ഗീതാദര്‍ശനം

Monday 22 May 2017 12:41 am IST

  ഇതരയോഗികളുടെ ദിവ്യലോകയാത്രകള്‍ (8-23) ശ്രീകൃഷ്ണനെ മാത്രം ഏക നിഷ്ഠയോടെ സേവിക്കുന്ന ഭക്തോത്തമന്മാര്‍ ഭഗവാന്റെ ദിവ്യലോകം പ്രാപിച്ച് ആനന്ദിച്ചുകൊണ്ടിരിക്കും. അവര്‍ ഇങ്ങനെ പാടുകയും ചെയ്യും. ''ഏക നിഷ്ഠ സേവകനായ് ഞാന്‍ മോക്ഷമെന്തു വേറെ?'' അവര്‍ പിന്നീട് ഈ ഭൗതിക പ്രപഞ്ചത്തിലേക്ക് തിരിച്ചുവരികയേ ഇല്ല എന്ന് പറഞ്ഞു. എന്നാല്‍ കര്‍മ്മയോഗികളും ജ്ഞാനയോഗികളും അഷ്ടാംഗയോഗികളും മറ്റും രണ്ടുതരക്കാരുണ്ട്. ക്ഷണമുക്തി ആഗ്രഹിക്കുന്നവരും ക്രമമുക്തി ആഗ്രഹിക്കുന്നവരും. നൂറ്റിയൊന്ന് നിലകളുള്ള ഒരു കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ ചെന്ന് ലിഫ്റ്റില്‍ കയറി, സ്വിച്ചിട്ട് ഒറ്റയടിക്ക് നൂറ്റിഒന്നാം നിലയില്‍ എത്തിച്ചേരുന്നവരോട്, ക്ഷണമുക്തി ആഗ്രഹിക്കുന്നവരെ ഉപമിക്കാം. നൂറുനിലകളും ഓരോന്നായി കോണിപ്പടവുകള്‍ കയറി ഓരോ നിലയിലേയും സൗകര്യങ്ങളും സുഖവും അനുഭവിച്ച് ക്രമേണ നൂറ്റിയൊന്നാം നിലയില്‍ എത്തിച്ചേരുന്നവരോട് ക്രമമുക്തി ആഗ്രഹിക്കുന്നവരെ ഉപമിക്കാം. കര്‍മയോഗികളുടെ കര്‍മ്മങ്ങളുടെ ഫലമായ പുണ്യം, സുഖാനുഭവം കൊണ്ട് തീര്‍ന്നുപോയാല്‍ എത്താതെയോ എത്തിക്കഴിഞ്ഞതിനുശേഷമോ പുനരാവൃത്തി, വീണ്ടും ജനനം-വേണ്ടി വരും. അതുപോലെ ജ്ഞാനയോഗികളുടെ ബ്രഹ്മജ്ഞാനത്തിനും വാട്ടം ഏറ്റ്, അമ്പതാമത്തെ പടിയില്‍- ജനലോക തപോലോകാദികളില്‍ത്തന്നെ നിവസിച്ചേക്കാം എന്ന് തീരുമാനിച്ചാലും പുനര്‍ജനനം വേണ്ടിവരും. മേല്‍പ്പറഞ്ഞ രണ്ടുതരം മോക്ഷകാമന്മാരും ദേഹം ഉപേക്ഷിച്ച് ആത്മീയലോകങ്ങളിലേക്കുള്ള യാത്ര തുടരുന്ന കാലത്തിന്റെ സ്വഭാവം അനുസരിച്ചാണ് യാത്രാ മാര്‍ഗത്തിന്റെ വ്യത്യസ്ത ഭാവം-അനാവൃത്തിയും ആവൃത്തിയും സംഭവിക്കുന്നത്. ആ കാലങ്ങളുടെ സ്വഭാവം ഞാന്‍ പറയാം എന്നു ഭഗവാന്‍ അരുളിച്ചെയ്യുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.