മലപ്പുറത്തെ മതനിരപേക്ഷത!

Thursday 20 April 2017 9:48 pm IST

ആര്യാടന്‍ മുഹമ്മദ് രാഷ്ട്രീയത്തില്‍ സജീവമല്ലാതിരിക്കുന്നത് കോണ്‍ഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും ഭാഗ്യം. വര്‍ഗീയ കക്ഷിയായ ലീഗുമായി കൂട്ടുചേരുന്നത് കോണ്‍ഗ്രസിന് ബാധ്യതയാകുമെന്ന് കെപിസിസി അധ്യക്ഷനായിരുന്ന സി.കെ. ഗോവിന്ദന്‍ നായര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്ന് ഒരു പ്രസംഗത്തില്‍ രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടിയപ്പോള്‍, ഇപ്പോഴാണ് കെപിസിസി അധ്യക്ഷന്‍ യഥാര്‍ത്ഥ പാര്‍ട്ടി അധ്യക്ഷനായതെന്ന് പ്രതികരിച്ചയാളാണ് ആര്യാടന്‍. തന്റെ വിമര്‍ശനം ഒരു ദുര്‍ബല നിമിഷത്തില്‍ സംഭവിച്ചുപോയതാണെന്ന് പിന്നീട് ചെന്നിത്തല ലീഗ് നേതൃത്വത്തോട് ഏറ്റുപറഞ്ഞെങ്കിലും ആര്യാടന്‍ നിലപാട് മാറ്റിയില്ല. മുസ്ലിംലീഗ് വര്‍ഗീയ കക്ഷിയാണെന്നും രാഷ്ട്രീയ നേതാവായ പാണക്കാട്ട് തങ്ങള്‍ വിമര്‍ശാനാതീതനല്ലെന്നും ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരിക്കാന്‍ മലപ്പുറം ജില്ലയില്‍ മുസ്ലിംലീഗ് നേടുന്ന തെരഞ്ഞെടുപ്പ് വിജയങ്ങള്‍ ആര്യാടന് തടസ്സമായില്ല. സ്വാഭിപ്രായത്തില്‍ വെള്ളം ചേര്‍ക്കാതെ മലപ്പുറം ജില്ലയിലെതന്നെ നിലമ്പൂര്‍ നിയോജകമണ്ഡലത്തില്‍നിന്ന് ആര്യാടന്‍ നിരന്തരം തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ പി.കെ. കുഞ്ഞാലിക്കുട്ടിയുടെ വിജയത്തോടുള്ള അദ്ദേഹത്തിന്റെ പാര്‍ട്ടിയായ മുസ്ലിംലീഗിന്റെയും, എതിരാളികളെന്ന് കരുതപ്പെടുന്ന ചിലരുടെയും പ്രതികരണങ്ങളാണ് ആര്യാടന്റെ പ്രസക്തി ഓര്‍മിക്കാന്‍ കാരണം. ആടിനെ പട്ടിയാക്കുന്ന പ്രചാരണമെന്ന് സ്ഥാനത്തും അസ്ഥാനത്തും പലരും പറയാറുള്ളതാണെങ്കിലും കുഞ്ഞാലിക്കുട്ടിയുടെ കന്നി ലോക്‌സഭാ തെരഞ്ഞെടുപ്പ് വിജയത്തിന്റെ മഹത്വം കൊട്ടിഘോഷിച്ചവര്‍ അക്ഷരാര്‍ത്ഥത്തില്‍ ഈ പ്രയോഗത്തെ ശരിവച്ചു. ''മതനിരപേക്ഷതയുടെ വിജയമാണ് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ വിജയം'' എന്നാണ് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സെയ്ദ് ഹൈദരാലി തങ്ങള്‍ പ്രതികരിച്ചത്. ചാനല്‍ ചര്‍ച്ചകളില്‍ പലരും പ്രസംഗിച്ച് തുടങ്ങിയതുതന്നെ മലപ്പുറത്തേത് മതനിരപേക്ഷ വിജയമെന്ന് പറഞ്ഞുകൊണ്ടാണ്. കേരളംപോലെ രാഷ്ട്രീയ പ്രബുദ്ധമെന്ന് അഹങ്കരിക്കുന്ന ഒരു സംസ്ഥാനത്ത് തീര്‍ത്തും അസംബന്ധമായ ഇങ്ങനെയൊരു അവകാശവാദം ഉന്നയിക്കുന്നത് ജനങ്ങളുടെ സാമാന്യബോധത്തെ പരിഹസിക്കുന്നതാണ്. ഒരു ഉപതെരഞ്ഞെടുപ്പിലെ ജയം മുസ്ലിംലീഗിനെ വര്‍ഗീയമല്ലാതാക്കുമെന്ന് കരുതുന്നത് നല്ലൊരു മഴ നനഞ്ഞാല്‍ പുള്ളിപ്പുലിയുടെ പുള്ളികള്‍ ഒലിച്ചുപോകുമെന്ന് കരുതുന്നതുപോലെയാണ്. എത്ര തെരഞ്ഞെടുപ്പില്‍, എത്ര വലിയ ഭൂരിപക്ഷത്തിന് ജയിച്ചാലും ലീഗ് വര്‍ഗീയ കക്ഷിതന്നെയായിരിക്കും. ലീഗിനെ മതേതരമാക്കാന്‍ ആ പാര്‍ട്ടിയെ സൃഷ്ടിച്ചവര്‍ക്കുപോലും കഴിയില്ല. 1947 ലെ രാഷ്ട്രവിഭജനത്തിന്റെ ദുരന്തം നേരിട്ട് അനുഭവിച്ചിട്ടില്ല ഇന്ത്യയുടെ ഇങ്ങേയറ്റത്ത് കിടക്കുന്ന കേരളം. എന്നാലിത് മുസ്ലിംലീഗിന്റെ ചരിത്രവും അതിന്റെ ദേശവിരുദ്ധ നിലപാടുകളും ചെയ്തികളും തമസ്‌കരിക്കാന്‍ സഹായകമാവുമെന്ന് ആരും കരുതേണ്ടതില്ല. ഹിന്ദുക്കളും മുസ്ലിങ്ങളും രണ്ട് രാഷ്ട്രങ്ങളാണെന്ന് വാദിച്ച് പാക്കിസ്ഥാന്‍ സൃഷ്ടിക്ക് ഉത്തരവാദികളായവരാണ് മുസ്ലിം ലീഗുകാര്‍. അതേ ലീഗുതന്നെയാണ് മലപ്പുറത്തുമുള്ളത്. അഖിലേന്ത്യാ പാര്‍ട്ടിയെന്ന് അവകാശപ്പെടുന്ന മുസ്ലിം ലീഗിന്റെ രണ്ട് പ്രതിനിധികള്‍ മലപ്പുറത്തുനിന്നാണ് സ്ഥിരമായി ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. ഇതുവഴി ഉത്തരേന്ത്യന്‍ ജനത തിരസ്‌കരിക്കുന്ന ലീഗുമായി കേരളത്തിലെ ലീഗിന് വലിയ ബന്ധമൊന്നുമില്ലെന്ന ധാരണ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. മുസ്ലിംലീഗിന്റെ ചരിത്രവും വര്‍ത്തമാനവും മതേതരത്വത്തിന് എതിരാണ്. ഇന്ത്യ വിഭജിക്കപ്പെട്ടതിനുശേഷം ലീഗിന്റെ ഭാവിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഇന്ത്യന്‍ മുസ്ലിങ്ങളുടെ ഒരു യോഗം കൊല്‍ക്കത്തയില്‍ ചേര്‍ന്നിരുന്നു. ആ യോഗത്തില്‍ കേരളത്തില്‍നിന്നുള്ള മുസ്ലിംലീഗ് നേതാക്കളായ കെ.