കാട്ടാനശല്യത്തിന്റെ പേരില്‍ ആറളം ഫാം സ്വകാര്യവ്യക്തികള്‍ക്ക് കൈമാറാന്‍ നീക്കം

Wednesday 19 April 2017 9:33 pm IST

കണ്ണൂര്‍: സ്റ്റേറ്റ്ഫാമിങ് കോര്‍പറേഷന്റെ ആറളം ഫാം കാട്ടാനശല്യത്തിന്റെ പേരില്‍ സ്വകാര്യ വ്യക്തികള്‍ക്ക് കൈമാറാന്‍ നീക്കം. നിരന്തരമായുണ്ടാകുന്ന കാട്ടാനകളുടെ ആക്രമണത്തില്‍ നിന്ന് വനവാസികളെ രക്ഷിക്കാനെന്ന പേരിലാണ് പൈനാപ്പിള്‍ കൃഷി ആരംഭിക്കാന്‍ സ്വകാര്യ വ്യക്തികള്‍ക്ക് സ്ഥലം കൈമാറുന്നത്. വനവാസികള്‍ക്ക് പതിച്ച് നല്‍കിയ ഭൂമിയില്‍ കാട് വെട്ടിത്തെളിച്ച് പൈനാപ്പിള്‍ കൃഷി ആരംഭിക്കാന്‍ കഴിഞ്ഞ ദിവസം ജില്ലാ ഭരണകൂടം തത്വത്തില്‍ തീരുമാനിച്ചിരുന്നു. വിവിധ സംഘടനകളും ഫാമില്‍ താമസിക്കുന്നവരും രംഗത്ത് വന്നെങ്കിലും തീരുമാനവുമായി മുന്നോട്ട് പോകാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. ആറളം പുനരധിവാസ മേഖലയോട് ചേര്‍ന്ന് ആനവേലി കെട്ടി സംരക്ഷിക്കുന്നതിന് പകരം പൈനാപ്പിള്‍ കൃഷി ചെയ്യുന്നത് അശാസ്ത്രീയമാണെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തന്നെ സമ്മതിക്കുന്നു. കൈതച്ചക്ക പാകമാകുന്നതോടെ മണം പിടിച്ച് ആനകള്‍ കൂട്ടത്തോടെ ജനവാസ കേന്ദ്രത്തിലെത്താനാണ് സാധ്യത. ആനവേലി കെട്ടാന്‍ ബാക്കിയുള്ള ഭാഗത്തു കൂടിയാണ് കാട്ടാനകള്‍ ജനവാസകേന്ദ്രത്തില്‍ പ്രവേശിക്കുന്നത്. കഴിഞ്ഞ വര്‍ഷം നാലുപേര്‍ക്ക് കാട്ടാനകളുടെ ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. കാട്ടാനകള്‍ വീടുകള്‍ നശിപ്പിച്ചു. ആറളം ഫാമിലെ പൈനാപ്പിള്‍ കൃഷി വനവാസികളുടെ ശക്തമായ സമരത്തെ തുടര്‍ന്നാണ് മുമ്പ് നിര്‍ത്തിയത്. 2014 ല്‍ ആറുമാസത്തോളം നില്‍പ് സമരം നടത്തിയിരുന്നു. കരാര്‍ കാലാവധി അവസാനിക്കുന്ന മുറയ്ക്ക് കൃഷി നിര്‍ത്തലാക്കുമെന്ന് ജില്ലാ ഭരണകൂടം നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സമരം അവസാനിപ്പിച്ചത്. ഫാമിലെ പൈനാപ്പിള്‍ കൃഷിയില്‍ 1500 ഏക്കറോളം ഏക്കര്‍ അനധികൃത കയ്യേറ്റമാണെന്ന് ആരോപണമുയര്‍ന്നിരുന്നു. മാത്യു ജോണ്‍ (വടക്കേ കുടിയില്‍ ഹൗസ്, വാഴക്കുളം), ഡി.മോഹന്‍ (ഗോപാലയില്‍ ഹൗസ്, വെങ്ങാലൂര്‍ തൊടുപുഴ) എന്നിവരുടെ പേരിലായിരുന്നു പാട്ടക്കരാര്‍. കൃഷിക്കായി ഉപയോഗിക്കുന്ന, ജനിതക വൈകല്യമുണ്ടാക്കുന്ന എത്തിഫോണിന്റെയും മറ്റ് രാസമാലിന്യങ്ങളുടെയും പ്രയോഗം എന്‍ഡോസള്‍ഫാന്‍ ദുരന്തം പോലുള്ള അപകടം വിളിച്ച് വരുത്തുമെന്ന ആശങ്കയുമുണ്ട്. കുടിവെള്ളവും മലിനപ്പെടും. ജില്ലാ ഭരണ കൂടത്തിന്റെ നീക്കത്തിനെതിരെ ശക്തമായ സമരവുമായി രംഗത്തിറങ്ങാനാണ് സംഘടനകളുടെ നീക്കം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.