിമുട്ടുള്ളവര്‍ക്ക് ഇളവ് അനുവദിക്കുന്നതായും അദ്ദേഹം പറഞ്ഞു.

നിയോഗങ്ങള്‍

ഒരമ്മ കുഞ്ഞിന് ജന്മം നല്‍കുമ്പോള്‍ ആ അമ്മയുടെ മനസ്സിന്റെ അകക്കാമ്പില്‍ കുഞ്ഞിനെക്കുറിച്ച് ഒരുപാട് സ്വപ്‌നങ്ങളും സങ്കല്‍പ്പങ്ങളും ഉണ്ടാകുമത്രേ. ആ കുഞ്ഞിനെ അമ്മയുടെ അരികിലേക്ക് കിടത്തുമ്പോള്‍ ആ അമ്മയുടെ മനസ്സും പ്രാര്‍ത്ഥനയുമാണ് തന്നെ ഈ നിലയ്ക്ക് എത്തിച്ചതെന്ന് ഡോക്ടര്‍ കമ്മാപ്പ പറയുന്നു. ആ ദമ്പതിമാരുടെയും കുടുംബത്തിന്റെയും അനുഗ്രഹം എപ്പോഴും തൃപ്തനാക്കിയിട്ടുണ്ട്. കഴിഞ്ഞ 32 വര്‍ഷമായി ഈ ക്രിയാത്മകമായ ജീവിതം തുടങ്ങിയിട്ട്. അതിന് ഭാര്യയും കുട്ടികളും എപ്പോഴും പൂര്‍ണ്ണ പിന്തുണ നല്‍കുന്നതായും അദ്ദേഹം പറയുന്നു.

ആശുപത്രിയിലെ ഗൈനക്കോളജി രംഗത്ത് പ്രവര്‍ത്തിക്കുന്ന ഡോ: സുശീല, ഡോ:കൃഷ്ണപ്പന്‍, ഡോ: സന്ദീപ് ദത്തറോയ്, ഡോ: സീമ, ഡോ:ദേവേന്ദ്രന്‍ എന്നിവരടങ്ങുന്ന 14 അംഗ ഡോക്ടര്‍മാര്‍ ഈ ആശുപത്രിയിലുണ്ട്. ആശുപത്രിയില്‍ സോളാര്‍ പാനലും, മാലിന്യ സംസ്‌കരണ യൂണിറ്റും മറ്റും നല്ല രീതിയില്‍, പ്രവര്‍ത്തിച്ചു വരുന്നു. ഇതിന്റെയെല്ലാം സൂത്രധാരന്‍ ഡോ. കെ.എ. കമ്മാപ്പ തന്നെയാണ്.

കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പുരസ്‌കാരം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയില്‍ നിന്ന് സ്വീകരിക്കുന്നു

വിദ്യാഭ്യാസ ജീവിതം

മണ്ണാര്‍ക്കാട്ടെ സാധാരണകുടുംബത്തില്‍ ജനിച്ച ഡോ. കമ്മാപ്പ 1957ല്‍ കല്ലടി അസ്സൈനാറിന്റെയും കദീജ ഉമ്മയുടെയും മകനായി ജനിച്ചു. മണ്ണാര്‍ക്കാട് പെരിമ്പടാരിയിലെ ജിഎം യുപി സ്‌കൂളില്‍ ഒന്നാം ക്ലാസ്സ് മുതല്‍ അഞ്ചാം ക്ലാസ്സ് വരെയും, തുടര്‍ന്ന് മണ്ണാര്‍ക്കാട് കെടിഎം ഹൈസ്‌കൂളില്‍ ആറാം ക്ലാസ്സ് മുതല്‍ എട്ടാം ക്ലാസ്സ് വരെയും പിന്നീട് ഒന്‍പതാം ക്ലാസ്സ് മുതല്‍ 10-ാം ക്ലാസ് വരെ കല്ലടി ഹൈസ്‌കൂളിലുമാണ് പഠിച്ചത്. പിഡിസി ഇരിങ്ങാലക്കുടയിലും, എംബിബിഎസ് 1975-80 വരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലും പഠിച്ചു. പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ രണ്ട് വര്‍ഷം ട്യൂട്ടറായി ജോലി ചെയ്ത ശേഷം 1984ല്‍ പിജിയ്ക്ക് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചേര്‍ന്നു. 1986ല്‍ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ സേവനമനുഷ്ഠിച്ചുപോന്നു. 1995-ലാണ് ആശുപത്രി തുടങ്ങിയത്.

കുടുംബം

എറണാകുളം സ്വദേശിനി തൂശിക്കണ്ണന്‍ വീട്ടില്‍ സൈയ്ദ കമ്മാപ്പയാണ് ഭാര്യ. മൂത്ത മകള്‍ ഡോ: അമീന (എംഡി മൈക്രോബയോളജി), രണ്ടാമത്തെ മകള്‍ ഡോ. ലമീയ, മകന്‍ നബീല്‍ (എംബിബിഎസ് വിദ്യാര്‍ത്ഥി). മരുമക്കള്‍: ഡോ. നൗഷാദ് ബാബു, ഡോ. ഷാഹിദ്.

അവാര്‍ഡുകള്‍

പൊതുപ്രവര്‍ത്തനരംഗത്ത് നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. കൂടാതെ കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ നിന്ന് 2013-14 മുതല്‍ 2015-16 വരെ തുടര്‍ച്ചയായി അവാര്‍ഡുകള്‍ ന്യൂ അല്‍മ ആശുപത്രിക്ക് ലഭിച്ചിട്ടുണ്ട്.