തെരുവുവിളക്ക് കരാര്‍ റദ്ദാക്കണമെന്ന് ബിജെപി

Sunday 21 May 2017 9:25 pm IST

കോഴിക്കോട്: കോര്‍പ്പറേഷന്‍ പുറപ്പെടുവിച്ച താല്‍പര്യപത്രത്തിന് വിരുദ്ധമായി ഒപ്പിട്ട തെരുവുവിളക്ക് കരാര്‍ റദ്ദാക്കണമെന്ന ആവശ്യം തള്ളിയതിനെത്തുടര്‍ന്ന് ബിജെപി കൗണ്‍സിലര്‍മാര്‍ കൗണ്‍സില്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. ഇന്നലെ ചേര്‍ന്ന കൗണ്‍സില്‍ യോഗമാണ് പ്രതിപക്ഷ കൗണ്‍സിലര്‍മാരുടെ കനത്ത പ്രതിഷേധത്തിന് വേദിയായത്. തെരുവുവിളക്ക് കരാര്‍ തയ്യാറാക്കുന്നതില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള നടപടി സംബന്ധിച്ച റി പ്പോര്‍ട്ട് സഭയില്‍ അവതരിപ്പിച്ചതിനെത്തുടര്‍ന്നാണ് ബിജെപി കൗണ്‍സിലര്‍മാര്‍ ഇറങ്ങിപ്പോയത്. കരാര്‍ റദ്ദാക്കാന്‍ തയ്യാറാകണമെന്നും ഉദ്യോഗസ്ഥരെ മാത്രം പഴിചാരിയുള്ള നടപടി അംഗീകരിക്കാനാകിലെന്നും കൗണ്‍ സില്‍ പാര്‍ട്ടി ലീഡര്‍ നമ്പിടി നാരായണന്‍ പറഞ്ഞു. കരാര്‍ റദ്ദാക്കാനാകില്ലെന്നായിരുന്നു മേയറുടെ മറുപടി. ഇതില്‍ പ്രതിഷേധിച്ച് ബിജെപി കൗണ്‍സിലര്‍മാര്‍ ഇറങ്ങിപ്പോയി. തൊട്ടുപിന്നാലെ കരാര്‍ റദ്ദാക്കണമെന്ന ആവശ്യമുന്നയിച്ച് യുഡിഎഫ് കൗണ്‍സിലര്‍മാരും ഇറങ്ങിപ്പോയി. തുടക്കം മുതല്‍ ഇന്നലത്തെ കൗണ്‍സില്‍ യോഗം ബഹളമയമായിരുന്നു. യോഗം ആരംഭിച്ചയുടന്‍ വിവാദമായ തെരുവുവിളക്ക് കരാര്‍ വിഷയത്തില്‍ കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ സ്വീകരിച്ച നടപടികളുടെ റിപ്പോര്‍ട്ട് അവതരിപ്പിക്കാന്‍ മേയര്‍, സെക്രട്ടറി മൃണ്‍മയി ജോഷിയോട് ആവശ്യപ്പെടുകയായിരുന്നു. ആദ്യം അടിയന്തിര പ്രമേയം അവതരിപ്പിക്കണമെന്ന് യുഡിഎഫിലെ സി. അബ്ദുറഹിമാനും ബിജെപിയിലെ നമ്പിടി നാരായണനും ആവശ്യപ്പെട്ടു. ഇതിനെതിരെ ഭരണപക്ഷ അംഗങ്ങള്‍ രംഗത്തുവന്നു. ബഹളത്തിനിടയില്‍ മേയര്‍ സെക്രട്ടറിയോട് റിപ്പോര്‍ട്ട് അവതരിപ്പിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. സെക്രട്ടറി റിപ്പോര്‍ട്ട് വായിച്ച ശേഷം റിപ്പോര്‍ട്ടിന്റെ കോപ്പി വിതരണം ചെയ്യണമെന്ന് സി. അബ്ദുറഹിമാന്‍ ആവശ്യപ്പെട്ടത് വീണ്ടും ബഹളത്തിന് ഇടയാക്കി. സെക്രട്ടറിയെ ഭീഷണിപ്പെടുത്തുന്ന രീതിയിലാണ് സി. അബ്ദുഹിമാന്‍ റിപ്പോര്‍ട്ടിന്റെ കോപ്പി ആവശ്യപ്പെട്ടതെന്ന് ആരോപിച്ച് സിപിഎം അംഗങ്ങള്‍ രംഗത്തെത്തി. നടപടി ക്രമങ്ങളുടെ ഭാഗമായി റിപ്പോര്‍ട്ടി ന്റെ കോപ്പി വിതരണം ചെയ്യണമെന്ന് ബിജെപി കൗണ്‍സിലര്‍മാരും ആവശ്യപ്പെട്ടു. ഇതിനിടെ കോണ്‍ഗ്ര സ് കൗണ്‍സി ലര്‍ അഡ്വ. പി.എം. നിയാസ് മേയറെ അപമാനിക്കുന്ന രീതിയില്‍ സംസാരിച്ചെന്ന ആരോപണവുമായി സിപിഎം അംഗങ്ങള്‍ രംഗത്ത് എത്തിയതോടെ ബഹളം രൂക്ഷമായി. തുടര്‍ന്ന് സഭം നിര്‍ ത്തിവെക്കുന്നതായി മേയര്‍ അറിയിച്ചു. മുക്കാല്‍ മണിക്കൂറിന് ശേഷമാണ് സഭ വീണ്ടും തുടങ്ങിയത്. അഡ്വ. പി.എം. നിയാസ് മാപ്പുപറയണമെന്ന ആവശ്യവുമായി സിപിഎം അംഗങ്ങള്‍ രംഗത്തെത്തി. എന്നാല്‍ വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ലെന്നായിരുന്നു നിയാസിന്റെ മറുപടി. കൗണ്‍സിലിന്റെ അന്തസ്സ് കെടുത്തുന്ന രീതിയിലുള്ള പരാമര്‍ശം അംഗീകരിക്കാന്‍ കഴിയില്ലെന്ന് മേയര്‍ പറഞ്ഞു. തുടര്‍ന്ന്, സെക്രട്ടറിയുടെ റിപ്പോര്‍ട്ട് മേയര്‍ സഭയില്‍ വായിച്ചു കേള്‍പ്പിക്കുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.