കോട്ടപ്പുഴയില്‍ അനധികൃത ജലമൂറ്റ് തുടരുന്നു

Thursday 20 April 2017 1:14 pm IST

പുക്കോട്ടുംപാടം: നിരോധനം മറികടന്ന് ഒരുസംഘമാളുകള്‍ കോട്ടപ്പുഴയില്‍ നിന്ന് കാര്‍ഷിക ആവശ്യത്തിനായി ജലമൂറ്റുന്നു. നാട്ടുകാരുടെ എതിര്‍പ്പുണ്ടായിട്ടും ഇത് നിര്‍ബാധം തുടരുകയാണ്. മലയോര മേഖലക്ക് പ്രകൃതി കനിഞ്ഞ് നല്‍കിയ വരദാനമാണ് കോട്ടപ്പുഴ. പക്ഷേ ഇന്ന് ഇത് വെറും കണ്ണീര്‍ചാലുകളായി മാറിയിരിക്കുകയാണ്. ഒരു പ്രദേശമാകെ കുടിവെള്ളത്തിനായി ബുദ്ധിമുട്ടുമ്പോഴാണ് ഒരുകൂട്ടം കര്‍ഷകര്‍ വലിയ പൈപ്പുകള്‍ ഉപയോഗിച്ച് ജലമൂറ്റുന്നത്. നാട്ടുകാര്‍ പോലീസിനും പഞ്ചായത്ത് അധികാരികള്‍ക്കും നിരവധി തവണ പരാതി നല്‍കിയിട്ടും യാതൊരു നടപടിയുമുണ്ടായിട്ടില്ല. അധികൃതര്‍ പുഴയെ നശിപ്പിക്കാന്‍ കൂട്ടുനില്‍ക്കുകയാണെന്ന് നാട്ടുകാര്‍ ആരോപിച്ചു. പ്രകൃതിഭംഗി ആസ്വാദിക്കാനെത്തുന്ന സഞ്ചാരികള്‍ പുഴയിലേക്ക് മാലിന്യങ്ങള്‍ വലിച്ചെറിയുന്നതും പ്രശ്‌നമായിട്ടുണ്ട്. ചിലര്‍ വിഷം കലക്കി മീന്‍പിടിക്കാനും ശ്രമിക്കുന്നു. അതിനിടെ മറ്റുചിലര്‍ പുഴയോരങ്ങള്‍ കയ്യേറുന്നു. ഇത്തരം കയ്യേറ്റഭൂമിയിലെ കൃഷി നനക്കാനാണ് വെള്ളമൂറ്റുന്നത്. ഇതിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ കോട്ടപ്പുഴയും ചരിത്രമാകുമെന്ന് പ്രദേശവാസികള്‍ പറയുന്നു.