കെഎസ്ഇബിയുടെ കൊള്ളയടി

Sunday 21 May 2017 11:53 pm IST

ജനങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ ഷോക്കടിപ്പിക്കുന്ന തരത്തിലാണ് വൈദ്യുതിചാര്‍ജ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. മലപ്പുറം ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞതിനുശേഷം ചാര്‍ജ് വര്‍ദ്ധന നടപ്പിലാക്കിയാല്‍ മതിയെന്ന ധാരണകൊണ്ടാവാം ഫലപ്രഖ്യാപന ദിവസംതന്നെ ഷോക്ട്രീറ്റ്‌മെന്റ് നടത്താന്‍ തീരുമാനിച്ചത്. നാമമാത്രമായ വര്‍ദ്ധനവേ വരുത്തിയിട്ടുള്ളൂവെന്നും മൂന്നുവര്‍ഷം മുന്‍പാണ് വൈദ്യുതിചാര്‍ജ് വര്‍ദ്ധിപ്പിച്ചതെന്നുമുള്ള മുടന്തന്‍ ന്യായങ്ങള്‍ വൈദ്യുതിബോര്‍ഡും ബന്ധപ്പെട്ട കേന്ദ്രങ്ങളും നടത്തുന്നുണ്ട്. എന്നാല്‍ ജനങ്ങളെ അങ്ങേയറ്റം ഞെക്കിപ്പിഴിഞ്ഞ് പണം തട്ടിയെടുക്കണമെന്ന കൊള്ളക്കാരുടെ മനശ്ശാസ്ത്രമാണ് അധികൃതര്‍ക്കുള്ളത്. അതനുസരിച്ചാണ് വൈദ്യുതിചാര്‍ജ് വര്‍ദ്ധിപ്പിച്ചിരിക്കുന്നതും. സംസ്ഥാനമൊട്ടുക്കുമുള്ള സാധാരണക്കാരുടെ കുടുംബ ബജറ്റ് താളംതെറ്റിക്കുന്നതാണ് വൈദ്യുതിചാര്‍ജ് വര്‍ദ്ധന. 40 യൂണിറ്റുവരെ ഉപയോഗിക്കുന്നവരും ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരുമായവരുടെ വൈദ്യുതിനിരക്കില്‍ വര്‍ദ്ധനയില്ലെന്ന് വീരസ്യം പറയുന്ന അധികൃതര്‍, അത്തരം കുടുംബങ്ങള്‍ എത്രയുണ്ടെന്ന് വ്യക്തമാക്കണമായിരുന്നു. വളരെക്കുറച്ചുപേര്‍ മാത്രമെ ആ വിഭാഗത്തില്‍പ്പെടുന്നുള്ളൂ. മഹാഭൂരിപക്ഷം ഈ കൊടിയ അനീതി അനുഭവിക്കാന്‍ വിധിക്കപ്പെട്ടവരാണ്. ഇടത്തരക്കാരായ ഉപഭോക്താക്കള്‍ക്ക് അങ്ങേയറ്റം ബുദ്ധിമുട്ടുണ്ടാക്കുന്നതാണ് ഈ ചാര്‍ജ് വര്‍ദ്ധന. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് യൂണിറ്റൊന്നിന് 50 പൈസ കൂട്ടുമ്പോള്‍ അതിന് ആനുപാതികമായ വര്‍ദ്ധനവല്ല വന്‍കിടക്കാര്‍ക്ക് ചുമത്തിയിട്ടുള്ളത്. വലിയവരെ തഴുകിത്തലോടിക്കൊണ്ട് ഇടത്തരക്കാരെ മൊത്തം ഞെക്കിപ്പിഴിയുന്ന സംവിധാനമാണ് കൊണ്ടുവന്നിരിക്കുന്നതെന്ന് പകല്‍പോലെ വ്യക്തമാണ്. സാങ്കേതികമായ വിശദീകരണങ്ങളും വ്യാഖ്യാനങ്ങളുംകൊണ്ട് മൊത്തം തെറ്റിദ്ധാരണ പരത്താനാണ് വൈദ്യുതിബോര്‍ഡും വൈദ്യുതി റഗുലേറ്ററി കമ്മീഷനും ശ്രമിച്ചിട്ടുള്ളത്. കടുത്ത നിലപാട് സ്വീകരിക്കുന്ന സമീപനം അവരുടെ ഭാഗത്തുനിന്നുണ്ടാവുന്നത് വൈദ്യുതി അവിഭാജ്യഘടകമാണ് എന്നുള്ളതുകൊണ്ടാണ്. ഇന്നത്തെ കാലത്ത് വൈദ്യുതി ഒഴിച്ചുകൂടാനാവാത്തതാണെന്ന് ആര്‍ക്കാണ് അറിയാത്തത്. പുതിയ നിരക്ക് വര്‍ദ്ധനയിലൂടെ വൈദ്യുതിബോര്‍ഡ് 550 കോടി രൂപയുടെ വരുമാനമാണ് പ്രതീക്ഷിക്കുന്നത്. ശരാശരി നിരക്കുവര്‍ദ്ധന അഞ്ച് ശതമാനമാണെന്നും ഒരു വിഭാഗത്തിനും 10 ശതമാനത്തിലേറെ വര്‍ദ്ധിപ്പിച്ചിട്ടില്ലെന്നും റഗുലേറ്ററി കമ്മീഷന്‍ ചെയര്‍മാന്‍ ടി.