തിരിച്ചുവരുന്ന യോഗികളുടെ മരണാനന്തര യാത്രക്കാലവും മാര്‍ഗ്ഗവും (8-25)

Thursday 20 April 2017 8:53 pm IST

മുന്‍ ശ്ലോകത്തില്‍ പറഞ്ഞ മാര്‍ഗത്തിനും കാലത്തിനും നേരെ വിപരീതമാണ് ഈ ധൂമ മാര്‍ഗ്ഗം. മരണശേഷം ദേഹം സംസ്‌കരിച്ച അഗ്നി പുക കൂടിയതാണെങ്കില്‍ രാത്രി ദേവതയാണ് ആ ജീവനെ സ്വീകരിക്കുന്നത്. രാത്രി കൃഷ്ണപക്ഷം, ആറുമാസങ്ങള്‍ ഉള്‍ക്കൊള്ളുന്ന ദക്ഷിണായന കാലം, ഇവയുടെ ദേവതകള്‍. ആ ജീവനെ ക്രമേണ പിതൃലോകത്തിലും അവിടെനിന്ന് ചന്ദ്രലോകത്തിലും എത്തിക്കുന്നു. ആ ലോകങ്ങളിലെ സുഖം അനുഭവിപ്പിച്ചശേഷം ചന്ദ്രലോകത്തിലെത്തി ദേവന്മാരുടെ ഭക്ഷണമായ സോമം എന്ന പാനീയം കുടിപ്പിക്കുന്നു. പിന്നെ അവരോഹണം തുടങ്ങുകയായി. അവിടെനിന്ന് അന്തരീക്ഷലോകത്തിലേക്ക് ഇറങ്ങിവരുന്നു. അവിടെനിന്ന്, വൃഷ്ടിയില്‍-മഴയില്‍-ഉള്‍പ്പൂകുന്നു. ആ മഴത്തുള്ളിയില്‍നിന്ന് വൃക്ഷങ്ങളുടെയും സസ്യങ്ങളുടെയും ഫലങ്ങളില്‍ ഉള്‍ച്ചേര്‍ന്ന് മനുഷ്യന്റെ ഭക്ഷണമായി ബീജത്തില്‍ പ്രവേശിച്ച്, സ്ത്രീഗര്‍ഭത്തില്‍ പ്രവേശിച്ച് മനുഷ്യനായി ജനിക്കുന്നു. ഇങ്ങനെ നിവൃത്തികര്‍മ്മം-യാഗ, ധ്യാന, യോഗാദികള്‍-അനുഷ്ഠിച്ചവര്‍ക്ക് ക്രമമുക്തി കിട്ടും. സകാമരായി കര്‍മ്മം അനുഷ്ഠിച്ചവര്‍ക്ക് ദിവ്യലോകങ്ങളിലെ സുഖം അനുഭവിച്ച് ഭൂമിയിലേക്ക് തിരിച്ചുവരേണ്ടിവരുന്നു. കൊലപാതകം, വഞ്ചന, സ്ത്രീപീഡനം, ഗോഹത്യ മുതലായ ശാസ്ത്രനിഷിധ കര്‍മ്മം ചെയ്തവര്‍ നരകത്തില്‍ കിടന്ന് അസഹ്യ ദുഃഖം അനുഭവിച്ച് മനുഷ്യരായി ജനിക്കുന്നു. നിരീശ്വരവാദം ചെയ്യുക. ഗ്രാമനഗരങ്ങളെയും നദീ-ശൈല-വനങ്ങളെയും നശിപ്പിക്കുക തുടങ്ങിയ ക്ഷുദ്രകര്‍മ്മങ്ങള്‍ ചെയ്യുന്നവര്‍ ഈ ഭൂമിയില്‍ തന്നെ പുഴുക്കളായും സര്‍പ്പങ്ങളായും ജനിച്ചും മരിച്ചും കറങ്ങുന്നു. വീണ്ടും വീണ്ടും പാപം ചെയ്തുകൂട്ടുന്നു. യാദൃച്ഛികമായോ മുന്‍കൂട്ടി നിശ്ചയിച്ചിട്ടോ ദേവയാന മാര്‍ഗത്തിലൂടെ ''അഗ്നിര്‍ജ്യോതിഃ'' എന്നു തുടങ്ങുന്ന കാലങ്ങളില്‍ മരണം സംഭവിച്ചാല്‍, യോഗനിഷ്ഠന്മാര്‍ ഭഗവാന്റെ ബ്രഹ്മജ്യോതിസ്സില്‍ ലയിച്ച് ബ്രഹ്മകണമായി മാറുന്നു. യോഗത്തില്‍ മുന്നേറാന്‍ കഴിയാത്തവര്‍, യാദൃച്ഛികമായി പുണ്യകാലങ്ങളില്‍ മരണം സംഭവിച്ചാല്‍, പിന്നീട് ജനിക്കേണ്ടിവരില്ല. അശുഭകാലങ്ങളില്‍ മരണം സംഭവിച്ചാല്‍ തിരിച്ചുവരേണ്ടിയും വരും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.