കോഴി വളര്‍ത്തല്‍ : സേവന പദ്ധതികളുമായി വളര്‍ത്തു പക്ഷി ഗവേഷണകേന്ദ്രം

Wednesday 19 April 2017 9:23 pm IST

മണ്ണാര്‍ക്കാട് : വെറ്ററിനറി സര്‍വ്വകലാശാലയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന തിരുവാഴാംകുന്ന് വളര്‍ത്തു പക്ഷി ഗവേഷണ കേന്ദ്രത്തില്‍ നിന്നും കോഴിവളര്‍ത്തല്‍ കര്‍ഷകര്‍ക്ക് ആവശ്യമായ വിവിധ ഉത്പാദനോപാധികളുടെ വിതരണം ഉള്‍പ്പെടെയുള്ള സേവന പദ്ധതികള്‍ ആരംഭിച്ചു. കേന്ദ്രത്തില്‍ പുതുതായി പ്രവര്‍ത്തനം ആരംഭിച്ച കോഴിത്തീറ്റ ഉത്പാദന കേന്ദ്രത്തില്‍ നിന്നും വിവിധ പ്രായത്തിലുള്ള കോഴി, താറാവ്, കാട, എമു, പശുക്കിടാവ് തുടങ്ങിയവക്കുള്ള ഗുണനിലവാരമുള്ള തീറ്റ മുന്‍കൂര്‍ ബുക്കിങ് അനുസരിച്ച് ലഭ്യമാക്കും. കോഴിത്തീറ്റ ഉത്പാദനത്തിനായി വടക്കന്‍ കേരളത്തിലെ ആദ്യ ഫീഡ് മില്ലാണ് സര്‍വ്വകലാശാലയുടെ കീഴില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. സര്‍ക്കാര്‍ ഫാമുകള്‍, എഗ്ഗര്‍ നഴ്‌സറികള്‍, ഇറച്ചിക്കോഴി ഫാമുകള്‍, ഗാര്‍ഹിക കോഴി വളര്‍ത്തല്‍ യൂണിറ്റുകള്‍ എന്നിവക്ക് കേന്ദ്രത്തില്‍ നിന്നും തീറ്റ വിതരണം നടത്തും. വിദേശ ഇനം കോഴികളായ ആസ്‌ട്രോലോര്‍പ്പ്, വൈറ്റ് ലഗൂണ്‍ എന്നിവയുടെ മുതിര്‍ന്ന പൂവന്‍കോഴികളെ കിലോയ്ക്ക് 130 രൂപ നിരക്കില്‍ ലഭ്യമാകും. മുട്ടയിടല്‍ കാലാവധിയുടെ അവസാന ഘട്ടത്തിലുള്ള അതുല്യ പിടക്കോഴികളെ കിലോഗ്രാമിന് 80 രൂപ നിരക്കിലാണ് വില്‍ക്കുന്നത്. ഇതിന് പുറമേ വിവിധ പ്രായത്തിലുള്ള കാടകളേയും മുന്‍കൂര്‍ ബുക്കിങ് പ്രകാരം ലഭിക്കും. വളര്‍ത്തു പക്ഷി ഗവേഷണ കേന്ദ്രത്തോട് അനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന കര്‍ഷക സേവന കേന്ദ്രത്തിലൂടെ കോഴി വളര്‍ത്തല്‍ മേഖലയിലെ വിവിധ വിഷയങ്ങളെ അധികരിച്ചുള്ള പരിശീലന പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. കേന്ദ്രത്തിലെ സേവനങ്ങളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് 04924208206, 9497111671 നമ്പറുകളില്‍ ബന്ധപ്പെടുക.