അമ്പലപ്പുഴ ക്ഷേത്രത്തിലെ പതക്കം കാണാതായത് സ്ഥിരീകരിച്ചു

Thursday 20 April 2017 9:22 pm IST

അമ്പലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ തിരുവാഭരണത്തിലുള്‍പ്പെട്ട നവരത്‌നങ്ങള്‍ പതിച്ച പതക്കം നഷ്ടപ്പെട്ടതായി സ്ഥിരീകരിച്ചു. സംഭവത്തില്‍ ക്രൈംബ്രാഞ്ച് അേന്വഷണത്തിന് സാദ്ധ്യത. പതക്കം കാണാതായത് സംബന്ധിച്ച് അമ്പലപ്പുഴ പോലീസില്‍ പരാതി നല്‍കിയതായി അസി. കമ്മീഷണര്‍ പറഞ്ഞു. ഇതു സംബന്ധിച്ച് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് മുഖ്യമന്ത്രി തീരുമാനമെടുക്കുമെന്ന് ക്ഷേത്രത്തിലെത്തിയ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. സംഭവത്തില്‍ ദേവസ്വം ബോര്‍ഡും ദേവസ്വം ബോര്‍ഡ് വിജിലന്‍സും അന്വഷണം ആരംഭിച്ചു. വിഷുനാളിലാണ് പതക്കം നഷ്ടപ്പെട്ടത്. ഈ വിവരം ബന്ധപ്പെട്ടവര്‍ മറച്ചു വയ്ക്കുകയായിരുന്നു. ഉപദേശക സമിതി മുന്‍ സെക്രട്ടറി ഡി. സുഭാഷ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് ദേവസ്വം ബോര്‍ഡ് ഡെപ്യൂട്ടി കമ്മീഷണര്‍ എസ്. ജയശ്രീ ഇന്നലെ ക്ഷേത്രത്തില്‍ എത്തി അന്വഷണം നടത്തിയത്. അസിസ്റ്റന്റ് കമ്മീഷണര്‍ എസ്. രഘുനാഥന്‍ നായര്‍ സ്‌ട്രോങ്ങ് റൂം തുറന്ന് പരിശോധന നടത്തി. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരുകേശിന്റെ സാന്നിദ്ധ്യത്തിലായിരുന്നു പരിശോധന. പരിശോധനയില്‍ പതക്കം നഷ്ടപ്പെട്ട വിവരം സ്ഥിരീകരിച്ചു. തുടര്‍ന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ക്ക് നോട്ടീസ് നല്‍കി. ഇതുമായി ബന്ധപ്പെട്ട് രേഖകള്‍ പരിശോധിച്ച് മഹസ്സര്‍ തയാറാക്കിയ ശേഷമാണ് നോട്ടീസ് നല്‍കിയത്. അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ പിന്നിട് രണ്ട് മേല്‍ശാന്തിമാര്‍ക്കും നോട്ടീസ് നല്‍കി. പതക്കം കാണാതായത് വിവാദമായതോടെ ദേവസ്വം വിജിലന്‍സ് ഓഫിസര്‍ ശ്രീകുമാറും ക്ഷേത്രത്തിലെത്തി പരിശോധന നടത്തി. ഇന്ന് ദേവസ്വം വിജിലന്‍സ് എസ്പിയും ദേവസ്വം ബോര്‍ഡ് കമ്മീഷണറും ക്ഷേത്രത്തിലെത്തും. തന്റെ പരിശോധനാ റിപ്പോര്‍ട്ട് ദേവസ്വം കമ്മീഷണര്‍ക്കു കൈമാറുമെന്ന് അസി. കമ്മീഷണര്‍ എസ്. രഘുനാഥന്‍ പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തില്‍ അമ്പലപ്പുഴ പോലിസ് ക്ഷേത്രത്തില്‍ എത്തി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍, മേല്‍ശാന്തിമാര്‍, താല്ക്കാലിക ജീവനക്കാര്‍ എന്നിവരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുടെ നിയന്ത്രണത്തിലുള്ള തിരുവാഭരണം വിഷു ചടങ്ങുകള്‍ക്കായി മേല്‍ശാന്തിമാരെ ഏല്‍പ്പിച്ചിരുന്നു. തിരികെ ലഭിച്ചപ്പോള്‍ തിരുവാഭരണത്തില്‍ ചാര്‍ത്തിയിരുന്ന അമൂല്യമായ നവരത്‌നങ്ങള്‍ പതിച്ച പതക്കങ്ങള്‍ കാണാനില്ലായിരുന്നു. തുടര്‍ന്ന് അന്വഷണം നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. നൂറ്റാണ്ടുകള്‍ പഴക്കമുള്ളതും 93 ഗ്രാം തങ്കത്തില്‍ അമൂല്യ രത്‌നങ്ങള്‍ പതിച്ചതുമായ പതക്കങ്ങള്‍ കോടികള്‍ വിലമതിക്കുന്നതാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭഗവാന്റെ സ്വര്‍ണ്ണ കുടയുടെ ഒരു ഭാഗം നഷ്ടപ്പെട്ടിരുന്നു. അതിന്റെ അന്വേഷണവും എങ്ങും എത്തിയിട്ടില്ല. പതക്കം കാണാതായത് സംബന്ധിച്ച് പോലീസ് വിജിലന്‍സ് അന്വഷിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി ജി. സുധാകരന് പരാതി നല്‍കുമെന്ന് ക്ഷേത്ര പൈതൃകസമ്പത്ത് സംരക്ഷണ സമിതി നേതാക്കളും അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.