ദേശീയ ജൂനി. വോളിക്ക് ഇന്ന് തുടക്കം

Monday 22 May 2017 1:49 am IST

പറവൂര്‍: 43-ാമത് ദേശീയ ജൂനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന് ഇന്ന് പറവൂരില്‍ തുടക്കം. 23 സംസ്ഥാനങ്ങളില്‍ നിന്നുള്ള ആണ്‍കുട്ടികളുടെ ടീമും 20 സംസ്ഥാനങ്ങളില്‍ നിന്നുള്ള പെണ്‍കുട്ടികളുടെ ടീമുകളുമടക്കം 43 ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുക. 39 വര്‍ഷങ്ങള്‍ക്കുശേഷമാണ് പറവൂര്‍ ദേശീയ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന് വേദിയാകുന്നത്. ഇത് മൂന്നാം തവണയാണ് കേരളം ദേശീയ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പിന് വേദിയാകുന്നത്. അഞ്ച് കോര്‍ട്ടുകളിലായാണ് മത്സരങ്ങള്‍. ഇന്നത്തെ ഉദ്ഘാടന മത്സരത്തില്‍ കേരളം ഛത്തീസ്ഗഢിനെ നേരിടും. കേരള പുരുഷ ടീമിനെ കെ. അനുവിന്ദും വനിതാ ടീമിനെ കെ.പി. ഹരിശ്രീയും നയിക്കും. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളാണ് പ്രധാന വേദി. നന്ത്യാട്ടുകുന്നം എസ്എന്‍വി സംസ്‌കൃത ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ആദര്‍ശ് വിദ്യാഭവന്‍ എന്നിവയാണ് മറ്റ് വേദികള്‍. 25 വരെയാണ് മത്സരങ്ങള്‍ നടക്കുന്നത്. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്രധാന വേദിയിലാണ് ക്വാര്‍ട്ടര്‍, സെമി, ഫൈനല്‍ മത്സരങ്ങള്‍. രാവിലെയും വൈകീട്ടുമായാണ് മത്സരങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്. വൈകിട്ട് 3 ന് കച്ചേരിപ്പടിയില്‍ നിന്നും സാംസ്‌കാരിക ഘോഷയാത്ര ആരംഭിക്കും. 7 മണിക്ക് മന്ത്രി എ.സി. മൊയ്തീന്‍ ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന സമ്മേളനത്തില്‍ വി.ഡി. സതീശന്‍ എംഎല്‍എ അദ്ധ്യക്ഷത വഹിക്കും. എസ്. ശര്‍മ്മ എംഎല്‍എ മുഖ്യാഥിതിയായിരിക്കും. നഗരത്തിലെ വിവിധ സ്‌കൂളുകളിലാണ് ടീമംഗങ്ങള്‍ക്ക് താമസമൊരുക്കിയിരിക്കുന്നത്. ഇവര്‍ക്കായി ടൗണ്‍ എല്‍പി സ്‌കൂളില്‍ ഉച്ചഭക്ഷണശാല ഇന്നലെ മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങി. കേരളത്തനിമയുള്ള ഭക്ഷണങ്ങള്‍ക്കു പുറമെ ഉത്തരേന്ത്യന്‍ വിഭവങ്ങളും ഇവിടെ വിളമ്പും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.