കളിക്കളം കീഴടക്കാന്‍ കുടിലില്‍ നിന്നൊരു പെണ്‍താരം

Wednesday 19 April 2017 11:51 pm IST

ശിവാകൈലാസ് വിളപ്പില്‍: കുടിലില്‍ നിന്നൊരു പെണ്‍താരം കളിക്കളം കീഴടക്കാനെത്തുന്നു. ഇല്ലായ്മകളെ പൊരുതി ജയിക്കാന്‍ നിറം മങ്ങിയ ജാക്കറ്റണിഞ്ഞ് അവള്‍ കേരളത്തിനായി ഹോക്കി സ്റ്റിക് വീശും. ഒരു നാടിന്റെ മുഴുവന്‍ അഭിമാനവും ആവേശവും പേറി നിഷ ദിവസങ്ങള്‍ക്കകം ഭോപ്പാലിലേക്ക് വണ്ടികയറും. ഒരുപിടി സ്വപ്‌നങ്ങള്‍ മനസില്‍ സൂക്ഷിച്ചാണ് ഈ പതിനേഴുകാരി കളിക്കളത്തിലെത്തുന്നത്. ഇന്ത്യയ്ക്കുവേണ്ടി മൈതാനത്തിലിറങ്ങണമെന്ന വലിയ സ്വപനം. പിന്നെ ജീവിതപ്രാരാബ്ദങ്ങള്‍ക്കിടയിലും തന്നോടൊപ്പം നിന്ന മാതാപിതാക്കള്‍ക്കും കൂടെപിറപ്പിനും ഒരു കൈത്താങ്ങാവണം. കേരളത്തിനുവേണ്ടി ജൂനിയര്‍ ഹോക്കി ടീമില്‍ ഇടം നേടിയ വിളപ്പില്‍ശാല ചെറുകോട് പാറാംക്കുഴി സ്വദേശിനി നിഷയുടെ ആഗ്രഹങ്ങളാണിത്. പക്ഷേ ഒടിയാന്‍ ഊഴം കാത്തുനില്‍ക്കുന്ന ഹോക്കി സ്റ്റിക്കും പോരാടി നേടിയ കുറച്ചു മെഡലുകളും മാത്രമാണ് നിഷയുടെ പക്കലുള്ളത്. മൈലം ജീവി രാജ സ്‌പോര്‍ട്‌സ് സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനിയായ നിഷയ്ക്ക് കഴിഞ്ഞ ദിവസമാണ് കേരളത്തിനു വേണ്ടി കളത്തിലിറങ്ങാന്‍ സെലക്ഷന്‍ കിട്ടിയത്. നിഷയ്ക്കു പുറമേ വേറെ രണ്ടുപേരും ഈ സ്‌കൂളില്‍ നിന്നും സംസ്ഥാനത്തെ പ്രതിനിധികരിക്കുന്നുണ്ട്. കൂലിപ്പണിക്കാരനായ സതീഷിന്റേയും നിര്‍മ്മലയുടെയും രണ്ടു പെണ്‍മക്കളില്‍ ഇളയവളാണ് നിഷ. കട്ടയ്‌ക്കോട് സെന്റ് ആന്റണി സ്‌കൂളില്‍ പഠിക്കുന്നതിനിടെയാണ് അവിടത്തെ അധ്യാപകര്‍ നിഷയുടെ കായികമികവ് തിരിച്ചറിയുന്നത്. തുടര്‍ന്ന് എട്ടാംക്ലാസില്‍ ജിവി രാജസ്‌കൂളില്‍ അവര്‍ തന്നെ മുന്‍കയ്യെടുത്ത് പ്രവേശനം തരപ്പെടുത്തി. അവിടെ നിന്നാണ് ഹോക്കിയിലേക്ക് കാലെടുത്ത് വയ്ക്കുന്നത്. സ്‌കൂള്‍, ജില്ലാ തലങ്ങളില്‍ ഹോക്കിയില്‍ മെഡലുകള്‍ വാരിക്കൂട്ടിയിട്ടുണ്ട് ഇവള്‍. ഇതിനിടെയാണ് സംസ്ഥാനത്തിനുവേണ്ടി കളിക്കാന്‍ അവസരം കിട്ടുന്നത്. ബ്ലോക്ക് പഞ്ചായത്തില്‍ നിന്നും കിട്ടിയ ഇനിയും പണിതീരത്ത വീടും, അതിനരികിലെ ചെറിയ കുടിലുമാണ് ഈ കുടുംബത്തിന്റെ ആകെ സ്വത്ത്. നിഷ കളിച്ചു നേടിയ മെഡലുകള്‍ മങ്ങാതെ സൂക്ഷിച്ചുവയ്ക്കാന്‍പോലും ഈ പ്രാരാബ്ധക്കുടിലില്‍ ഇടമില്ല. വീട്ടിലെ കഷ്ടപ്പാടുകള്‍ പുറംലോകത്തെ അറിയിച്ച് ആരുടെയും സഹതാപം ഏറ്റുവാങ്ങാന്‍ ഈ മിടുക്കി ആഗ്രഹിക്കുന്നില്ല. ഈ മാസം 25നാണ് ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. പരിശീലനത്തിനായി നിഷ 23ന് കൊല്ലത്തേക്ക് പുറപ്പെടും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.