ഹിന്ദുക്കളെല്ലാം സഹോദരന്മാരായി...

Thursday 20 April 2017 8:45 pm IST

19-ാം നൂറ്റാണ്ടില്‍ ഉദയംകൊണ്ട നവോത്ഥാനം ഉയര്‍ത്തിയ സംഘടനാപരമായ ചോദ്യത്തിന് തൃപ്തികരമായ ഉത്തരം നല്‍കുകയായിരുന്നു സംഘം. കാലത്തിന്റെ ആവശ്യം സംഘടനയായിരുന്നു. സ്വാമി വിവേകാനന്ദനും നിവേദിതയും അതിലേക്ക് വിരല്‍ചൂണ്ടിക്കഴിഞ്ഞിരുന്നു. 'National Union in India must be gathering of all scattered spiritual forces' ചിന്നിച്ചിതറിക്കിടക്കുന്ന ആത്മീയ ശക്തികളുടെ സംഭരണമായിരിക്കണം ഭാരതത്തിലെ ദേശീയ ഐക്യം എന്നായിരുന്നു സ്വാമി വിവേകാനന്ദന്‍ പറഞ്ഞത്. അത് തികച്ചും അന്വര്‍ത്ഥമാക്കാന്‍ സംഘത്തിന് പൂജനീയ ഗുരുജിയെ കിട്ടി. ഡോക്ടര്‍ജിയെ പിന്തുടര്‍ന്ന അദ്ദേഹം സ്വാമി വിവേകാനന്ദന്റെ സതീര്‍ത്ഥ്യനായ സ്വാമി അഖണ്ഡാനന്ദജിയുടെ ദീക്ഷിതശിഷ്യനായിരുന്നു. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ സര്‍സംഘചാലകനായിരുന്നെങ്കിലും അദ്ദേഹത്തെ സന്യാസിലോകം പൊതു വെ തങ്ങളിലൊരാളായിട്ടാണ് കരുതിപ്പോന്നത്. അദ്ദേഹവും അവരുമായി ബന്ധം പുലര്‍ത്തിപ്പോന്നു. ഗാന്ധിജിയെപ്പോലെ അദ്ദേഹവും ശ്രദ്ധാകേന്ദ്രങ്ങളെ ആക്ഷേപിച്ചില്ല, അവഹേളിച്ചില്ല. നഖശിഖാന്തം സംഘാടകനായിരുന്നു. അദ്ദേഹത്തിന്റെ നിഷ്‌കര്‍ഷ ആരിലും, പ്രത്യേകിച്ചും ജനസാമാന്യത്തില്‍ ഒരുതരത്തിലുള്ള ബുദ്ധിഭേദം ഉണ്ടാകരുത് എന്നതായിരുന്നു. തീവണ്ടി വീടാക്കിയ അദ്ദേഹത്തിന്റെ നിലയ്ക്കാത്ത സഞ്ചാരം മൂലം അദ്ദേഹത്തിന് സമാജത്തിന്റെ യഥാര്‍ത്ഥസ്ഥിതി സ്വന്തം കൈയിലെ രേഖകള്‍പോലെ സ്പഷ്ടമായി മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നു. അദ്ദേഹം ഹിമാലയംതൊട്ട് കന്യാകുമാരിവരെ താനുമായി ബന്ധപ്പെട്ട സിദ്ധന്മാരോടും സന്യാസിവര്യന്മാരോടും സഗൗരവം പറഞ്ഞ് മെല്ലെ മെല്ലെ അവരെ, ചുറ്റുപാടും തലപൊക്കിയിരുന്ന കടുത്ത യാഥാര്‍ത്ഥ്യങ്ങളുടെ നേരെ ഉണര്‍ത്തി. അവര്‍ക്കാണെങ്കില്‍ അദ്ദേഹത്തില്‍ വലിയ വിശ്വാസവുമായിരുന്നു. ഇവിടെ ഒരു സംഭവം ഓര്‍മവരുന്നു. 1965 മെയ് മാസത്തില്‍ കാലടി രാമകൃഷ്ണാശ്രമം വക സ്‌കൂളില്‍ സംഘത്തിന്റെ വാര്‍ഷിക ശിക്ഷണ ശിബിരം നടക്കുകയാണ്. ശൃംഗേരി മഠാധിപതി ആ വര്‍ഷത്തെ ശങ്കരജയന്തിക്കുവേണ്ടി വന്നെത്തിയിട്ടുണ്ട്. ഗുരുജി അദ്ദേഹത്തെ കാണാന്‍ പോയി; കൂടെ ഞങ്ങളെല്ലാമുണ്ട്. സ്വാമികള്‍ ദീപാരാധന കഴിഞ്ഞെത്തി സംഭാഷണം തുടങ്ങി. സ്വാമികള്‍: 'വിശ്വഹിന്ദു പരിഷത്ത് തുടങ്ങാന്‍ ഒത്താശ ചെയ്യണമെന്ന് ബാബാ ആപ്‌തേ വന്നഭ്യര്‍ത്ഥിക്കുകയുണ്ടായി...' ഗുരുജി: അതെ, അതെ എനിക്കറിയാം