പമ്പാ പൈതൃകോത്സവം: വിളംബര സഭ 23ന്

Thursday 20 April 2017 8:31 pm IST

പത്തനംതിട്ട: തപസ്യ കലാസാഹിത്യ വേദി ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പമ്പാ പൈതൃകോത്സവം നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഇതിന്റെ വിളംബര സഭ പത്താമുദയത്തില്‍ പമ്പാവന്ദനം എന്ന പേരില്‍ 23ന് വൈകിട്ട് 4ന് ആറന്മുള സത്രക്കടവില്‍ കവി എസ്.രമേശന്‍ നായര്‍ ഉദ്ഘാടനം ചെയ്യും. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ വിളംബരവും, തപസ്യ സംസ്ഥാന സംഘടനാ സെക്രട്ടറി പി.ഉണ്ണികൃഷ്ണന്‍ മുഖ്യപ്രഭാഷണവും നടത്തും. തന്ത്രിമുഖ്യന്‍ അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് പമ്പാവന്ദന പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. ചലച്ചിത്ര ഗാനരചയിതാവ് ഒ.എസ്.ഉണ്ണികൃഷ്ണന്‍, സംവിധായകന്‍ എം.പി. പത്മകുമാര്‍ എന്നിവര്‍ മുഖ്യാതിഥികളാകും. പമ്പാതീരത്തെ 51 പള്ളിയോടകരക്കാരെയും ജില്ലയിലെ പടയണി സംഘങ്ങളെയും ചടങ്ങില്‍ ആദരിക്കും. വിളംബര സഭയ്ക്ക് മുന്നോടിയായി കുന്നന്താനം രാജ നയിക്കുന്ന നാടന്‍ പാട്ടും തപസ്യ കലാസാംസ്‌ക്കാരിക വേദിയുടെ വിവിധ കലാപരിപാടികളും നടക്കും. ഈ പത്താമുദയത്തില്‍ തുടങ്ങി 2018ലെ പത്താമുദയത്തില്‍ സമാപിക്കുന്ന തരത്തിലാണ് പമ്പാ പൈതൃകോത്സവം നടക്കുക. തപസ്യ ജില്ലാ സംഘടനാ സെക്രട്ടറി ശിവകുമാര്‍ അമൃതകല, ജില്ലാ ജനറല്‍ സെക്രട്ടറി രവീന്ദ്രവര്‍മ്മ അംബാനിലയം, പ്രോഗ്രാം കണ്‍വീനര്‍ ഉണ്ണികൃഷ്ണന്‍ വസുദേവ്, മനോജ് ആറന്മുള എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.