എം.സീതി സാഹിബും തമിഴ്‌നാട്ടില്‍നിന്നുള്ള മുഹമ്മദ് ഇസ്മായിലും പ്രസംഗിക്കുകയുണ്ടായി. മുസ്ലിംലീഗ് പിരിച്ചുവിടാന്‍ എച്ച്.എന്‍. സുഹ്രവര്‍ദി വിളിച്ചുകൂട്ടിയ യോഗം ഈ നേതാക്കളുടെ പ്രസംഗത്തിന്റെ ഫലമായി തീരുമാനം മാറ്റിയെന്നാണ് ചിലര്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. മുസ്ലിംലീഗിന്റെ ഭാവി തീരുമാനിക്കാന്‍ മുഹമ്മദലി ജിന്നയോടും ലിയാഖത്ത് അലിഖാനോടും ആവശ്യപ്പെടുന്ന പ്രമേയം യോഗം അംഗീകരിച്ചു. ലിയാഖത്ത് അലിഖാനെ പാക്കിസ്ഥാന്‍ മുസ്ലിംലീഗ് കണ്‍വീനറായും ഇസ്മായിലിനെ ഇന്ത്യയിലെ ലീഗ് പുനഃസംഘടിപ്പിക്കാനുള്ള കണ്‍വീനറായും ജിന്നയുടെ നേതൃത്വത്തിലുള്ള സര്‍വേന്ത്യാ മുസ്ലിംലീഗ് കൗണ്‍സില്‍ നിശ്ചയിച്ചു. പാക്കിസ്ഥാന്‍ സൃഷ്ടിച്ച മുസ്ലിലീഗിന്റെ തുടര്‍ച്ചയാണ് ഇന്ത്യയിലെ മുസ്ലിലീഗും എന്നര്‍ത്ഥം. തെരഞ്ഞെടുപ്പ് സഖ്യത്തെ സാധൂകരിക്കാന്‍ പാക്കിസ്ഥാന്റെ രൂപീകരണത്തിലേക്ക് നയിച്ച മുസ്ലിംലീഗല്ല, ഇന്ത്യയിലെ ലീഗെന്ന് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി ഒരിക്കല്‍ പറഞ്ഞപ്പോള്‍ അത് നിഷേധിക്കുകയും മുഹമ്മദാലി ജിന്നയുടെ ലീഗുതന്നെയാണ് ഇന്ത്യയിലെ ലീഗെന്ന് പാര്‍ട്ടി നേതാക്കള്‍ പരസ്യമായി പ്രഖ്യാപിക്കുകയുണ്ടായി. ഇന്ത്യയില്‍ മുസ്ലിങ്ങള്‍ക്ക് രക്ഷയില്ലെന്ന് പാക്കിസ്ഥാനില്‍ ചെന്ന് പരാതി പറഞ്ഞയാളാണല്ലോ ലീഗ് അഖിലേന്ത്യ പ്രസിഡന്റ് ഇബ്രാഹിം സുലൈമാന്‍ സേട്ട്. ഇങ്ങനെയുള്ളവര്‍ ഈ രാജ്യത്തോട് കൂറ് പുലര്‍ത്തുന്നവരല്ലെന്ന് മറ്റുള്ളവര്‍ക്ക് തോന്നിയാല്‍ അത് കുറ്റമാകുമോ? ലീഗ് അഖിലേന്ത്യാ പ്രസിഡന്റായിരുന്ന മുഹമ്മദ് ഇസ്മായില്‍ മഞ്ചേരിയില്‍നിന്ന് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. പില്‍ക്കാലത്ത് ലീഗ് അഖിലേന്ത്യാ പ്രസിഡന്റുമാരായ ഇബ്രാഹിം സുലൈമാന്‍ സേട്ട് കര്‍ണാടകക്കാരനും, ജി.