സംഘര്‍ഷങ്ങള്‍ക്ക് കാരണം സാംസ്‌കാരിക അപചയമെന്ന്

Wednesday 19 April 2017 12:21 am IST

കൊച്ചി: സാംസ്‌കാരിക മാനം നഷ്ടപ്പെട്ടതാണ് സംഘര്‍ഷങ്ങള്‍ക്ക് കാരണമാകുന്നതെന്ന് പ്രൊഫ.എം.കെ. സാനു. ഖസാക്കിന്റെ ഇതിഹാസം നാടകാവതരണത്തിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച 'ഇതിഹാസം കൊച്ചിയില്‍' എന്ന സ്മരണികയുടെ പ്രകാശനം ചെയ്തശേഷം സംസാരിക്കുകയായിരുന്നു. ഖസാക്കിന്റെ ഇതിഹാസം കേരളത്തില്‍ വളരെയധികം ബുദ്ധിപരമായ ചലനങ്ങള്‍ സൃഷ്ടിച്ചതിന് പുറമേ അന്നത്തെ തലമുറയിലെ ചെറുപ്പക്കാരെയും ആകര്‍ഷിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു. എറണാകുളം പ്രസ് ക്ലബില്‍ നടന്ന ചടങ്ങില്‍ ആദ്യപ്രതി പ്രൊഫ. എം.കെ. സാനുവില്‍ നിന്ന് സ്മരണികയുടെ ചീഫ് എഡിറ്റര്‍ മദന്‍ ബാബു ഏറ്റുവാങ്ങി. ഒ.വി. വിജയനെയും ഖസാക്കിന്റെ ഇതിഹാസം നോവലിനെയും നാടകാവിഷ്‌കരണത്തെയും കുറിച്ചുള്ള പ്രമുഖരുടെ ഓര്‍മകളും അനുഭവങ്ങളും അടങ്ങുന്നതാണ് സ്മരണിക. ഡോ. എം.ജി.എസ്. നാരായണന്‍, ഒ.വി. വിജയന്റെ സഹോദരിയും കവിയുമായ ഒ.വി. ഉഷ, കെ.എല്‍. മോഹനവര്‍മ, ലാല്‍ ജോസ്, ബിജിബാല്‍, നാടക രംഗത്ത് നിന്ന് ടി.എം. എബ്രഹാം, ചന്ദ്രദാസന്‍, ശശിധരന്‍ നടുവില്‍ തുടങ്ങിയവരുടെ അനുഭവങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഖസാക്കിന്റെ ഇതിഹാസത്തിന് പശ്ചാത്തലമായ പാലക്കാടന്‍ ഗ്രാമം തസ്രാക്കിലൂടെയുള്ള യാത്രാനുഭവവും നാടകത്തെയും നോവലിനെയും ചേര്‍ത്തുവെയ്ക്കുന്ന പഠനവും സ്മരണികയിലുണ്ട്. ദീപന്‍ ശിവരാമന്‍ സംവിധാനം നിര്‍വഹിച്ചിട്ടുള്ള 'ഖസാക്കിന്റെ ഇതിഹാസം' എന്ന നാടകം 21, 22, 23 തീയതികളില്‍ വൈകിട്ട് 6.30 മുതല്‍ തേവര സേക്രഡ് ഹാര്‍ട്ട് കോളേജ് മൈതാനിയിലാണ് അരങ്ങേറുന്നത്. തൃക്കരിപ്പൂരിലെ കെ.എം.കെ. സ്മാരക കലാസമിതിയിലെ അറുപതോളം വരുന്ന അഭിനേതാക്കളാണ് നാടകത്തില്‍ വേഷമിടുന്നത്. നാടകം കാണാനുള്ള ഡോണര്‍ പാസുകള്‍ ംംം.സവമമെസസീരവശ്യശഹ.ശി എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.