മൂന്നാര്‍ അപകടത്തില്‍

Friday 21 April 2017 12:43 am IST

ന്യൂദല്‍ഹി: മൂന്നാറിലെ അവസ്ഥ അതീവ ഗുരുതരമെന്ന് കേന്ദ്രമന്ത്രിയുടെ റിപ്പോര്‍ട്ട്. കെട്ടിടങ്ങള്‍ അപകടാവസ്ഥയിലാണെന്നും അത്യാഹിതമുണ്ടായാല്‍ രക്ഷാപ്രവര്‍ത്തനം അസാധ്യമാണെന്നും മൂന്നാര്‍ സന്ദര്‍ശിച്ച് കേന്ദ്ര ഭക്ഷ്യപൊതുവിതരണ വകുപ്പ് സഹമന്ത്രി സി.ആര്‍. ചൗധരി തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിനും കൈമാറി. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരമാണ് ചൗധരി മൂന്നാര്‍ സന്ദര്‍ശിച്ചത്. കൈയേറ്റം ഒഴിപ്പിക്കല്‍ അട്ടിമറിക്കാന്‍ സംസ്ഥാന സര്‍ക്കാരും സിപിഎമ്മും നീക്കം നടത്തുന്നതിനിടെയാണ് ഈ റിപ്പോര്‍ട്ട്. ഇതോടെ മൂന്നാറില്‍ കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ ഇടപെട്ടേക്കും. ഇപ്പോഴത്തെ സ്ഥിതി തുടര്‍ന്നാല്‍ കാര്യങ്ങള്‍ കൈവിട്ടു പോകുമെന്ന് കേന്ദ്രമന്ത്രിയുടെ റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പു നല്‍കുന്നു. ഉത്തരാഖണ്ഡിന് സമാനമായ വലിയ ദുരന്തത്തിനുള്ള സാധ്യതയില്ല. പക്ഷേ, കെട്ടിടങ്ങള്‍ ഇടിഞ്ഞുവീഴാവുന്ന അവസ്ഥയിലാണ്. ഇടുങ്ങിയ വഴികളാണ് മൂന്നാറിലേക്കുള്ളത്. അപകടങ്ങളുണ്ടായാല്‍ രക്ഷാപ്രവര്‍ത്തനത്തിനും തടസമാകും. സൈന്യത്തിനുള്‍പ്പെടെ ഉടന്‍ എത്തിപ്പെടാനാവാത്ത സാഹചര്യമുണ്ട്. പെട്ടെന്ന് താഴ്ന്നു പോകുന്ന മണ്ണാണ് മൂന്നാറിലേത്. അശാസ്ത്രീയമായി നിര്‍മ്മിച്ച കെട്ടിടങ്ങളാണ് ഏറെയും. മൂന്നാറിന്റെ താഴ്‌വാരങ്ങളില്‍ മാത്രമേ ഹോട്ടലുകള്‍ക്ക് അനുമതി നല്‍കാവൂ എന്ന ശുപാര്‍ശയാണ് റിപ്പോര്‍ട്ടലുള്ളത്. സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായി മൂന്നാറിനെ മാറ്റണം. മെച്ചപ്പെട്ട ഗതാഗത സൗകര്യം ഒരുക്കണം. മൂന്നാറിലെ പരിസ്ഥിതി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന നേതൃത്വം കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചിരുന്നു. തുടര്‍ന്നാണ് പരിസ്ഥിതി വിഷയങ്ങളില്‍ അറിവുള്ള ഭൗമവിദഗ്ധന്‍ കൂടിയായ സി.ആര്‍. ചൗധരിയെ കേന്ദ്രം മൂന്നാറിലേക്ക് അയച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.