പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാനപാത വികസനം അനിശ്ചിതത്വത്തില്‍

Thursday 20 April 2017 8:23 pm IST

പത്തനംതിട്ട: ലോകബാങ്ക് ധനസഹായം ലഭിക്കില്ലെന്ന് ഉറപ്പായതോടെ പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയുടെ വികസനം അനിശ്ചിതത്വത്തിലായി. പതിറ്റാണ്ടു പിന്നിട്ട കാത്തിരിപ്പാണ് ഇതോടെ വീണ്ടും നീളുന്നത്. കെഎസ്ടിപി രണ്ടാം ഘട്ടത്തിലുള്‍പ്പെടുത്തി വികസനം നടപ്പാക്കാന്‍ പദ്ധതിയിട്ടിരുന്ന പുനലൂര്‍ മൂവാറ്റുപുഴ റോഡിലെ പുനലൂര്‍ പൊന്‍കുന്നം വരെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മറ്റു സഹായം തേടേണ്ടി വരുമെന്നുറപ്പായി. ഇതോടൊപ്പം പൊന്‍കുന്നം തൊടുപുഴ ഭാഗത്തെ നിര്‍മാണത്തെയും ഫണ്ട് പ്രശ്‌നം ബാധിച്ചേക്കാനിടയുണ്ട്. കെഎസ്ടിപി രണ്ടാംഘട്ടത്തില്‍ കേരളത്തില്‍ നടക്കുന്ന റോഡ് വികസന പ്രവര്‍ത്തനങ്ങളില്‍ ലോകബാങ്ക് അതൃപ്തി അറിയിച്ചിട്ടുണ്ട്. പദ്ധതിയില്‍ 30നു മുന്‍പ് കാര്യമായ പുരോഗതിയുണ്ടായില്ലെങ്കില്‍ ലോകബാങ്ക് സഹായം റദ്ദാകുമെന്നാണ് അറിയിച്ചിരിക്കുന്നത്. 200 കോടിയുടെ ലോകബാങ്ക് സഹായം റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. 800 കോടിയും തിരിച്ചെടുക്കുമെന്നും അറിയിച്ചിട്ടുണ്ട്. പിഎം റോഡ് ഉള്‍പ്പെടെ ആറ് റോഡുപദ്ധതികളാണ് കെഎസ്ടിപി രണ്ടാംഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ലോകബാങ്ക്‌സഹായം കിട്ടില്ലെന്നുറപ്പായതോടെ ഏറ്റവുമധികം പ്രതിസന്ധിയുണ്ടാകുന്നത് പൊന്‍കുന്നം പുനലൂര്‍ ഭാഗത്തെ ജോലികളെയാണ്. 15 വര്‍ഷം മുന്‍പ് സ്ഥലമേറ്റെടുക്കല്‍ നടപടികളാരംഭിച്ചതാണ് ഈ ഭാഗം. ഫണ്ടിന്റെ അഭാവമാണ് റോഡുനിര്‍മാണം അനിശ്ചിതത്വത്തിലായത്. മൂവാറ്റുപുഴ മുതല്‍ തൊടുപുഴവരെയും തൊടുപുഴ മുതല്‍ പൊന്‍കുന്നം വരെയും റോഡു നിര്‍മാണത്തിന് ഫണ്ട് ലഭിച്ചിരുന്നു. ഇതില്‍ നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന തൊടുപുഴ പൊന്‍കുന്നം ഭാഗത്തെ പണികളെ ലോകബാങ്ക് തീരുമാനം ബാധിക്കാനിടയുണ്ട്. കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് പണികള്‍ക്ക് ഏറ്റവുമധികം തടസമുണ്ടായത്. റോഡുവികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതു മുതല്‍ തടസങ്ങളുണ്ടായി. ഇപ്പോഴും ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയായിട്ടില്ല. ഇതോടെ അനിശ്ചിതത്വത്തിലായ പണികള്‍ നടത്താന്‍ വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്തിരുന്നു. പുനലൂര്‍ പൊന്‍കുന്നം ഭാഗം പിപിപി മാതൃകയില്‍ വികസിപ്പിക്കുന്നതിനെക്കുറിച്ച് കഴിഞ്ഞ സര്‍ക്കാര്‍ ആലോചിച്ചു. ഇതനുസരിച്ച് ടെന്‍ഡര്‍ ചെയ്‌തെങ്കിലും ആദ്യനിബന്ധനകള്‍ പ്രകാരം യോഗ്യരായവരെ കിട്ടിയില്ല. തുടര്‍ന്ന് ടെന്‍ഡര്‍ നിബന്ധനകള്‍ ലഘൂകരിച്ചിരുന്നു. ഇതനുസരിച്ച് പണികള്‍ അടിയന്തരമായി തുടങ്ങാന്‍ കെഎസ്ടിപി തീരുമാനിച്ചതുമാണ്. എട്ടു കമ്പനികള്‍ റോഡുനിര്‍മാണത്തിന് കരാര്‍വച്ചിരുന്നു. വ്യവസ്ഥകളെ സംബന്ധിച്ച് കെഎസ്ടിപിക്ക് അന്തിമരൂപമായിട്ടില്ല. ഇതിനിടെ ലോകബാങ്ക് സഹായം ലഭിക്കില്ലെന്നുറപ്പായപ്പോള്‍ മറ്റു ഫണ്ടുകള്‍ കണ്ടെത്താനുള്ള ശ്രമമാണ് നടക്കുന്നത്. കെഎസ്ടിപി ആദ്യം തയാറാക്കിയ പിപിപി വ്യവസ്ഥകളോട് അനുകൂലമായ സമീപനം ബന്ധപ്പെട്ടവര്‍ക്കുണ്ടായിരുന്നില്ല. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലൂടെയുള്ള പിഎം റോഡ് മലയോരറോഡു വികസന പദ്ധതിയിലുള്‍പ്പെടുത്താനുള്ള ശ്രമവുമുണ്ട്. കാസര്‍ഗോഡു നിന്നാരംഭിക്കുന്ന മലയോര ഹൈവേയുടെ ഭാഗമായി പിഎം റോഡു മാറുന്നതോടെ പ്രത്യേകിച്ചൊരു വികസന പദ്ധതി വേണ്ടെന്ന നിലപാടിലാണ് ഒരു വിഭാഗം ഉദ്യോഗസ്ഥര്‍. എന്നാല്‍ മലയോരഹൈവേ ബജറ്റു പ്രഖ്യാപനത്തിലുപരി നടപടികള്‍ മുന്‍പോട്ടു പോയിട്ടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.