റവന്യൂ റിക്കവറി : 30 കോടി സമാഹരിച്ചു

Wednesday 19 April 2017 9:39 pm IST

ഇടുക്കി: റവന്യൂ റിക്കവറി പിരിവില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ജില്ലക്ക് മികച്ച നേട്ടം. റിക്കവറി ഇനത്തില്‍ പിരിച്ചെടുക്കാവുന്ന തുകയുടെ 91.04 ശതമാനം തുക സമാഹരിച്ചാണ് ജില്ല മികച്ച നേട്ടം കൈവരിച്ചത്. ആകെ 31,76,36,357 രൂപ പിരിച്ചെടുക്കാന്‍ ലക്ഷ്യമിട്ടതില്‍ 30,42,20,967 രൂപ സമാഹരിച്ചാണ് ശ്രദ്ധേയമായ നേട്ടം കൈവരിച്ചത്. കാര്‍ഷിക മേഖലയിലെ പ്രതിസന്ധികളെത്തുടര്‍ന്ന് കാര്‍ഷിക, വിദ്യാഭ്യാസ വായ്പ തിരിച്ചടവില്‍ മോറട്ടോറിയം തുടരുന്നതിനിടയിലും സാമ്പത്തിക പ്രയാസങ്ങള്‍ക്കും കറന്‍സി നിരോധനത്തിനിടയിലും ജില്ലയിലെ എല്ലാ താലൂക്കുകളിലും റവന്യൂ റിക്കവറി രംഗത്ത് 90 ശതമാനത്തിലധികം നേട്ടം ഉണ്ടായി. കുടിശ്ശിഖ പിരിവില്‍ ജില്ലയിലാകമാനം മുന്‍വര്‍ഷത്തെ 86.31 ശതമാനത്തില്‍ നിന്നും 91.04 ശതമാനമായി വളര്‍ച്ച നേടി. മൊത്തം 3,00,83,297 രൂപയാണ് അധികമായി സമാഹരിക്കാനായത്. കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാകളക്ടര്‍ ജി.ആര്‍ ഗോകുലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന റവന്യൂ കോണ്‍ഫറന്‍സില്‍ റവന്യൂ റിക്കവറി ഡെപ്യൂട്ടി കളക്ടര്‍ പി.ജി സഞ്ജയനാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം റവന്യൂ റിക്കവറി സംബന്ധിച്ച കണക്കുകള്‍ അവതരിപ്പിച്ചത്. സാമ്പത്തിക വര്‍ഷാവസാനം ഒന്നിച്ച് തുക പിരിച്ചെടുക്കുന്ന രീതിക്ക് പകരം റവന്യൂ പിരിവില്‍ ഓരോ മാസവും 10 ശതമാനം വര്‍ദ്ധന കൈവരിക്കുംവിധം ക്രമാനുഗതമായ രീതി അവലംബിക്കണമെന്ന് കളക്ടര്‍ നിര്‍ദ്ദേശിച്ചു. ഇതിലൂടെ റവന്യൂ പിരിവ് പൂര്‍ണ്ണമായി പിരിച്ചെടുക്കുന്നതിനും സാമ്പത്തിക വര്‍ഷാവസാനത്തെ ജോലിഭാരം കുറയ്ക്കുന്നതിനും കഴിയും. ഒരു കോടി രൂപയിലധികം റവന്യൂ റിക്കവറി പിരിവ് നടത്തിയ കട്ടപ്പന വില്ലേജ് ഓഫീസര്‍ ജയ്‌സണ്‍ ജോര്‍ജ്ജ്, തങ്കമണി വില്ലേജ് ഓഫീസര്‍ സജി മാത്യു എന്നിവരെ കളക്ടര്‍ അനുമോദിച്ചു. ഇരുവര്‍ക്കും കളക്ടര്‍ ഉപഹാരവും നല്‍കി. കട്ടപ്പന വില്ലേജില്‍ നിന്നും 2,36,49,428 രൂപയും തങ്കമണി വില്ലേജില്‍ നിന്നും 1,64,12,537 രൂപയുമാണ് റവന്യൂ റിക്കവറിയായി പിരിച്ചെടുത്തത്. യോഗത്തില്‍ എ.ഡി.എം കെ.കെ.ആര്‍ പ്രസാദ്, ദേവികുളം സബ്കളക്ടര്‍ ഡോ.വി. ശ്രീറാം വെങ്കിട്ടരാമന്‍, ഡെപ്യൂട്ടി കളക്ടര്‍മാരായ പി.ജി. രാധാകൃഷ്ണന്‍, ടി.ജി.സജീവ്കുമാര്‍, ഷീലാദേവി, അഡീഷണല്‍ തഹസീല്‍ദാര്‍മാര്‍, ഡെപ്യൂട്ടി തഹസീല്‍ദാര്‍മാര്‍, വില്ലേജ് ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.