എം. ബനാത്‌വാല ഗുജറാത്തിയുമായിരുന്നു. ഇവിടങ്ങളില്‍നിന്ന് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍പ്പോലും മത്സരിച്ച് ജയിക്കാന്‍ കഴിയാത്ത, മലയാളം കേട്ടാല്‍ പോലും മനസ്സിലാകാത്ത ഇവര്‍ കേരളത്തില്‍നിന്ന് എംപിമാരായി തെരഞ്ഞെടുക്കപ്പെടാനുള്ള കാരണം ലീഗ് ഒരു മതത്തെ മാത്രം പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടിയായതുകൊണ്ടാണ്. മുസ്ലിംലീഗിന്റെ എംപിമാരും എംഎല്‍എമാരുമൊക്കെ മുസ്ലിങ്ങളാണ്. കുന്ദമംഗലം സംവരണമണ്ഡലത്തില്‍നിന്ന് ലീഗ് പിന്തുണയോടെ ഒരു യു.സി. രാമന്‍ ജയിച്ചിട്ടുള്ളതിനാല്‍ ലീഗ് മതേതരമാകുന്നില്ല. ശരിയത്തുപോലുള്ള മതപരമായ പ്രശ്‌നങ്ങളാണ് മുസ്ലിംലീഗ് ആവേശകരമായി ഏറ്റെടുക്കാറുള്ളത്. വനിതകള്‍ക്ക് നാമമാത്രമായ പ്രാതിനിധ്യംപോലും നല്‍കാത്തത് ലീഗിന്റെ മതപരമായ സ്വഭാവത്തിന് അടിവരയിടുന്നു. മുസ്ലിങ്ങളുടെ താല്‍പ്പര്യം സംരക്ഷിക്കാനുള്ളതാണ് പാര്‍ട്ടിയെന്നാണ് ലീഗിന്റെ ഭരണഘടനതന്നെ ഊന്നിപ്പറയുന്നത്. മതരാഷ്ട്രീയ പാര്‍ട്ടിയായാണ് മാര്‍ക്‌സിസ്റ്റ് ആചാര്യന്‍ ഇഎംഎസ് നമ്പൂതിരിപ്പാടും ലീഗിനെ വിലയിരുത്തിയിട്ടുള്ളത്. ഇത്തരം അപ്രിയസത്യങ്ങള്‍ക്കു നേരെ രാഷ്ട്രീയരംഗത്തും മാധ്യമങ്ങളിലുമുള്ള ലീഗിന്റെ ഉപ്പുംചോറും തിന്നു കഴിയുന്നവര്‍ കണ്ണടച്ചാല്‍ മറ്റുള്ളവര്‍ക്ക് ഇരുട്ടാകില്ല. മതേതരത്വവുമായി പുലബന്ധം പോലുമില്ലാത്ത വിജയമാണ് മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിക്ക് ലഭിച്ചിട്ടുള്ളത്. രണ്ട് തെരഞ്ഞെടുപ്പുകളില്‍ ഇ.അഹമ്മദിന് ലഭിച്ച വിജയങ്ങളുടെ തനിയാവര്‍ത്തനമാണ് ഉപതെരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടിയുടേത്. 'പച്ച'യായ വര്‍ഗീയ ധ്രുവീകരണത്തിന്റെ ഫലമാണിതെന്ന് പ്രത്യക്ഷത്തില്‍ വ്യക്തമാണ്. 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മതതീവ്രവാദികളായ പോപ്പുലര്‍ ഫ്രണ്ടിന്റെ എസ്ഡിപിഐ, ജമാ അത്തെ ഇസ്ലാമിയുടെ വെല്‍ഫെയര്‍ പാര്‍ട്ടി എന്നിവയ്ക്ക് 77,967 വോട്ട് മലപ്പുറത്ത് ലഭിച്ചിരുന്നു. ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താതിരുന്ന ഇവരുടെ വോട്ട് മൊത്തമായി ലഭിച്ചത് ലീഗിനാണ്. ബിജെപിക്കെതിരെ മതവിദ്വേഷം പരത്തുന്ന എല്‍ഡിഎഫിന്റെ പ്രചാരണം ഈ വര്‍ഗീയ ധ്രുവീകരണത്തിന്റെ ആക്കം കൂട്ടുകയും ലീഗിന് അനുകൂലമാവുകയും ചെയ്തു. മതതീവ്രവാദത്തിനും ഭീകരതയ്ക്കുമെതിരെ ലീഗില്‍നിന്നുകൊണ്ട് കുരിശുയുദ്ധം നടത്തുകയാണെന്ന് പറയുന്ന കെ.എം. ഷാജിയെപ്പോലുള്ളവര്‍ കുഞ്ഞാലിക്കുട്ടിയുടെ വിജയത്തിനായി നിശബ്ദത പാലിച്ചു. എംബിബിഎസിനു പുറമെ 'മതേതരത്വത്തില്‍ ഡോക്ടറേറ്റ്' ഉണ്ടെന്ന് നടിക്കുന്ന എം.കെ. മുനീര്‍ മാവിലായിക്കാരനുമായി. ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്രമോദിയും ബിജെപിയും നേടിയ ചരിത്രപരമായ വിജയം വര്‍ഗീയ ധ്രുവീകരണത്തിന്റെ വിജയമായി വ്യാഖ്യാനിച്ചവരാണ് മലപ്പുറത്തെ വര്‍ഗീയ ധ്രുവീകരണം കാണാതെ പോയത്. യുപിയില്‍ 79 ശതമാനത്തിലേറെ മുസ്ലിങ്ങളുള്ള 42 മണ്ഡലങ്ങളില്‍ 32 ഇടത്തും ബിജെപി ജയിച്ചു. മതപരമായ വര്‍ഗീയ ധ്രുവീകരണമല്ല, മതത്തിനും ജാതിക്കും അതീതമായ വിജയമാണ് ബിജെപിക്ക് ലഭിച്ചതെന്ന് ഇത് തെളിയിക്കുന്നു. ഇരുമുന്നണികളിലായി നിലയുറപ്പിച്ച് പരസ്പരം മത്സരിക്കുമ്പോഴും ബിജെപിക്കെതിരായ മഹാസഖ്യത്തിലാണ് എല്‍ഡിഎഫും യുഡിഎഫും. മലപ്പുറത്ത് ഈ സംയുക്ത നീക്കത്തിന്റെ ഗുണഭോക്താവായി കുഞ്ഞാലിക്കുട്ടി മാറുകയായിരുന്നു. ബിജെപി മുസ്ലിം വിരുദ്ധമാണെന്നും മുസ്ലിങ്ങള്‍ ബിജെപിക്കെതിരാണെന്നും പതിറ്റാണ്ടുകളായി നടത്തുന്ന കുപ്രചാരണത്തിന്റെ പൊള്ളത്തരം യുപി നിയമസഭാ തെരഞ്ഞെടുപ്പ് ഫലം തുറന്നുകാട്ടുകയുണ്ടായി. 19.31 ശതമാനം മുസ്ലിം ജനസംഖ്യയുള്ള, 'ബാബറിമസ്ജിദിന്റെ നാടായ' യുപിയില്‍ ബിജെപിയെ പിന്തുണയ്ക്കാന്‍ മുസ്ലിങ്ങള്‍ തയ്യാറായെങ്കില്‍ കേരളത്തിലും അത് ആവര്‍ത്തിക്കുകയില്ലെന്ന് ആര്‍ക്കും പറയാനാവില്ലല്ലോ. ബിജെപിയുടെ കാഴ്ചപ്പാടില്‍ മുസ്ലിംലീഗാണ് വര്‍ഗീയം. മുസ്ലിങ്ങളെല്ലാം വര്‍ഗീയവാദികളല്ല. കാല്‍ചുവട്ടിലെ മണ്ണ് ചോര്‍ന്നുപോകാതിരിക്കാന്‍ ലീഗ് നേതൃത്വം കാലേക്കൂട്ടി പ്രയോഗിക്കുന്ന അടവുനയമാണ് മലപ്പുറെത്ത വിജയത്തിന്റെ പേരില്‍ പതിവില്ലാത്ത വിധത്തിലുള്ള ഈ മതേതര വ്യഗ്രതയെന്ന് കരുതേണ്ടിയിരിക്കുന്നു.