പാറശ്ശാല: പാറശ്ശാല പഞ്ചായത്തിലെ പരശുവയ്ക്കലില്‍ സര്‍ക്കാര്‍ ഭൂമി അനാഥമായി കാടുകയറി കിടക്കുമ്പോള്‍ പരശുവയ്ക്കല്‍ വില്ലേജ് ഓഫീസ് സ്ഥലപരിമിതിയില്‍ വീര്‍പ്പ്മുട്ടുന്നു. പരശുവയ്ക്കലിനു സമീപം കുണ്ടുവിള കുരിശടിക്ക് പിറകിലായിട്ടാണ് അഞ്ചു സെന്റ് സര്‍ക്കാര്‍ ഭൂമി മാലിന്യ നിക്ഷേപ കേന്ദ്രമായി മാറികൊണ്ടിരിക്കുന്നത്. ഭൂമിയിലുള്ള പൊതു കിണറിന്റെ അവസ്ഥയും ഇതു തന്നെ. സര്‍ക്കാര്‍ സേവനങ്ങളെ ആശ്രയിച്ചു വരുന്ന ജനങ്ങള്‍ പരശുവയ്ക്കല്‍ വില്ലേജ് ഓഫീസിലെ പടിക്കെട്ട് കയറാന്‍ നന്നേ ബുദ്ധിമുട്ടനുഭവിക്കുന്നു. നിരവധി പേര് പടിക്കെട്ടില്‍ നിന്നും വീണ് പരിക്കേറ്റിട്ടുണ്ട്. വൃത്തിഹീനമായി പ്രവര്‍ത്തിക്കുന്ന വില്ലേജ് ഓഫീസ് അവിടെനിന്ന് മാറ്റണം എന്ന ആവശ്യം ശക്തമാണ്. വാടക കെട്ടിടത്തിലാണ് വില്ലേജ് ഓഫീസ് പ്രവര്‍ത്തിക്കുന്നത് . സര്‍ക്കാര്‍ ഭൂമി ഇല്ലാത്തത് കൊണ്ടാണ് പുതിയ മന്ദിരം നിര്‍മ്മിക്കാനാകാതെ വാടക കെട്ടിടത്തില്‍ വില്ലേജ് ഓഫീസ് പ്രവര്‍ത്തിക്കുന്നു എന്നാണ് അധികൃതരുടെ വാദം. പക്ഷെ തൊട്ടടുത്ത സര്‍ക്കാര്‍ ഭൂമി മാലിന്യ നിക്ഷേപ കേന്ദ്രമായി കിടക്കുന്നത് അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: