കഞ്ചാവ് കടത്തിയ രണ്ട് പേര്‍ പിടിയില്‍

Wednesday 19 April 2017 9:39 pm IST

കട്ടപ്പന/ നെടുങ്കണ്ടം : വില്‍പ്പനയ്ക്കായി തമിഴ്‌നാട്ടില്‍ നിന്നും കടത്തിക്കൊണ്ടുവന്ന രണ്ടുകിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍. നെടുങ്കണ്ടം  മഞ്ഞപ്പെട്ടി സ്വദേശി പുന്നക്കാട്ടില്‍ ജോസ് ജോസഫ് ആണ്  എക്‌സൈസിന്റെ പിടിയിലായത്. ചൊവ്വാഴ്ച രാത്രി വാഹന പരിശോധന നടത്തവേ കമ്പത്തുനിന്നും കട്ടപ്പന ബസില്‍ വന്ന ജോസ് കമ്പംമെട്ട് ചെക്ക് പോസ്റ്റില്‍ ഇറങ്ങി നെടുങ്കണ്ടം റൂട്ടിലേക്കു പോകവെയാണ് കമ്പംമെട്ട് എക്‌സൈസ് സംഘം ഇയാളെ  പിടികൂടിയത്. മഞ്ഞപ്പെട്ടി ജോസ് എന്ന് വിളിക്കുന്ന  ഇദ്ദേഹം  മുന്‍പ് വിവിധ വകുപ്പുകളിലായി പതിനഞ്ചോളം  കേസുകളിലും,നാല് കഞ്ചാവ് കേസുകളിലും പ്രതിയാണ്. കഴിഞ്ഞ മാര്‍ച്ച്  ഒന്നാംതീയതി കുമളി ചെക്ക് പോസ്റ്റില്‍ നിന്നും   കഞ്ചാവുമായി ഇദ്ദേഹത്തെ പിടികൂടിയിരുന്നു. എക്‌സൈസ്    ഇന്‍സ്‌പെക്ടര്‍ ജിജി ഐപ്പ് മാത്യു,  എ ജോണ്‍സണ്‍, റെജി ജോര്‍ജ്, രാജ് കുമാര്‍, റ്റി എ അനീഷ്, ഗോകുല്‍ ആര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ  പിടികൂടിയത്. കുമളി എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ ഇന്നലെ രാവിലെ നടത്തിയ പരിശോധനയില്‍ 420ഗ്രാം കഞ്ചാവുമായി ഒരാള്‍ പിടിയില്‍. ഫോര്‍ട്ടുകൊച്ചി കല്‍വാത്തി കുരുവിക്കാട്ട് വീട്ടില്‍ അനൂപ്(37)ആണ് പിടിയിലായത്. കമ്പത്ത് നിന്നും കഞ്ചാവ് വാങ്ങി കൊച്ചിയില്‍ ചില്ലറ വില്‍പ്പനയ്ക്കായി കൊണ്ടുവരുന്ന വഴിയാണ് പ്രതി പിടിയിലാവുന്നത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഇ പി സിബി, പ്രിവന്റീവ് ഓഫീസര്‍മാരായ ഷാഫി അരവിന്ദാക്ഷന്‍, വിപിന്‍ കുമാര്‍ വി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അസീസ് കെ എസ്,  എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.