അമിത ലോഡിംഗ് കൂലി: തരിശുഭൂമിയില്‍ നെല്‍കൃഷി ചെയ്ത കര്‍ഷകര്‍ പ്രതിസന്ധിയില്‍

Thursday 20 April 2017 8:21 pm IST

ലോഡിംഗ് പ്രതിസന്ധിയിലായതിനെ തുടര്‍ന്ന് പുളിമുട്ടം ഇയ്യാങ്കോട് പാടശേഖര സമിതി ചാക്കിലാക്കി വച്ചിരിക്കുന്ന നെല്ല്

പന്തളം: തരിശു പാടത്ത് നെല്‍കൃഷി നടത്തിയ കര്‍ഷകരുടെ വിളവെടുത്ത നെല്ല് ലോറിയില്‍ കയറ്റാന്‍ അമിതകൂലി ആവശ്യപ്പെട്ടത് ഇരുട്ടടിയായി.
കരിങ്ങാലി പുഞ്ചയുടെ ഭഗമായ പുളിമുട്ടം, ഇയ്യാങ്കോട് പാടശേഖരങ്ങളിലെ 6 ഏക്കര്‍ പാട്ടത്തിനെടുത്തു നെല്‍ക്കൃഷി നടത്തിയ 5 കര്‍ഷകരാണ് അമിതകൂലി ആവശ്യപ്പെട്ടതിനേത്തുടര്‍ന്ന് പ്രതിസന്ധിയിലായത്.
ഏകദേശം 7000 കിലോയോളം നെല്ലാണ് ഇവിടെ വിളവു ലഭിച്ചത്. ഒരു മാസം മുമ്പ് വിളവെടുത്ത നെല്ല് കര്‍ഷകര്‍ തന്നെ 250 ഓളം ചാക്കുകളിലാക്കി സര്‍ക്കാരിനു നല്‍കാന്‍ തയ്യാറാക്കി വയ്ക്കുകയും ചെയ്തു.
ഒരു ചാക്കിന് 7 രൂപ വച്ച് 1800 രൂപയ്ക്ക് 250 ചാക്കുകളാണ് ഇവര്‍ വാങ്ങിയത്. എന്നാല്‍, ഇന്നലെ ലോഡെടുക്കാന്‍ വന്നപ്പോള്‍ ലോഡിംഗുകാര്‍ ആവശ്യപ്പെട്ട കൂലിയാണ് കര്‍ഷകരെ ഞെട്ടിച്ചത്.
ഒരു കിലോ നെല്ല് ലോഡ് ചെയ്യുന്നതിന് 1 രൂപ നിരക്കാണ് അവര്‍ ആവശ്യപ്പെട്ടത്. ഒരു ചാക്ക് സിമന്റിന് 3 രൂപയും, ഒരു ചാക്ക് പഞ്ചസാരക്ക് 4 രൂപയും ലോഡിംഗ് കൂലിയുള്ളപ്പോഴാണ് ഇവിടെ കിലോയ്ക്ക് 1 രൂപ ആവശ്യപ്പെടുന്നത്.
കിലോയ്ക്ക് 50 പൈസ നല്‍കാന്‍ തയ്യാറാണെന്നറിയിച്ചിട്ടും ഫലമുണ്ടായില്ല.
10 വര്‍ഷത്തിലേറെയായി തരിശായി കിടന്നിരുന്ന പാടത്താണ് രവീന്ദ്രന്‍, മണിലാല്‍, പ്രശാന്ത്, അജിത്, അരുണ്‍ എന്നിവര്‍ ചേര്‍ന്ന് പുളിമുട്ടം ഇയ്യാങ്കോട് പാടശേഖര സമിതി രൂപീകരിച്ച് നെല്‍ക്കൃഷി ചെയ്തത്. ഇത്രയും നീണ്ട കാലയളവ് തരിശായി കിടന്ന പാടം കൃഷിക്ക് അനുയോജ്യമാക്കിയെടുക്കാന്‍തന്നെ വന്‍തുകയാണ് ചിലവായത്. ഹരിതകേരളം പദ്ധതിയില്‍ നടത്തിയ കൃഷി വിത്തുവിതച്ച് ഉദ്ഘാടനം ചെയ്തത് ചിറ്റയം ഗോപകുമാര്‍ എംഎല്‍എ ആണ്. കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തതും അദ്ദേഹം തന്നെ.
രണ്ടരലക്ഷത്തോളം രൂപയാണ് ഇവര്‍ കൃഷിക്കായി മുടക്കിയത്. ഒരു കിലോ നെല്ലിന് 22.50 രൂപ നിരക്കിലാണ് സപ്‌ളൈകോ നെല്ലു വാങ്ങുന്നത്. ഇപ്പോള്‍ത്തന്നെ വന്‍ നഷ്ടം നേരിടുന്ന കര്‍ഷകര്‍ അമിതമായ ലോഡിംഗ് കൂലികൂടി നല്‍കാന്‍ കഴിയാത്ത അവസ്ഥയിലാണ്.
എംഎല്‍എയുമായും കൃഷിമന്ത്രിയുമായും ബന്ധപ്പെട്ട കര്‍ഷകര്‍ ന്യായമായ പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയിലാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.