സര്‍ക്കാര്‍ ഒത്തുകളിച്ചു; അഞ്ച് ബിയര്‍, വൈന്‍ ഹോട്ടലുകള്‍ തുറക്കാന്‍ അനുമതി

Wednesday 19 April 2017 9:36 pm IST

തിരുവനന്തപുരം: സര്‍ക്കാര്‍ ഒത്തുകളിച്ചതോടെ തിരുവനന്തപുരം ജില്ലയിലെ അഞ്ച് ബിയര്‍, വൈന്‍ ഹോട്ടലുകള്‍ തുറക്കാന്‍ ഹൈക്കോടതിയുടെ അനുമതി. കഴക്കൂട്ടം - തമ്പാനൂര്‍ വഴി കന്യാകുമാരിയിലേക്ക് പോകുന്ന എന്‍എച്ച് 60ന് സമീപത്തുള്ള അഞ്ച് ബാര്‍ ഹോട്ടലുകള്‍ തുറക്കാനാണ് ഹൈക്കോടതി അനുമതി നല്‍കിയത്. ഈ പാത ജില്ലാ പാതയാണെന്ന ഹോട്ടലുടമകളുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. പാപ്പനംകോട് വൈറ്റ് ദാമര്‍, മൗര്യ രാജധാനി, ചാണക്യ, ഡേവിയേഴ്‌സ് ഹോട്ടല്‍, നെയ്യാറ്റിന്‍കര എംവീസ് ടൂറിസ്റ്റ് ഹോം എന്നിവയാണ് അനുമതി നേടിയത്. ഈ പാതയില്‍ നിലവില്‍ 24 ബിയര്‍, വൈന്‍ ഹോട്ടലുകളും മസ്‌കറ്റ് ഹോട്ടല്‍, ചൈത്രം, കെടിഡിസി എന്നിങ്ങനെ മൂന്നു സര്‍ക്കാര്‍ ഹോട്ടലുകളും ചില്ലറ വില്പനശാലകളുമുണ്ട്. നിലവിലെ കോടതിവിധിയുടെ പശ്ചാത്തലത്തില്‍ വരുംദിവസങ്ങളില്‍ ഈ സ്ഥാപനങ്ങളും അനുകൂല ഉത്തരവ് നേടും. ബോംബെ പനവേലില്‍നിന്ന് ആരംഭിച്ച് കര്‍ണാടക വഴി കേരളത്തിലെത്തുന്ന എന്‍എച്ച് 66 കാസര്‍കോട്, എറണാകുളം തിരുവനന്തപുരം വഴി കന്യാകുമാരിയില്‍ അവസാനിക്കും. തിരുവനന്തപുരം ജില്ലയില്‍ ഇത് കടന്നുപോകുന്നത് കഴക്കൂട്ടം, കേശവദാസപുരം, സെക്രട്ടേറിയറ്റ്, തമ്പാനൂര്‍, കളിയിക്കാവിള വഴി യാണ്. കഴക്കൂട്ടത്തുനിന്ന് ടെക്‌നോപാര്‍ക്കിനുമുന്നിലൂടെയുള്ള കാരോട് ബൈപ്പാസും കന്യാകുമാരിയിലേക്കാണ് പോകുന്നത്. ഒരേ സ്ഥലത്തേക്ക് രണ്ട് ദേശീയപാതകള്‍ പാടില്ലെന്ന് ദേശീയ ഹൈവേ അതോറിറ്റി ഉത്തരവുണ്ട്. ഇത് മനസ്സിലാക്കിയ ബാര്‍ ഉടമകളുടെ അസോസിയേഷന്‍ സര്‍ക്കാരിലെ ഉന്നതരുടെ അറിവോടെ കഴക്കൂട്ടം- കാരോട് ബൈപ്പാസ് ദേശീയപാതയായി വിജ്ഞാപനം ചെയ്യണമെന്ന് സര്‍ക്കാരിന് അപേക്ഷ നല്‍കി. ഇതോടെ കാരോട് ബൈപ്പാസ് ദേശീയപാതയായി വിജ്ഞാപനം ചെയ്താണ് പണി തുടങ്ങിയതെന്ന് രേഖാമൂലമുള്ള അറിയിപ്പും അസോസിയേഷന് സര്‍ക്കാര്‍ കൈമാറി. ഈ രേഖകളും ചേര്‍ത്ത് ബാര്‍ ഹോട്ടലുടമമകള്‍ ഹൈക്കോടതിയിലെത്തി അനുകൂല ഉത്തരവ് നേടി. ദേശീയപാത സംബന്ധിച്ച കാര്യത്തില്‍ ബാറുടമകളുടെ വാദത്തെ എതിര്‍ക്കേണ്ട എന്നാണ് സര്‍ക്കാര്‍ നിലപാട്. കഴിഞ്ഞദിവസം തൊടുപുഴയിലെ അഞ്ച് ബാറുകള്‍ കോടതി വിധി നേടി തുറന്നിരുന്നു. വരും ദിവസങ്ങളില്‍ എന്‍എച്ച് 66 കടന്നുപോകുന്നതിനു സമീപമുള്ള ജില്ലയിലെ മറ്റു ബിയര്‍, വൈന്‍ ഹോട്ടലുകളും കോടതിയെ സമീപിച്ചേക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.