അദ്ദേഹത്തെ; സംഘത്തിലെ സ്വയംസേവകനാണ്. ഈ വക കാര്യങ്ങള്‍ വളരെ തല്‍പരനാണ്. എനിക്കും അദ്ദേഹത്തിന്റെ സംരംഭത്തില്‍ താല്‍പര്യമുണ്ട്...' സ്വാമികള്‍: എന്നാല്‍ ശരി, താങ്കള്‍ പിന്നിലുണ്ടെങ്കില്‍ എല്ലായ്‌പ്പോഴും നമ്മുടെ ഒത്താശയുണ്ട്.' ജന്മാഷ്ടമി ദിവസം മുംബൈയിലെ സാന്ദീപനി സാധനാലയത്തില്‍വച്ച് ചിന്മയാനന്ദ സ്വാമികള്‍, സന്ത്തുക്‌ഡോജി മഹാരാജ്, പൂജനീയ ഗുരുജി മുതലായവരെല്ലാം ചേര്‍ന്ന് വിശ്വഹിന്ദു പരിഷത്ത് തുടങ്ങി. പ്രയാഗിലും ഗൗഹട്ടിയിലും പണ്ഡര്‍പുരിയിലും ഉഡുപ്പിയിലും മറ്റും വമ്പിച്ച സമ്മേളനങ്ങള്‍ നടന്നു. മഠാധിപതികളും ആശ്രമാധ്യക്ഷന്മാരുമായ സന്യാസിമാര്‍ വളരെ നല്ല എണ്ണത്തില്‍ ഓരോ സ്ഥലത്തും സംബന്ധിച്ചു. ഹിന്ദുസമാജത്തിന്റെയും ധര്‍മത്തിന്റെയും പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതില്‍ അവര്‍ സജീവമായി പങ്കെടുത്തു. കലവറയില്ലാത്ത അഭിപ്രായങ്ങള്‍ കൈമാറി. സ്ഥാപിതതാല്‍പര്യമില്ലാതെ പരിഹാരങ്ങള്‍ കണ്ടെത്തി. ഓരോ സ്ഥലത്തും മഠാധിപതികള്‍ തന്നെ ജനലക്ഷങ്ങളുടെ മുന്‍പില്‍ നിവര്‍ന്നുനിന്ന് 'അയിത്തം തെറ്റാണ്, നിഷിദ്ധമാണ്, അതു പോകണം' എന്ന് ഉച്ചൈസ്തരം, കൈപൊക്കി പ്രഖ്യാപിച്ചു. ഉഡുപ്പിയിലെ സംഭവം എടുത്തു പറയേണ്ട ഒന്നാണ്. 'ഹിന്ദവഃ സോദരാഃ സര്‍വേ-ഹിന്ദുക്കളെല്ലാം സഹോദരന്മാരാണ്- എന്നു പേജാവര്‍ മഠാധിപതി സ്വാമി വിശ്വേശ്വതീര്‍ത്ഥ മൃദുമധുരമായ സ്വരത്തില്‍ പ്രഖ്യാപിച്ചപ്പോള്‍ ഹൈന്ദവ സഹസ്രങ്ങള്‍ ആകാശം പൊട്ടിവീഴുമാറ് ആര്‍പ്പുവിളിച്ചു. ഈ കാഴ്ച കണ്ട് ഐസിഎസ് ഉദ്യോഗസ്ഥനായ ശ്രീധരണയ്യ ഭാവാധീനനായി. ഹരിജനസഹോദരനായ അദ്ദേഹം തൊട്ടടുത്തു നിന്നിരുന്ന ഗുരുജിയെ 'ഗുരുജി' എന്നുവിളിച്ചു കെട്ടിപ്പിടിച്ചു. പിന്നീടൊരിക്കല്‍ മദിരാശിയിലെ ധര്‍മപ്രകാശ് ഹാളില്‍ ധര്‍മ്മാചാര്യന്മാര്‍ ഹിന്ദുക്കളുടെ പ്രശ്‌നങ്ങള്‍ക്ക് ആത്മീയവും ആചാരപരവുമായ പരിഹാരം കണ്ടെത്താന്‍ ഒന്നിച്ചുകൂടി. അവിടെവച്ച് അവര്‍ സമര്‍ത്ഥിച്ചു. ആരോ തളിച്ച ഏതോ വെള്ളംകൊണ്ട് ഹിന്ദു അഹിന്ദുവാകുന്നില്ല. അത്രയ്ക്ക് ലോലമല്ല ഹിന്ദുമതം. ഹിന്ദുവിന് പാതിത്യമില്ല. 'ന ഹിന്ദുഃ പതിതോ ഭവേത്.' ഇവിടെ ശതാബ്ദങ്ങള്‍ പഴക്കമുള്ള ആത്മഹത്യാപരമായ മാമൂലുകള്‍ തകരുകയായിരുന്നു! ഒരു പുതിയ സ്മൃതി രൂപംകൊള്ളുകയായിരുന്നു. ഒരു പുതിയ ചേതന ചിറകടിച്ചുയരുകയായിരുന്നു!

(തുടരും)

(ആര്‍എസ്എസ് മുന്‍ അഖിലേന്ത്യാ ബൗദ്ധിക് പ്രമുഖ് ആര്‍. ഹരിയുടെ 'ഇനി ഞാന്‍ ഉണരട്ടെ' എന്ന പുസ്തകത്തില്‍നിന്ന്)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.