പ്രകൃതി തിരിച്ചും സഹായിക്കും

Thursday 20 April 2017 8:34 pm IST

കാര്‍ഷിക പുരോഗതിക്കും വികസനത്തിനും ജനനന്മയ്ക്കുംവേണ്ടി പ്രവര്‍ത്തിച്ച ഒരു ഭരണാധികാരിയായിരുന്നു പൃഥു. രാജാവ് ചെയ്യുന്ന സല്‍പ്രവൃത്തികളുടെ ഫലം അനുഭവിക്കുന്ന ജനങ്ങളുടെ പുണ്യത്തിന്റെ ഒരംശം രാജാവിന് ജനങ്ങളില്‍ നിന്നും കിട്ടുന്നു എന്നാണ് ശാസ്ത്രം പറയുന്നത്. ജനക്ഷേമ പ്രവര്‍ത്തനത്തിന്റെ ഫലമായി രാജാവിന്റെ സങ്കല്‍പ്പ പ്രാപ്തിക്കുവേണ്ടി ജനങ്ങളും ശ്രമിക്കും. അതാണ് പ്രകൃതി നിയമം. പൃഥുവും ആഗ്രഹിച്ചു അശ്വമേധയാഗം നടത്തണമെന്ന്. രാജാക്കന്മാര്‍ക്ക് സര്‍പാപഹരമായ ഒരു കര്‍മ്മമാണ് അശ്വമേധമെന്ന് കര്‍മ്മയോഗ പണ്ഡിതര്‍ പറയുന്നു. അതിനാല്‍ പൃഥു മഹാരാജാവ് നിശ്ചയിച്ചു, നൂറ് അശ്വമേധം നടത്തണമെന്ന്. സരസ്വതീ നദീതീരത്ത്, നദി കിഴക്കോട്ടൊഴുകുന്ന ഒരു ഭാഗത്തിനരികില്‍ യജ്ഞവേദി നിശ്ചയിക്കപ്പെട്ടു. എല്ലാ അര്‍ത്ഥത്തിലും ജനങ്ങള്‍ സഹകരിച്ചു. സര്‍വ്വകാമങ്ങളും സാധ്യമാക്കുന്ന ഭൂമി സ്വയം അവശ്യസാധനങ്ങളൊരുക്കാന്‍ സന്നിഹിതയായി. അതാണ് പ്രകൃതി. പ്രകൃതിയെ സംരക്ഷിക്കുന്നവരെ പ്രകൃതി തന്നെ സംരക്ഷിക്കും. ''ധര്‍മോ രക്ഷതി രക്ഷിതഃ'' എന്നു പറയുംപോലെ. ''ഊഹു സര്‍വരസാന്നദ്യഃ ക്ഷീരധ്യന്നഗോരസാന്‍ തരവോ ഭൂരിവര്‍ഷ്മാണഃ പ്രാസൂയന്തമധച്യുത'' പാല്, തൈര്, ധാന്യം, നെയ്യ് ഇവയെല്ലാം നദികള്‍ സ്വയം ഒഴുക്കിക്കൊണ്ടുവന്നു. വൃക്ഷങ്ങള്‍ ഫലവര്‍ഗങ്ങള്‍ നല്‍കി. സമുദ്രം ഏറെ രത്‌നങ്ങള്‍ എത്തിച്ചു. ഭക്ഷ്യവസ്തുക്കള്‍ നല്‍കാന്‍ പര്‍വതങ്ങള്‍ തയ്യാറായി. പലരും പല വസ്തുക്കളും കാഴ്ച സമര്‍പ്പിച്ചു. യജ്ഞമൂര്‍ത്തിയായ സാക്ഷാല്‍ ശ്രീമഹാവിഷ്ണു നേരിട്ട് യജ്ഞം സ്വീകരിക്കാനെത്തി-പരിവാരസമേതം. പൃഥു ശതക്രതുവാകുന്നത് ദേവേന്ദ്രനെന്ന ശതക്രതുവിനെ അസൂയാലുവാക്കി. ഇന്ദ്രപദം കൈക്കലാക്കാനാണോ എന്ന് ദേവേന്ദ്രന്‍ സംശയിച്ചു. യജ്ഞം മുടക്കാന്‍ ദേവേന്ദ്രന്‍ പല മാര്‍ഗ്ഗങ്ങളും സ്വീകരിച്ചു. യജ്ഞാശ്വത്തെ മോഷ്ടിച്ച് അപ്രത്യക്ഷമാക്കി. ഏതൊരു സല്‍കര്‍മങ്ങള്‍ക്കും ഇത്തരത്തിലുള്ള വിഘ്‌നങ്ങള്‍ സംഭവിക്കാം. യജ്ഞാശ്വം മനസ്സാണ്. ദേവേന്ദ്രന്‍ ഇന്ദ്രിയങ്ങളുടെ നാഥനാണ് അതിനാല്‍ മനസ്സിനെ തട്ടിക്കൊണ്ടുപോകാന്‍ എളുപ്പമാണ്. പക്ഷെ ഇവിടെ പൃഥു