ശാന്തിതീരത്തെ അനധികൃത കയ്യേറ്റങ്ങള്‍ പൊളിച്ചു നീക്കി

Thursday 20 April 2017 9:28 pm IST

ഷൊര്‍ണൂര്‍: കൊച്ചിന്‍ പാലത്തിന് സമീപം ഭാരതപ്പുഴയുടെ തീരത്തുള്ള ശാന്തിതീരം ശ്മശാനത്തിനെതിരായി നിര്‍മ്മിച്ച ഷെഡ് കയ്യേറ്റ ഭൂമിയിലാണെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് പൊളിച്ചു നീക്കി. കഴിഞ്ഞദിവസം അനധികൃതമായി നിര്‍മ്മിച്ച ഷെഡ് പൊളിച്ചു നീക്കാന്‍ ഷൊര്‍ണൂര്‍ നഗരസഭാധികൃതര്‍, റവന്യൂ,പോലീസ് സന്നാഹവുമായി എത്തി.എന്നാല്‍ ഷെഡ് നില്ക്കുന്ന സ്ഥലത്തിന്റെ ഉടമയാണെന്നു അവകാശപ്പെട്ടെത്തിയ സ്ത്രീ സ്ഥലത്തിന് രേഖയുണ്ടെന്നും സ്ഥിരമായി നികുതി അടക്കുന്നുണ്ടെന്നും അധികൃതരോട് പറഞ്ഞതിനെ തുടര്‍ന്ന് ഒഴിപ്പിക്കല്‍ നടപടി നിര്‍ത്തി. പുഴ കയ്യേറി വളച്ച് കെട്ടിയതാണോ എന്ന് പരിശോധിക്കാനും പുഴയുടെ തീരം അളക്കാനും തീരുമാനിക്കുകയായിരുന്നു. താലൂക്ക് സര്‍വെയര്‍ അജിതയുടെ നേതൃത്വത്തില്‍ സര്‍വെ നടപടി ആരംഭിച്ചു. ഇന്നലെ ഉച്ചക്ക് സര്‍വെ പൂര്‍ത്തിയായപ്പോള്‍ ഷെഡ് നില്‍ക്കുന്ന അഞ്ച് സെന്റ് സ്ഥലം പുഴയുടെഭാഗമാണെന്ന് വ്യക്തമായതിനെ തുടര്‍ന്ന് പൊളിച്ചു മാറ്റുകയായിരുന്നു. ശ്മശാനത്തിന്റെ മുന്‍വശത്ത് മതിലിനോട് ചേര്‍ന്ന് കമ്പിവേലി കെട്ടി വളച്ചുകെട്ടിയ രണ്ട് സെന്റ് സ്ഥലവും കയ്യേറ്റമാണെന്ന് സര്‍വെയില്‍ കണ്ടെത്തി. തുടര്‍ന്നാണ് ജെസിബി ഉപയോഗിച്ച് പൊളിച്ചു നീക്കല്‍ നടപടി ആരംഭിച്ചത്. ഷെഡ് നില്ക്കുന്ന സ്ഥലം 30 വര്‍ഷമായി കൈവശം വെച്ചു വരുന്നതാണ്. ചെറിയ ഒരു ഓലപ്പുരയും ഈ സ്ഥലത്തുണ്ടായിരുന്നു, വാടകക്കാര്‍ താമസിക്കുന്നുമുണ്ട്. ശ്മശാനത്തിന് സമീപം പ്രവര്‍ത്തിച്ചിരുന്ന അനധികൃത ചായക്കടയും നീക്കംചെയ്തു.