രാമക്ഷേത്ര നിര്‍മാണവും വിചാരണയും ഒരേസമയം

Thursday 20 April 2017 10:41 am IST

ശ്രീരാമജന്മസ്ഥാനത്ത് വിദേശ അക്രമി ബാബര്‍ കെട്ടിപ്പൊക്കിയ തര്‍ക്കമന്ദിരം നിലംപരിശായിട്ട് കാല്‍നൂറ്റാണ്ടായി. 1992 ഡിസംബര്‍ 6 ന് ലക്ഷക്കണക്കിന് ശ്രീരാമഭക്തരുടെ കര്‍സേവയ്ക്കിടെയാണ് ഏതാണ്ട് 500 വര്‍ഷം പഴക്കമുള്ള ജീര്‍ണിച്ച മന്ദിരം തകര്‍ന്നത്. ഇതിനുപിന്നില്‍ ഗുഢാലോചനയുണ്ടെന്നാരോപിച്ച് അന്ന് പ്രധാനമന്ത്രിയായിരുന്ന പി.വി. നരസിംഹറാവുവിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഗുഢാലോചനക്കേസ് ഉദ്ഭവിച്ചത്. മുതിര്‍ന്ന ബിജെപി നേതാക്കളായ എല്‍.കെ. അദ്വാനി, മുരളീമനോഹര്‍ ജോഷി, കല്യാണ്‍സിംഗ്, ഉമാഭാരതി തുടങ്ങി 13 പേര്‍ക്കെതിരെ സിബിഐ കുറ്റപത്രവും സമര്‍പ്പിച്ചു. ഇത് വിചാരണ ചെയ്യാന്‍തക്ക ഗൗരവമില്ലാത്ത കേസ്സെന്നു 2010 ല്‍ അലഹബാദ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരുന്നു. അതിനെതിരെ സിബിഐ സമര്‍പ്പിച്ച അപ്പീലിലാണ് സുപ്രീംകോടതി വിചാരണ തുടരണമെന്ന് നിര്‍ദ്ദേശിച്ചിരിക്കുന്നത്. സുപ്രീംകോടതി വിധി വന്നപാടെ ആദ്വാനിയുടെ രാഷ്ട്രപതിമോഹം പൊലിഞ്ഞുവെന്നും ഇന്നത്തെ കേന്ദ്രസര്‍ക്കാരിന്റെ ഇച്ഛാനുസരണമാണ് പരമോന്നത കോടതി വിധിയെന്നും ചിലര്‍ നിരീക്ഷിച്ചിരിക്കുകയാണ്. പലരും ധരിച്ചുവച്ചിട്ടുള്ളതുപോലെ മന്ത്രിയും പ്രധാനമന്ത്രിയും രാഷ്ട്രപതിയുമൊക്കെ ആകണമെന്ന് ആഗ്രഹിച്ച് പൊതുരംഗത്തിറങ്ങിയ വ്യക്തിത്വങ്ങളല്ല ഈ കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. വിഭജനകാലത്ത് കറാച്ചിയില്‍ ഉയര്‍ത്തിപ്പിടിച്ച വാളുമായി പിന്നാലെ ഓടിവന്ന നരാധമന്മാരുടെ കണ്ണുവെട്ടിച്ച് ഭാരതത്തിലെത്തിയ യുവാവാണ് അദ്വാനി. പിന്നീട് ആര്‍എസ്എസിലും ജനസംഘത്തിലുമെത്തിയ അദ്വാനിയെത്തേടി പദവികളെത്തുകയായിരുന്നു. സത്യസന്ധതയും ധാര്‍മികതയും രാഷ്ട്രീയത്തില്‍ അനിവാര്യമാണെന്ന് ഉറച്ചുവിശ്വസിച്ച് അതനുസരിച്ച് ജീവിക്കുന്ന വ്യക്തിത്വമാണ് അദ്വാനി. പ്രതിപക്ഷനേതാവായിരിക്കെ കോണ്‍ഗ്രസ് ഉണ്ടാക്കിയ ഹവാലകേസില്‍ തന്റെ പേരുണ്ടെന്ന ആക്ഷേപം വന്നപ്പോള്‍ പ്രതിപക്ഷനേതൃസ്ഥാനം അദ്വാനി രാജിവച്ചു. മാത്രമല്ല, നിരപരാധിയാണെന്ന് തെളിയിച്ച ശേഷമേ രാഷ്ട്രീയത്തിലുള്ളൂ എന്നും പ്രഖ്യാപിച്ച അദ്ദേഹം വാക്കുപാലിച്ചു. തുടര്‍ന്നാണ് കേന്ദ്ര അഭ്യന്തരമന്ത്രിയും ഉപപ്രധാനമന്ത്രിയുമൊക്കെയായത്. ഇന്ന് ബിജെപിയുടെ പരമോന്നത സ്ഥാനമാണ് അദ്വാനിക്ക്. ആരോപണം നിലനിര്‍ത്തി ഒരുസ്ഥാനത്തേക്ക് നിര്‍ദ്ദേശിക്കപ്പെട്ടാലും അത് കണ്ണുമടച്ച് സ്വീകരിക്കുന്ന പ്രകൃതക്കാരനല്ല അദ്വാനി. ജീവിതംതന്നെ രാഷ്ട്രത്തിന് സമര്‍പ്പിച്ച വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്. ഏത് വിചാരണയേയും തന്റേടത്തോടെ നേരിടാനുള്ള ചങ്കൂറ്റം അദ്വാനിക്കും മറ്റ് നേതാക്കള്‍ക്കുമുണ്ട്. ഈ കേസില്‍ സിബിഐ അപ്പീല്‍ പോകുകയും സുപ്രീംകോടതി വിധിവരുകയും ചെയ്തത് എന്‍ഡിഎ സര്‍ക്കാരിന്റെ തൊപ്പിയിലെ തൂവലാണ്. കാരണം കഴിഞ്ഞ ഭരണകാലങ്ങളില്‍ സിബിഐയെ രാഷ്ട്രീയ പ്രതിയോഗികളെ വരുതിയില്‍ നിര്‍ത്താനും ഭീഷണിപ്പെടുത്താനും ഉപയോഗപ്പെടുത്തി. അതുകൊണ്ടുതന്നെ സുപ്രീംകോടതിക്ക് പരിഹസിക്കേണ്ടിവന്നു; 'കൂട്ടിലിട്ട' തത്തയെന്ന്. എന്നാല്‍ ഇന്ന് രാഷ്ട്രീയ ആവശ്യത്തിനായി സിബിഐയെ ഉപയോഗപ്പെടുത്തുന്നില്ല എന്നതിന്റെ ഒന്നാന്തരം തെളിവാണ് സിബിഐയുടെ അപ്പീലും സുപ്രീംകോടതിവിധിയും. ഇനി അയോധ്യയിലെ കാര്യം നോക്കാം. അയോധ്യയില്‍ ഇപ്പോള്‍ ശ്രീരാമക്ഷേത്രമുണ്ട്. അവിടെ ക്ഷേത്രമല്ലാതെ മറ്റൊന്നും ഉയരാന്‍ പോകുന്നില്ല. അതുകൊണ്ടാണല്ലോ സുപ്രീംകോടതിക്കുപോലും രാമക്ഷേത്ര നിര്‍മാണത്തിന് സമവായം ആയിക്കൂടേ എന്ന് ചോദിക്കേണ്ടിവന്നത്. വിക്രമാദിത്യന്റെ കാലത്താണ് അയോധ്യയില്‍ ശ്രീരാമജന്മസ്ഥാനത്ത് ക്ഷേത്രമുയര്‍ന്നത്. മുഗള്‍ചക്രവര്‍ത്തിമാര്‍ അത് നിരന്തരം തകര്‍ക്കാന്‍ ശ്രമിച്ചു. ഒടുവില്‍ ബാബറാണ് ആ കൃത്യം നിര്‍വഹിച്ചത്. നമ്മുടെ രാജ്യത്തിന് തീരാക്കളങ്കമായ അത് മാറ്റിയെടുക്കാന്‍ നിരന്തരസമരം നടന്നു. ലക്ഷക്കണക്കിനാളുകള്‍ മരണപ്പെട്ടു. അവസാനത്തേതാണ് കാല്‍നൂറ്റാണ്ടു മുമ്പു നടന്നത്. കോടതികളില്‍ പതിറ്റാണ്ടുകളായി തുടരുന്ന കേസിന് തുടക്കമിട്ട മുഹമ്മദ് ഹാഷിം അന്‍സാരിപോലും അയോധ്യയില്‍ ശ്രീരാമക്ഷേത്രംതന്നെ ഉയരട്ടെ എന്നാണ് പ്രാര്‍ഥിച്ചത്. ''രാമജന്മഭൂമിയിലെ പള്ളിയുടെ പേരിലുണ്ടായ വിഷയങ്ങളില്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ പ്രവര്‍ത്തിച്ചവരെല്ലാം വലിയ ബംഗ്ലാവുകളില്‍ കഴിയുമ്പോള്‍ ഭഗവാന്‍ രാമന്‍ കൂടാരത്തില്‍ കഴിയുകയാണ്. രാമന്റെ ജന്മസ്ഥാനം സ്വതന്ത്രമാകുന്നത് എനിക്ക് കാണണം. ഡിസംബര്‍ 6ന് ബാബറി മസ്ജിദ് വാര്‍ഷികത്തിന്റെ ഭാഗമായി നടക്കുന്ന പരിപാടികളിലൊന്നും പങ്കെടുക്കില്ല.''ഇതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. സമാജ്‌വാദി പാര്‍ട്ടിയെയും അസംഖാനെയും നിശിതമായി വിമര്‍ശിച്ച അന്‍സാരി, അസംഖാന്‍ ബാബറി വിഷയത്തില്‍ രാഷ്ട്രീയം കളിച്ചെന്നും കുറ്റപ്പെടുത്തുകയുണ്ടായി. ''ബാബറി മസ്ജിദ് ആക്ഷന്‍ കമ്മറ്റി രൂപീകരിച്ചതിനുപിന്നില്‍ അസംഖാനാണ്. മുലായം സിംഗിന്റെ രാഷ്ട്രീയലക്ഷ്യങ്ങള്‍ക്ക് അസംഖാന്‍ കൂട്ടുനിന്ന് പലപ്പോഴും പല നിലപാടുകള്‍ സ്വീകരിച്ചു''- ഇങ്ങനെയാണ് അന്‍സാരി പറഞ്ഞത്. തര്‍ക്കം അവസാനിച്ചെന്നും അയോധ്യയില്‍ ക്ഷേത്രം നിലനില്‍ക്കുന്നുണ്ടെന്നും അസംഖാനും ഒടുവില്‍ സമ്മതിക്കേണ്ടിവന്നു. അരനൂറ്റാണ്ടായി അയോധ്യയിലെ കേസിലെ പ്രധാന പരാതിക്കാരനായിരുന്നു അന്‍സാരി. ഇനി കോടതികളിലേക്കില്ലെന്നും അന്‍സാരി വ്യക്തമാക്കുകയുണ്ടായി. എന്നാല്‍ അയോധ്യക്ക് പുറത്തുള്ള കമ്മ്യൂണിസ്റ്റുകാരടക്കമുള്ള രാഷ്ട്രീയക്കാരും മതതീവ്രവാദികളുമാണ് ക്ഷേത്രനിര്‍മാണത്തെ എതിര്‍ക്കുന്നത്. ആ എതിര്‍പ്പുകള്‍ക്കൊന്നും ഇനി പ്രസക്തിയില്ല. ഗൂഢാലോചനക്കേസില്‍ വിചാരണ നടക്കും; അതോടൊപ്പം യഥാര്‍ഥ ക്ഷേത്രത്തിനായുള്ള പ്രവര്‍ത്തനവും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.