പെരുമ്പളത്തുകാര്‍ക്ക് ഇനി ടെലിവിഷന്‍ കണ്ട് യാത്ര ചെയ്യാം

Thursday 20 April 2017 9:33 pm IST

പൂച്ചാക്കല്‍: പെരുമ്പളം ദ്വീപിലേക്കുള്ള ബോട്ട് യാത്രക്കാര്‍ക്ക് ഇനി ടിവി ദൃശ്യങ്ങളും ആസ്വദിക്കാം. പാണാവള്ളി പെരുമ്പളം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബോട്ടുകളില്‍ എല്‍ഇഡി ടിവി സ്ഥാപിച്ചു. ജലഗതാഗത വകുപ്പ് ബോട്ടുകളില്‍ യാത്രക്കാര്‍ക്കായി ഒരുക്കിയിട്ടുള്ള സുരക്ഷാ സംവിധാനങ്ങള്‍, ഇവയുടെ ഉപയോഗം, വകുപ്പിന്റെ ചരിത്രം, ജലസ്രോതസ്സുകളുടെ മലിനീകരണം, കേരളത്തിലെ വിനോദ സഞ്ചാര മേഖലകള്‍ എന്നിവയെക്കുറിച്ചുള്ള ബോധവത്ക്കരണ പരിപാടികളാണ് യാത്രക്കാരെ കാണിക്കുന്നത്. കഴിഞ്ഞ ദിവസം മുതലാണ് ടിവി പ്രവര്‍ത്തിച്ച് തുടങ്ങിയത്. പാണാവള്ളിക്കൊപ്പം മറ്റ് സ്റ്റേഷനുകളിലെ ബോട്ടുകളിലും ടിവി സ്ഥാപിച്ചിട്ടുണ്ട്. ആദ്യഘട്ടമെന്ന നിലയില്‍ പെന്‍ഡ്രൈവ് ഉപയോഗിച്ചാണ് പ്രവര്‍ത്തിപ്പിക്കുന്നത്. തുടര്‍ന്ന് ഇത്തരം പരിപാടികളോടൊപ്പം സിനിമ, ചിത്രഗീതം തുടങ്ങിയവയും പ്രദര്‍ശിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്. പുതിയ സംവിധാനം ജലഗതാഗത വകുപ്പിനു വരുമാന മാര്‍ഗ്ഗമായി മാറുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.