വനവാസി പുനരുദ്ധാരണം: കേന്ദ്രനിയമവും പദ്ധതികളും അട്ടിമറിക്കുന്നു-ഗിരീഷ് കുബേര്‍

Sunday 21 May 2017 9:05 pm IST

വിവിധ ആവശ്യങ്ങളുന്നയിച്ച് വനവാസി അവകാശ സംരക്ഷണ സമിതി സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ വനവാസി കല്യാണ്‍ ആശ്രമം അഖില ഭാരതീയ ഹിതരക്ഷാ പ്രമുഖ് ഗിരീഷ് കുബേര്‍ മുഖ്യപ്രഭാഷണം നടത്തുന്നു. കേരള വനവാസി വികാസ കേന്ദ്രം രക്ഷാധികാരി പള്ളിയറ രാമന്‍ സമീപം

തിരുവനന്തപുരം: വനവാസികളെ സംരക്ഷിക്കാനും പുനരുദ്ധരിക്കാനുമായി കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന നിയമങ്ങളും പദ്ധതികളും ഉദ്യോഗസ്ഥര്‍ അട്ടിമറിക്കുകയാണെന്ന് അഖില ഭാരതീയ വനവാസി കല്യാണ്‍ ആശ്രമം ഹിതരക്ഷാ പ്രമുഖ് ഗിരീഷ് കുബേര്‍. വനവാസികളുടെ നിയമപരമായ അവകാശങ്ങള്‍ പോലും നിഷേധിക്കുകയാണ്. അന്യാധീനപ്പെട്ട ഭൂമി തിരിച്ചുനല്‍കുക, വനവാസി ക്ഷേത്രങ്ങള്‍ക്കു നേരെയുള്ള കയ്യേറ്റം തടയുക, വനാവകാശനിയമവും പെസയും പൂര്‍ണമായി നടപ്പാക്കുക, അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് വനവാസി അവകാശ സംരക്ഷണ സമിതി സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

വനഭൂമി അവരില്‍ നിക്ഷിപ്തമാക്കണം. വനഭൂമിയുടെ യഥാര്‍ഥ അവകാശം വനവാസികളുടെ പേരില്‍ നല്‍കണം. വനവിഭവങ്ങള്‍ ശേഖരിച്ചും കാടിനുള്ളില്‍ കൃഷി ചെയ്തും തങ്ങളുടെ ആചാരാനുഷ്ഠാനങ്ങള്‍ നിലനിര്‍ത്തിയും ജീവിക്കാന്‍ അവരെ അനുവദിക്കണം. അവരുടെ ആചാരാനുഷ്ഠാനങ്ങളും കൃഷി സമ്പ്രദായവും പുനഃസ്ഥാപിക്കണം.  കേരള വനവാസി വികാസകേന്ദ്രം രക്ഷാധികാരി പള്ളിയറ രാമന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. വനവാസികളെ പീഡിപ്പിക്കുന്നതിലും അവരുടെ ആനുകൂല്യങ്ങള്‍ തട്ടിയെടുക്കുന്നതിലും കേരളത്തിലെ എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികള്‍ ചേട്ടാനുജന്മാരാണെന്ന് പള്ളിയറ രാമന്‍ പറഞ്ഞു.

വിദ്യാഭ്യാസ സംരക്ഷണ സമിതി പ്രമുഖ് രാമനുണ്ണി സംസാരിച്ചു. നേതാക്കളായ സി.കെ. രാജശേഖരന്‍, പി. കൃഷ്ണന്‍, എം. രാമചന്ദ്രന്‍, കെ. കുമാരന്‍, കെ. സുബ്രഹ്മണ്യന്‍, സുനന്ദ, റ്റി.ഐ. ലീല എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍, പട്ടികവര്‍ഗ മന്ത്രി എ.കെ. ബാലന്‍, വനം മന്ത്രി അഡ്വ കെ. രാജു എന്നിവര്‍ക്ക് നിവേദനം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.