ഇടുക്കിക്കപ്പുറവും ലോകമുണ്ട്‌

Thursday 20 April 2017 12:11 pm IST

വിവരവും വിവേകവും ഇല്ലെങ്കിലും മന്ത്രിയാകാം. പ്രത്യേകിച്ച് ഇടതു സര്‍ക്കാരില്‍. അതുകൊണ്ടാണല്ലോ ഇത്തരം മഹാമാതൃകയായ സാക്ഷാല്‍ മണി ആശാനെ മന്ത്രിയാക്കിയത്. മണി ജനകീയനായതുകൊണ്ട് എന്തു മണ്ടത്തരം പറഞ്ഞാലും ജനം സഹിക്കും എന്നാണ് സിപിഎമ്മിന്റെ വിശ്വാസം. പക്ഷേ ജനം മണ്ടന്മാരല്ലല്ലോ. മണി ആശാന്‍ മൂന്നാര്‍ വിഷയത്തില്‍ പറഞ്ഞുകൂട്ടുന്ന പോക്കണംകേടുമുഴുവന്‍ പാര്‍ട്ടിയുടെ ഔദ്യോഗികഭാഷ്യം തന്നെയാണോ എന്നുപോലും ആരെങ്കിലും ശങ്കിച്ചാല്‍ കുറ്റം പറയാനാവില്ല. മണി ആശാന്റെ വണ്‍...റ്റു...ത്രീ...എന്ന അഖില ലോക പ്രശസ്തമായ സൂത്രവാക്യമാണ് കക്ഷിയെ ഇത്ര ജനകീയനാക്കിയതെന്ന് പാര്‍ട്ടിപോലും പറയില്ല. അത്ര കവലച്ചട്ടമ്പിത്തരത്തിലായിരുന്നു പ്രസംഗം. മന്ത്രി ആയപ്പോഴും അതിനു വലിയ മാറ്റമില്ല.ചിന്തയില്‍ പാര്‍ട്ടി പഴയ പരിപ്പുവടയുടേയും കട്ടന്‍ചായയുടേയും കാലത്തായാല്‍ മണി ആശാന്‍ പ്രവര്‍ത്തിയിലും അങ്ങനെ തന്നെയാകും. താന്‍ ജനപ്രതിനിധിയാണെന്നോ മന്ത്രിയാണന്നോ പുള്ളിക്കുതോന്നലില്ലെങ്കില്‍ പിന്നെ എന്തു ചെയ്യും. മണി പറയുന്നതു പാര്‍ട്ടി സുവിശേഷമാണെന്നു കരുതുന്നവര്‍ അതു തിരുത്താനും പോകില്ല. ഒരുത്തന്‍ ഇങ്ങെ നാറാണക്കല്ലു പറിഞ്ഞുപോകുന്നതു കാണാനും ഒരു സുഖമാണല്ലോ ഇങ്ങനെ മണി ആശാനാകാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ആളാണ് പാര്‍ട്ടി എംഎല്‍എ കൂടിയായ എസ്.രാജേന്ദ്രന്‍. കൈവെട്ടും കാലുവെട്ടും എന്നൊക്കെ പാര്‍ട്ടിഭാഷ്യം തന്നെയാണ് കക്ഷിയും കൂവി പഠിക്കുന്നത്. പാര്‍ട്ടിയില്‍ ആളാകണമെങ്കില്‍ ഇത്തരം ചട്ടമ്പിത്തരം വിളിച്ചു കൂവണമെന്നാണ് ഇത്തരം മണ്ടന്മാരൊക്ക ഇന്നും വിശ്വസിക്കുന്നത്. രാജേന്ദ്രന്‍ സര്‍ക്കാര്‍ ഭൂമി കൈയേറിയെന്നു കണ്ടെത്തിയതാണ് സ്വന്തമായി ഹാലിളകാന്‍ കക്ഷിയെ പ്രേരിപ്പിച്ചത്. ജനപ്രതിനിധി സിപിഎംകാരനാണെങ്കില്‍ സര്‍ക്കാരിന്റെ എന്തും കൈയേറാമെന്നായിരിക്കും രാജേന്ദ്രന്റെ അറിവിന്റെ ഉറപ്പ്. ദേവികുളം സബ് കളക്റ്റര്‍ ശ്രീറാം വെങ്കിട്ടരാമനെ തളയ്ക്കാന്‍ പറ്റാത്തതാണ് ഇരു സിങ്കങ്ങളേയും കലിപ്പാക്കുന്നത്. എത്ര കളക്റ്റര്‍മാരെ ഒതുക്കിയ പാര്‍ട്ടിയാണ് നമ്മളെന്ന ഭാവമായിരിക്കും. പക്ഷേ പുതിയ പിള്ളേരല്ലേ,ഇടുക്കിക്കപ്പുറവും ലോകമുണ്ടെന്ന് അറിയാവുന്നവരാണ്. ഒതുങ്ങില്ല.