കണ്ണശയിലെ ബാല്യങ്ങള്‍ പൂത്താലമേന്തി; മുത്തശ്ശിപ്പാലത്തെ പൂമാല ചൂടിക്കാന്‍

Wednesday 19 April 2017 12:14 am IST

ശിവാകൈലാസ് വിളപ്പില്‍: തെച്ചിയും തുളസിയും ചെമ്പരത്തിയും പൂത്താലത്തില്‍ നിറച്ച് കണ്ണശയിലെ ബാല്യങ്ങള്‍ മാല കോര്‍ത്തു. ഓരോരുത്തരും തങ്ങള്‍ കോര്‍ത്തെടുത്ത ഓരോ മുഴം പൂമാലയുമായി വിദ്യാലയത്തിലേക്ക്. ചെറു പൂമാലകള്‍ ചേര്‍ത്തുകെട്ടി അവരത് വലിയൊരു ഹാരമാക്കി. ശേഷം അദ്ധ്യാപകരെയും ക്ഷണിക്കപ്പെട്ട അതിഥികളേയും കൂട്ടി കുണ്ടമണ്‍കടവ് പാലത്തിനരികിലെത്തി. നൂറ്റാണ്ടിന്റെ ഓര്‍മ്മകള്‍ അയവിറക്കി ചരിത്ര സ്മാരകമായി നിലകൊള്ളുന്ന മുത്തശ്ശി പാലത്തെ അവര്‍ പൂമാല ചൂടിച്ചു. ലോക പൈതൃക ദിനമായ ഇന്നലെ കുണ്ടമണ്‍കടവ് പാലത്തിന് പേയാട് കണ്ണശ മിഷന്‍ ഹൈസ്‌കൂളിലെ കുരുന്നുകളുടെ സ്‌നേഹാദരം. സ്‌കൂളിലെ ചരിത്ര ക്ലബ്ബിന്റെ നേതൃത്വത്തിലായിരുന്നു വേറിട്ട പരിപാടി. 121 വര്‍ഷം പഴക്കമുള്ള തങ്ങളുടെ വിദ്യാലയത്തിന് സമീപത്തെ മുത്തശ്ശി പാലം പൈതൃക ദിനത്തില്‍ ആദരിക്കപ്പെടണമെന്ന് കുട്ടികള്‍ ആഗ്രഹിച്ചു. പഴമയുടെ അടയാളങ്ങളെ നെഞ്ചേറ്റുവാനുള്ള അവരുടെ തീരുമാനത്തിന് സ്‌കൂള്‍ ചെയര്‍മാന്‍ ആനന്ദ് കണ്ണശയും പ്രിന്‍സിപ്പാള്‍ ഡോ. രാജേന്ദ്രബാബുവും പിന്തുണ നല്‍കി. കുട്ടികള്‍ വീട്ടുമുറ്റത്തും തൊടിയിലും പൂത്തുനിന്ന നാടന്‍ പൂക്കള്‍ ശേഖരിച്ച് മാല കോര്‍ത്തു. 'ഒരു മുഴം പൂമാലയില്‍ ഒരു സ്‌നേഹാദരം' എന്ന സന്ദേശം പകര്‍ന്നായിരുന്നു അവര്‍ മുത്തശ്ശി പാലത്തെ വന്ദിക്കാനെത്തിയത്. ഐ.ബി സതീഷ് എംഎല്‍എ, നഗരസഭാ പ്രതിപക്ഷ നേതാവ് ഗിരികുമാര്‍, വിളപ്പില്‍ പഞ്ചായത്ത് പ്രസിഡന്റ് വിജയരാജ്, സെക്രട്ടറി തങ്കരാജ് തുടങ്ങി നിരവധിപേര്‍ കുട്ടിക്കൂട്ടത്തിന്റെ ക്ഷണം സ്വീകരിച്ചെത്തിയിരുന്നു. പാലത്തിന് ചുറ്റും കുന്നുകൂടി കിടന്ന മാലിന്യങ്ങളും വള്ളിപ്പടര്‍പ്പുകളും കുട്ടികള്‍ തന്നെ നീക്കിയതിനു ശേഷമായിരുന്നു മാല ചാര്‍ത്തല്‍. ഇക്കൊല്ലം സ്‌കൂളിലെ ചരിത്ര ക്ലബ്ബ് പൈതൃക വര്‍ഷമായി ആചരിക്കുകയാണെന്ന് വിദ്യാര്‍ത്ഥി പ്രതിനിധി ആദിത്യന്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.