വിഷ്ണ്വംശമായതിനാല്‍ മനോനിയന്ത്രണത്തിന് പ്രാപ്തനാണ്. അതിനാല്‍ അശ്വത്തെ തിരിച്ചുകൊണ്ടുവരാന്‍-മനസ്സിനെ നിയന്ത്രണത്തിലാക്കിയെടുക്കാന്‍ കാര്യപ്രാപ്തിയുള്ളവനാണ്. എന്നാല്‍ ശതക്രതു എന്ന പേര് സമ്പാദിക്കണമെന്ന് പൃഥുവിന് നിര്‍ബന്ധമില്ല. ശ്രീഹരിയുടെ പ്രസാദം മാത്രമാണ് സങ്കല്‍പ്പം. ആ ഭഗവാന്‍ നേരിട്ട് വന്ന് യജ്ഞം ഏറ്റുവാങ്ങി പ്രസാദിച്ചു ഇന്ദ്രനോടു ക്ഷമിക്കാന്‍ ശ്രീഹരി തന്നെ പൃഥുവിനെ ഉപദേശിച്ചത് പൃഥു സ്വീകരിച്ചു. സ്വര്‍ഗം ആഗ്രഹിക്കാത്ത പൃഥുവിന് നൂറുയാഗം കൊണ്ടു പ്രത്യേക ഫലമൊന്നും ലഭിക്കാനില്ലെന്നും കീര്‍ത്തി ഇപ്പോല്‍ തന്നെയുണ്ടെന്നും ബ്രഹ്മാവും ഓര്‍മ്മിപ്പിച്ചു. മറ്റൊന്നുംകൂടി ബ്രഹ്മാവ് പ്രകടമാക്കി. പ്രജാക്ഷേമത്തിനായി അവതരിച്ച വിഷ്ണ്വംശമാണങ്ങ്. വിഷ്ണുപ്രസാദത്തിനായാണ് ഈ യജ്ഞം നടത്തുന്നതും. യജ്ഞം മുടക്കാന്‍ ശ്രമിച്ച ദേവേന്ദ്രനും വിഷ്ണ്വംശംതന്നെ യജ്ഞം സ്വീകരിച്ച് യജ്ഞഫലം തരാനായി വിഷ്ണുവിനോടൊപ്പം ഇവിടെയെത്തിയിട്ടുള്ള ദേവന്മാരെല്ലാം തന്നെ വിഷ്ണ്വംശമാണ്. ബ്രഹ്മാവ് ഇതു പറഞ്ഞപ്പോള്‍ സത്യദൃക്കായ പൃഥു ''സര്‍വം വിഷ്ണുമയം ജഗത്'' എന്ന മഹാവാക്യത്തെ സ്മരിച്ച് മഹാവിഷ്ണുവിനെ നമിച്ചു. ഭഗവാന്‍ ശ്രീഹരി പൃഥുവിനെ ആശ്വസിപ്പിച്ചു. ''സുധിയഃ സാധവോ ലോകേ നരദേവ നരോത്തമഃ നാഭിദ്രുഹ്യന്തി ഭൂതേഭ്യോ യര്‍ഹി നാത്മാ കളേവരം'' ലോകത്തില്‍ സാധുക്കളാരും ഒരു പ്രാണിയേയും ദ്രോഹിക്കില്ലാ മഹാരാജന്‍, ശരീരം അല്ലാ ആത്മാവെന്ന് അവര്‍ക്കറിയാം. ''ഏക ശുദ്ധഃ സ്വയംജ്യോതിര്‍ നിര്‍ഗുണാശ്രയഃ സര്‍വഗോളനാവൃത സാക്ഷീ നിരാത്മാത്മാത്മനഃ പരഃ'' ആത്മാവും ശരീരവും തമ്മിലുള്ള വ്യത്യാസം-ആത്മാവ് ഒന്നേയുള്ളൂ. ദേഹത്തില്‍നിന്നും ഭിന്നനും ശുദ്ധനുമാണ്. മറവില്ലാത്ത സര്‍വ്വവ്യാപിയാണ്. സ്വയം പ്രകാശിക്കുന്നവനും നിര്‍ഗുണനുമാണ്. അതേസമയം ഗുണാശ്രയനുമാണ്. അത് എല്ലാം കാണുന്ന സാക്ഷിയാണ്. അത് കാണാന്‍ കഴിയുന്ന വസ്തുവല്ല, മറിച്ച് കാണുന്നവനാണ്. ആത്മാവ് പ്രകൃതിസ്ഥിതനായാലും പ്രകൃതി ഗുണങ്ങള്‍ തീണ്ടുന്നവനല്ല. അത് വാസ്തവത്തില്‍ എന്നില്‍ത്തന്നെയാണ് സ്ഥിതിചെയ്യുന്നത്. ഭഗവാനില്‍നിന്നുതന്നെ ആത്മജ്ഞാനം പകര്‍ന്നുകിട്ടിയ പൃഥു ഇന്ദ്രനോടുള്ള മാത്സര്യബുദ്ധി പൂര്‍ണമായി ഉപേക്ഷിച്ച് ആത്മാനന്ദത്തിലാറാടി.