എം. മനോഹരന്‍ ഭംഗിവാക്കു പറയുന്നുണ്ട്. എന്നാല്‍ വസ്തുതയതൊന്നുമല്ല. ഈ ചൂടുകാലത്തുതന്നെ വിലവര്‍ദ്ധന നടപ്പാക്കുന്നതിനു പിന്നില്‍ മറ്റൊരു അജണ്ടയുമുണ്ട്. വൈദ്യുതി ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന മാസങ്ങളാണ് ഏപ്രില്‍, മെയ്. സാധാരണ സ്ലാബുകാര്‍ ഈ മാസങ്ങളില്‍ ഉപയോഗിക്കുന്ന വൈദ്യുതി കൂടുതലായാല്‍ സ്വാഭാവികമായും അടുത്ത സ്ലാബിലേക്ക് അവര്‍ മാറ്റപ്പെടും. അങ്ങനെ വരുമ്പോള്‍ എളുപ്പവഴിയില്‍ അത്തരക്കാരെ വലിയ സ്ലാബില്‍പ്പെടുത്തി കൂടുതല്‍ നിരക്ക് അടിച്ചേല്‍പ്പിക്കാന്‍ ബോര്‍ഡിന് കഴിയും. കാലാകാലങ്ങളില്‍ കെടുകാര്യസ്ഥതമൂലവും മറ്റും കുമിഞ്ഞുകൂടുന്ന നഷ്ടം നികത്താന്‍ സാധാരണക്കാരന്റെ കഴുത്തിനുപിടിക്കുന്ന സ്വഭാവമാണ് ബോര്‍ഡും റഗുലേറ്ററി അതോറിറ്റിയും കാണിക്കുന്നത്. ഏറ്റവും ഒടുവിലത്തെ വര്‍ദ്ധന സംബന്ധിച്ച കണക്കു പരിശോധിച്ചാലും ഇക്കാര്യം മനസ്സിലാവും. അടിക്കടി വൈദ്യുതി നിരക്കു വര്‍ദ്ധിപ്പിച്ച് നഷ്ടം നികത്തുന്ന ബോര്‍ഡ് അവരുടെ സേവനങ്ങളില്‍ ഒരുതരത്തിലുള്ള ഉത്തരവാദിത്വബോധവും കാണിക്കാറില്ല. ഒരുഭാഗത്ത് കെടുകാര്യസ്ഥതയും അനാസ്ഥയുമാണെങ്കില്‍ മറുഭാഗത്ത് പിടിച്ചുപറിയാണ്. നേരെചൊവ്വെ സേവനം ചെയ്യണമെന്ന താല്‍പ്പര്യം വൈദ്യുതിബോര്‍ഡിന്റെ ഭാഗത്തുനിന്നുണ്ടാവാറില്ല. അവരുടെ ഓഫീസുകളിലേക്ക് വിളിച്ച് പരാതി പറഞ്ഞാല്‍ അതിനോടു സൗമ്യമായല്ല പ്രതികരിക്കാറ്. ആധുനിക ഉപകരണങ്ങളും സംവിധാനങ്ങളും ഉണ്ടെങ്കിലും അത് പ്രവര്‍ത്തിപ്പിക്കുന്നവര്‍ക്ക് അതിന്റെയൊരു തരിമ്പ് ഗുണംപോലുമുണ്ടാകാറില്ലെന്നത് വസ്തുതയാണ്. ധാര്‍ഷ്ട്യവും നിസ്സംഗതയും മുഖമുദ്രയായ ഒരു സംവിധാനമാണ് അടിക്കടി തങ്ങളുടെ നഷ്ടം നികത്താന്‍ വിലവര്‍ദ്ധന നടപ്പിലാക്കുന്നത്. പ്രസരണനഷ്ടമുള്‍പ്പെടെയുള്ളവ പരിഹരിക്കുന്നതില്‍ യുക്തിസഹമായ നടപടികള്‍ ബോര്‍ഡ് കൈക്കൊള്ളാറില്ല. പണം മാത്രം മോഹിച്ച് നടത്തുന്ന മുച്ചീട്ടുകളിയാണ് വാസ്തവത്തില്‍ വൈദ്യുതി ബോര്‍ഡ് നടത്തുന്നത്. ജനങ്ങളില്‍നിന്ന് പിടിച്ചുവാങ്ങി കടം നികത്താന്‍ കാണിക്കുന്ന ഉത്സാഹം കടം വരാതിരിക്കാന്‍ എന്തൊക്കെ ശാസ്ത്രീയ സംവിധാനങ്ങള്‍ നടപ്പാക്കണമെന്നതിലേക്ക് കടക്കുന്നില്ല. അതുകൊണ്ടുതന്നെ വൈദ്യുതി ബോര്‍ഡ് വെള്ളാനയായി തടിച്ചുകൊഴുക്കുകയാണ്. വൈദ്യുതി ഉപയോഗിക്കുന്നിടത്തോളം ജനങ്ങളെ കൊള്ളയടിച്ചുകൊണ്ടേയിരിക്കാം എന്ന ഷൈലോക്കിയന്‍ മാതൃകയാണ് അവര്‍ക്ക് പഥ്യം. അവര്‍ക്ക് ചൂട്ടുപിടിക്കാന്‍ റഗുലേറ്ററി കമ്മിഷനും കുടപിടിക്കാന്‍ സര്‍ക്കാരുമുണ്ട്. നിസ്സഹായരായ ജനങ്ങളെ വറചട്ടിയില്‍ നിന്ന് എരിതീയിലേക്കെടുത്തിടാനുള്ള ഈ ഉത്സാഹം ആര് തല്ലിക്കെടുത്തും?