രാജധാനി കൂട്ടക്കൊലക്കേസ്; ഏഴ് സാക്ഷികളെ വിസ്തരിച്ചു കത്തി വിറ്റയാളെയും ഓട്ടോ ഡ്രൈവറെയും ഇന്ന് വിസ്തരിക്കും

Thursday 20 April 2017 8:34 pm IST

തൊടുപുഴ: അടിമാലി രാജധാനി കൂട്ടക്കൊലക്കേസിന്റെ വിസ്താരം പുരോഗമിക്കുന്നു. അഡീഷണല്‍ ജില്ലാ കോടതിയിലാണ്(നാല്) കേസ് നടക്കുന്നത്. ഇന്നലെ രണ്ട് സാക്ഷികളെ വിസ്തരിച്ചു. കൊല്ലപ്പെട്ട കുഞ്ഞുമുഹമ്മദിന്റെ മകളെയും ചെറുമകനെയുമാണ്  വിസ്തരിച്ചത്.  ചെറുമകന്‍ മാഹിനാണ് കൊല്ലപ്പെട്ടവരുടെ മൃതദേഹം ആദ്യം കണ്ടത്. കുഞ്ഞുമുഹമ്മദിന്റെ മകള്‍ ലൈല കൊല്ലപ്പെട്ടവരില്‍ നിന്നും കൊലയാളികള്‍ കവര്‍ന്ന ആഭരണങ്ങളും മൊബൈള്‍ ഫോണും തിരിച്ചറിഞ്ഞു. കേസില്‍ പ്രധാനപ്പെട്ട 23 സാക്ഷികളാണുളളത്. ഇതില്‍ ഏഴ് പേരെ ഇതിനോടകം വിസ്തരിച്ചു. പ്രതികള്‍ കത്തി വാങ്ങിയ കടയിലെ ജീവനക്കാനെയും കടയുടമയെയും ഓട്ടോ റിക്ഷ ഡ്രൈവറെയും ഇന്ന് വിസ്തരിക്കും.  കൊലപാതകത്തിന് ശേഷം പ്രതികളെ ആലുവയില്‍ എത്തിച്ചെന്ന് നിര്‍ണ്ണായകമായ മൊഴി നല്‍കിയ ഓട്ടോ ഡ്രൈവറെയാണ് ഇന്ന് വിസ്തരിക്കുന്നത്. 2015 ഫെബ്രുവരി 13നാണ്  കൊലപാതകം നടന്നത്. അടിമാലി രാജധാനി ടൂറിസ്റ്റ് ഹോം നടത്തിപ്പുകാരന്‍ പാറേക്കാട്ടില്‍ കുഞ്ഞുമുഹമ്മദ്, ഭാര്യ ഐഷ, ഇവരുടെ അമ്മ നാച്ചി എന്നിവരാണ് കൊല്ലപ്പെട്ടത്. അടിമാലി സിഐ ആയിരുന്ന സജി മാര്‍ക്കോസാണ് കേസ് അന്വേഷിച്ചത്. മൂന്ന് പ്രതികളാണ് കേസിലുള്ളത്.സംഭവത്തിലെ ഒന്നും മൂന്നും പ്രതികളായ കര്‍ണാടക സിറ ബുക്കാപ്പട്ടണം സ്വദേശി രാഘവേന്ദ്ര (23)യെ 2015 മാര്‍ച്ച് 31 നും, മൂന്നാംപ്രതി സിറ സ്വദേശി മഞ്ജുനാഥ് (21)നെ 2015 മാര്‍ച്ച് ഒമ്പതിനും പോലീസ് അറസ്‌റ് ചെയ്തിരുന്നു. മാസങ്ങള്‍ക്ക് ശേഷമാണ് രണ്ടാം പ്രതി മധു(34)നെ പിടികൂടിയത്. പ്രോസിക്യൂഷന് വേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ സുനില്‍ദത്ത് ഹാജരാകും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.