വിളവൂര്‍ക്കലില്‍ ഭരണം വീണ്ടും ബിജെപിക്ക്

Wednesday 19 April 2017 12:11 am IST

പേയാട്: വിളവൂര്‍ക്കല്‍ പഞ്ചായത്തില്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജയം ബിജെപിക്ക്. ഇന്നലെ രാവിലെ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മുന്‍ പ്രസിഡന്റ് വി. അനില്‍കുമാറും, ഉച്ചയ്ക്ക് വൈസ് പ്രസിഡന്റിനായുള്ള വോട്ടെടുപ്പില്‍ ബിജെപിയിലെ ശാലിനിയും തെരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റായിരുന്ന വി.അനില്‍കുമാറിനെതിരെ കോണ്‍ഗ്രസ് ഇടത് കൂട്ടുകെട്ട് അവിശ്വാസം നല്‍കിയാണ് വിളവൂര്‍ക്കലില്‍ ഭരണം മറിച്ചിട്ടത്. കോണ്‍ഗ്രസിനും ബിജെപിക്കും കക്ഷിനില തുല്യമായതിനാല്‍ ഇവിടെ നറുക്കെടുപ്പിലൂടെയായിരുന്നു പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും നിശ്ചയിച്ചിരുന്നത്. പ്രസിഡന്റ് സ്ഥാനം ബിജെപിക്കും വൈസ് പ്രസിഡന്റ് സ്ഥാനം കോണ്‍ഗ്രസിനുമായിരുന്നു. പ്രസിഡന്റിനെതിരെ അവിശ്വാസം കൊണ്ടുവന്നപ്പോള്‍ ബിജെപി വൈസ് പ്രസിഡന്റിനെതിരെയും അവിശ്വാസം നല്‍കി. കോണ്‍ഗ്രസിനൊപ്പം നിന്ന് ബിജെപിയെ താഴെ ഇറക്കാമെന്ന് മോഹിച്ച ഇടതുപക്ഷത്തിന് ഇത് തിരിച്ചടിയായി. ഒടുവില്‍ ഇടത് അംഗങ്ങള്‍ ഇരുവിഭാഗത്തിന്റേയും അവിശ്വാസങ്ങളെ പിന്തുണച്ചു. ഇതോടെയാണ് ഭരണം താഴെവീണതും വീണ്ടും തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയതും . പ്രസിഡന്റ് സ്ഥാനത്തേക്ക് മുന്‍ പ്രസിഡന്റ് അനില്‍കുമാറിനെയും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് പേയാട് വാര്‍ഡ് മെമ്പര്‍ ശാലിനിയെയും ബിജെപി മത്സരിപ്പിച്ചു. ചൂഴാറ്റുകോട്ട വാര്‍ഡംഗം ഗോപാലകൃഷ്ണന്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായും റോസ്‌മേരിയെ വീണ്ടും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും മല്‍സരിപ്പിച്ചു. ഇടതുപക്ഷം പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി സജീന കുമാറിനെയും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് പ്രഭാകുമാരിയെയും മത്സരിപ്പിച്ചു. ബിജെപിക്കും കോണ്‍ഗ്രസിനും ആറ് വോട്ടുവീതവും ഇടതുപക്ഷത്തിന് അഞ്ച് വോട്ടുവീതവും കിട്ടി. രണ്ട് കക്ഷികളിലെ സ്ഥാനാര്‍ത്ഥികള്‍ക്ക് തുല്യ വോട്ട് വന്നതോടെ റിട്ടേണിംഗ് ഓഫീസര്‍ രാജേന്ദ്രന്‍ ആശാരി നറുക്കെടുപ്പിലൂടെ വിജയിയെ നിശ്ചയിക്കുകയെന്ന സാങ്കേതികതയിലേക്ക് നീങ്ങി. നറുക്കെടുപ്പില്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് ബിജെപി പ്രതിനിധികള്‍ വിജയിക്കുകയായിരുന്നു. 17 വാര്‍ഡുള്ള പഞ്ചായത്തില്‍ ബിജെപി ആറ്, കോണ്‍ഗ്രസ് ആറ്, സിപിഎം നാല്, സിപിഐ ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. ഭരണം മറിച്ചിടാന്‍ ഇറങ്ങി പുറപ്പെട്ട കോണ്‍ഗ്രസിന് ഒടുവില്‍ കൈയിലുണ്ടായിരുന്ന വൈസ് പ്രസിഡന്റ് സ്ഥാനംകൂടി നഷ്ടമായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.