പതിമൂന്നാം പഞ്ച വല്‍സര പദ്ധതിയില്‍ ഹരിത കേരളം മിഷന് ഊന്നല്‍

Tuesday 18 April 2017 7:25 pm IST

കണ്ണൂര്‍: പതിമൂന്നാം പഞ്ചവല്‍സര പദ്ധതികളില്‍ ഹരിതകേരളം മിഷനുമായി ബന്ധപ്പെട്ട പ്രൊജക്ടുകള്‍ക്ക് ഊന്നല്‍ നല്‍കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ഹരിതകേരളം ജില്ലാ മിഷന്‍ അവലോകന യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നിര്‍ദേശം അവതിരിപ്പിച്ചത്. വാര്‍ഷിക പദ്ധതികളില്‍ കാര്‍ഷിക വികസനം, ശുചിത്വം, മാലിന്യനിര്‍മാര്‍ജനം, ജല സംരക്ഷണം, മാലിന്യ സംസ്‌ക്കരണം, വനവല്‍ക്കരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രൊജക്ടുകള്‍ ഉള്‍പ്പെടുത്താനാണ് നിര്‍ദേശം. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകള്‍ പൊതുവിഭാഗം വികസന ഫണ്ടിന്റെ ചുരുങ്ങിയത് 10 ശതമാനവും നഗരസഭകളും കോര്‍പറേഷനും 15 ശതമാനവും മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി വകയിരുത്തും. ജലസംരക്ഷണത്തിന്റെ ഭാഗമായുള്ള മഴക്കുഴികളുടെ നിര്‍മാണം, മഴവെള്ള സംഭരണികള്‍ സ്ഥാപിക്കല്‍ തുടങ്ങിയവയ്ക്ക് പ്രത്യേക ഊന്നല്‍ നല്‍കും. 10 ശതമാനം റോഡ് പ്രവൃത്തിയെങ്കിലും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ചേര്‍ത്ത ബിറ്റുമിന്‍ ഉപയോഗിച്ച് നടത്താനും പഞ്ചവല്‍സര പദ്ധതിയുടെ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നുണ്ട്. ഇതിനാവശ്യമായ സഹായം ക്ലീന്‍ കേരള കമ്പനിയില്‍ നിന്ന് ലഭിക്കും. വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി നടപ്പാക്കുന്ന ഹരിതകേരളം മിഷന്‍ പ്രൊജക്ടുകള്‍ സമഗ്രപരിപാടികളെന്ന രീതിയില്‍ പ്രത്യേകമായി രേഖപ്പെടുത്താനും പദ്ധതി മാര്‍ഗരേഖയില്‍ നിര്‍ദേശിക്കുന്നുണ്ട്. മഴയെത്തും മുമ്പ് ജില്ലയിലെ പൊതു-സ്വകാര്യ കുളങ്ങള്‍ നവീകരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ജനകീയ പങ്കാളിത്തത്തോടെ നിര്‍വഹിക്കാനും യോഗത്തില്‍ തീരുമാനമായി. വെള്ളം കുറഞ്ഞ ഈ സമയത്ത് കുളങ്ങളില്‍ അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്ത് നവീകരിക്കുന്നതാണ് പദ്ധതി. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ പ്രകാശന്‍, തദ്ദേശ സ്ഥാപന മേധാവികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.