റോഡ് ടാര്‍ ചെയ്തില്ല; കൗണ്‍സിലര്‍ പ്രതിഷേധവുമായി രംഗത്ത്

Tuesday 18 April 2017 10:03 pm IST

തൊടുപുഴ: ക്ഷേത്രം റോഡ് ടാര്‍ ചെയ്യുവാന്‍ കോണ്‍ട്രാക്ടര്‍ മടികാണിക്കുന്നു എന്നാരോപിച്ച് വാര്‍ഡ് കൗണ്‍സിലര്‍ രംഗത്ത്. നഗരസഭയുടെ അമ്പലംവാര്‍ഡ് കൗണ്‍സിലര്‍ കെ ഗോപാലകൃഷ്ണനാണ് ഇന്നലെ ചേര്‍ന്ന കൗണ്‍സിലില്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. രാവിലെ 11ന് ആരംഭിച്ച കൗണ്‍സിലിന്റെ സീറോ ഹവറിലാണ് പ്ലക്കാര്‍ഡുമേന്തി കൗണ്‍സിലര്‍ പ്രതിഷേധിച്ചത്. തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ഉത്സവം നാളെ തുടങ്ങാനിരിക്കെ അമ്പലത്തിന് മുന്നിലൂടെ പോകുന്ന അഞ്ഞൂറ് മീറ്റര്‍ ദൂരം വരുന്ന റോഡാണ് കോണ്‍ട്രാക്റ്റ് ഏറ്റെടുത്ത് മാസങ്ങള്‍ പിന്നിട്ടിട്ടും ടാര്‍ ചെയ്യാതെ കിടക്കുന്നത്. പഴയ ആര്‍ടിഒ ഓഫീസിന് മുന്നില്‍ നിന്നും ആരംഭിച്ച് ക്ഷേത്രത്തിന് സമീപത്തുകൂടി ബൈപ്പാസ് കടന്ന് മൂവാറ്റുപുഴ റോഡില്‍ ചേരുന്ന വഴിയാണ് പാച്ച്‌വര്‍ക്കുപോലും നടത്താതെ കിടക്കുന്നത്. രണ്ട് കോണ്‍ട്രാക്ടര്‍മാരാണ് വര്‍ക്ക് ഏറ്റെടുത്തത്. എന്നാല്‍ ഇതിലൊരാള്‍ പണിചെയ്യുവാന്‍ തയ്യാറാകാതെ വന്നതോടെയാണ് ഉത്സവം തുടങ്ങാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ തനിക്ക് ഇത്തരമൊരു സമരവുമായി മുന്നോട്ട് വരേണ്ടിവന്നതെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു. സംഭവത്തില്‍ അടിയന്തിര നടപടി സ്വീകരിക്കുമെന്നും ബുധനാഴ്ച തന്നെ റോഡ് ടാര്‍ ചെയ്യുമെന്നും കൗണ്‍സില്‍ യോഗത്തെ എ ഇ അറിയിച്ചു. ഇതോടൊപ്പം സിവില്‍ സ്റ്റേഷന് മുന്നിലെ ഹൈമാസ്റ്റ് ലൈറ്റും മാറ്റി സ്ഥാപിക്കാത്തതില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ലൈറ്റ് എത്രയും വേഗം മാറ്റി സ്ഥാപിക്കുമെന്നും എ ഇ വാക്കാലുറപ്പ് നല്‍കിയതായി കൗണ്‍സിലര്‍ പറഞ്ഞു. ബിജെപി കൗണ്‍സിലര്‍മാര്‍ ഗോപാലകൃഷ്ണന്റെ സമരത്തിന് അനുകൂല നിലപാടുമായി ഒപ്പമുണ്ടായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.