അദ്വാനി, ജോഷി വിചാരണ നേരിടണം

Wednesday 19 April 2017 10:44 pm IST

ന്യൂദല്‍ഹി: അയോധ്യക്കേസില്‍ പതിനാലു പേര്‍ക്കെതിരെ ഗൂഢാലോചനക്കുറ്റം പുനഃസ്ഥാപിച്ച് സുപ്രീംകോടതി ഉത്തരവ്. റായ്ബറേലിയിലെയും ലക്‌നൗവിലെയും കേസുകള്‍ ഒരുമിച്ച് ഒരു കോടതിയില്‍ വിചാരണ നടത്തണമെന്നും വാദം രണ്ടു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കി വിധി പറയണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. ബിജെപി മുന്‍ ദേശീയ അധ്യക്ഷന്മാരായ എല്‍.കെ. അദ്വാനി, മുരളീ മനോഹര്‍ ജോഷി, കേന്ദ്രമന്ത്രി ഉമാഭാരതി, രാജസ്ഥാന്‍ ഗവര്‍ണറും മുന്‍ യുപി മുഖ്യമന്ത്രിയുമായ കല്യാണ്‍സിങ്, വിനയ് കത്യാര്‍ എംപി തുടങ്ങി പതിനാലു പേര്‍ക്കെതിരായ കുറ്റമാണ് വീണ്ടും ചുമത്തിയത്. റായ്ബറേലിയെയും ലക്‌നൗവിലെയും കേസുകള്‍ ഒന്നിച്ച് ലക്‌നൗ കോടതിയില്‍ വിചാരണ നടത്തണമെന്നും ജസ്റ്റിസുമാരായ പി.സി. ഘോഷ്, റോഹിങ്ടണ്‍ നരിമാന്‍ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. 1992ല്‍ അയോധ്യയിലെ തര്‍ക്കമന്ദിരം തകര്‍ത്തതില്‍ ഗൂഢാലോചനയുണ്ടെന്നായിരുന്നു സിബിഐയുടെ കേസ്. അദ്വാനിയും ജോഷിയുമുള്‍പ്പെടുള്ളവര്‍ക്കെതിരായ ഗൂഢാലോചനക്കുറ്റം നിലനില്‍ക്കില്ലെന്ന 2010ലെ അലഹബാദ് ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സിബിഐ നല്‍കിയ ഹര്‍ജി അംഗീകരിച്ചാണ് സുപ്രീംകോടതി വിധി. ഗവര്‍ണറായതിനാല്‍ ഭരണഘടനയുടെ 361-ാം അനുഛേദ പ്രകാരമുള്ള നിയമ പരിരക്ഷയുള്ളതിനാല്‍ കല്യാണ്‍ സിങ്ങിന്റെ വിചാരണ നടപടികള്‍ തല്‍ക്കാലത്തേക്ക് ഒഴിവാക്കി. അദ്ദേഹം ഗവര്‍ണര്‍ സ്ഥാനത്തു നിന്നു മാറിയ ശേഷം നടപടികള്‍ പുനരാരംഭിക്കാനും കോടതി സിബിഐക്ക് നിര്‍ദ്ദേശം നല്‍കി. റായ്ബറേലി കോടതി പരിഗണിച്ചിരുന്ന കേസുകള്‍ നാലാഴ്ചയ്ക്കകം ലക്‌നൗ കോടതിയിലേക്ക് മാറ്റും. നിരന്തരം വിചാരണ നടത്തണം. രണ്ടു വര്‍ഷത്തിനകം വിചാരണ പൂര്‍ത്തീകരിക്കണം. ഇക്കാലയളവില്‍ ജഡ്ജിയെ മാറ്റരുത്. ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളില്‍ മാത്രമേ വിചാരണ നടപടികള്‍ മാറ്റിവെയ്ക്കാവൂ എന്നീ നിര്‍ദ്ദേശങ്ങളും സുപ്രീംകോടതി ഉത്തരവിലുണ്ട്. റായ്ബറേലി മജിസ്‌ട്രേറ്റ് കോടതിയിലെയും ലക്‌നൗ സെഷന്‍സ് കോടതിയിലെയും കേസുകള്‍ ഒരുമിച്ച് വിചാരണ നടത്തുന്നത് പ്രതികളുടെ അപ്പീല്‍ നല്‍കാനുള്ള അവകാശത്തിന്റെ ലംഘനമാണെന്ന് അദ്വാനി അടക്കമുള്ളവര്‍ വാദിച്ചു. എന്നാല്‍, രണ്ടു കേസുകള്‍ക്കും അടിസ്ഥാനമായത് ഒരേ സംഭവമായതിനാല്‍ ഒരുമിച്ച് വിചാരണ ആവാമെന്നാണ് സുപ്രീംകോടതി സ്വീകരിച്ച നിലപാട്. വിചാരണ നേരിടാന്‍ സന്നദ്ധമാണെന്ന് അദ്വാനിയും ജോഷിയും നേരത്തെ സുപ്രീംകോടതിയെ അറിയിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.