ജോസ് കെ മാണി എംപി ട്രെയിന്‍ ഉപരോധിക്കുന്നു

Tuesday 18 April 2017 10:45 pm IST

കോട്ടയം: ഇന്നുമുതല്‍ സര്‍വ്വീസ് ആരംഭിക്കുന്ന പുനലൂര്‍-പാലക്കാട് പാലരുവി എക്സ്പ്രസ്സിന് സ്റ്റോപ്പ് അനുവദിച്ചതില്‍ കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തെ അവഗണിച്ചതില്‍ പ്രതിഷേധിച്ച് ജോസ് കെ മാണി എംപി ഇന്ന് കോട്ടയത്ത് പാലരുവി എക്സ്പ്രസ്സ് ഉപരോധിക്കുന്നു. ഏറ്റുമാനൂര്‍, കുറുപ്പുന്തുറ, വൈക്കം റോഡ്, പിറവം റോഡ്, മുളന്തുരുത്തി എന്നീ സ്റ്റേഷനുകളില്‍ സ്റ്റോപ്പ് അനുവദിക്കണം എന്നാണ് ആവശ്യം. റയില്‍വെ മന്ത്രാലയവുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് പരിഹാരം കാണാത്തതിനാലാണ് എംപി സമരമുഖത്തിറങ്ങുന്നത്. കൂടുതല്‍ യാത്രക്കാരുള്ള കോട്ടയം മുതല്‍ എറണാകുളം വരെയുള്ള പാതയില്‍ കോട്ടയം കഴിഞ്ഞാല്‍ എറണാകുളം നോര്‍ത്ത് സ്റ്റേഷനില്‍ മാത്രമാണ് സ്റ്റോപ്പുള്ളത്. പുനലൂര്‍-പാലക്കാട് പാതയുടെ മൂന്നില്‍ രണ്ട് ഭാഗം ഉള്‍പ്പെടുന്ന കോട്ടയം മുതല്‍ പാലക്കാട് വരെയുള്ള ഭാഗത്ത് 5 സ്റ്റേഷനുകളിലാണ് സ്റ്റോപ്പുള്ളത്. ആകെ 26 സ്റ്റോപ്പുകള്‍ ഉള്ളപ്പോഴാണ്് റയില്‍വെയുടെ ഈ വിവേചനം. കോട്ടയത്തിന് തെക്കുഭാഗത്തേയ്ക്ക് 18 സ്റ്റേഷനുകളില്‍ സ്റ്റോപ്പുണ്ട്. മുളന്തുരുത്തി, പിറവം റോഡ്, വൈക്കം റോഡ്, കുറുപ്പുന്തുറ, ഏറ്റുമാനൂര്‍ എന്നിവ ആദര്‍ശ് സ്റ്റേഷന്റെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളതാണ്. ഈ സ്റ്റേഷനുകളുടെ ആധുനിക നവീകരണം പൂര്‍ത്തിയായി കഴിഞ്ഞതുമാണ്. ഏറ്റുമാനൂര്‍ സ്റ്റേഷന്റെ നവീകരണം നടന്നുവരുകയാണ്. എറണാകുളം മുതല്‍ കുറുപ്പുന്തറവരെയുള്ള ഇരട്ടപ്പാത കമ്മീഷന്‍ ചെയ്യുകയും ഗതാഗതം ഈ മേഖലയില്‍ സുഗമമായി നടന്നുവരുകയുമാണ്. റയില്‍വെ മന്ത്രി സുരേഷ് പ്രഭുവിനും, റയില്‍ ബോര്‍ഡ് മെമ്പര്‍ ട്രാഫിക്ക് ഉള്‍പ്പടെയുള്ള റയില്‍വെ ഉന്നതഉദ്യോഗസ്ഥര്‍ക്ക് അടിയന്തിര സന്ദേശം അയച്ചതായും ജോസ് കെ.മാണി എം.പി അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.