വേണം ദേശീയ മത്സ്യബന്ധന നയം

Thursday 20 April 2017 9:49 pm IST

കേരളത്തിലെ പരമ്പരാഗത മത്സ്യമേഖലയുടെ പ്രശ്‌നങ്ങള്‍ നിരവധിയാണ്. നാളിതുവരെ ഭരണനിര്‍വ്വഹണം നടത്തിയവര്‍ ഈ പരമ്പരാഗത ജനവിഭാഗത്തിന്റെ പ്രതിസന്ധി പരിഹരിച്ച് മുന്നേറാനുള്ള ഒരു പ്രവര്‍ത്തനവും നടപ്പിലാക്കിയില്ല. അതതു കാലത്തെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കുവേണ്ടി മത്സ്യതൊഴിലാളി സമൂഹത്തിന്റെ വോട്ട് നേടുവാനുള്ള തട്ടിക്കൂട്ടല്‍ പരിപാടികള്‍ മാത്രമാണ് ഇതുവരെ നടത്തിയിട്ടുള്ളത്. കടല്‍, കായല്‍ തീരത്ത് അധിവസിച്ച് മത്സ്യബന്ധനത്തെ ആശ്രയിച്ച് ജീവിക്കുന്ന തീരദേശ ജനവിഭാഗത്തിന്റെ സാമൂഹിക,സാമ്പത്തിക,സാംസ്‌കാരികമായ ഉന്നതിയാണ് ഭാരതീയമത്സ്യപ്രവര്‍ത്തക സംഘം ലക്ഷ്യമാക്കുന്നത്. ദേശീയ താല്‍പര്യത്തിനനുസരിച്ച് ഒരു മത്സ്യബന്ധന നയം രൂപീകരിക്കുവാന്‍ പോലും രാജ്യംഭരിച്ചവര്‍ക്കായിട്ടില്ല. എന്നാല്‍, കടലും കടല്‍തീരവും വന്‍കിട കുത്തകകള്‍ക്കും വിദേശികള്‍ക്കും തീറെഴുതിക്കൊടുത്ത് മത്സ്യമേഖലയെ വഴിയാധാരമാക്കാനുള്ള നയരൂപീകരണം നടത്തുകയും ചെയ്തു. രാജ്യവ്യാപകമായി നടന്ന വന്‍പ്രക്ഷോഭങ്ങളെത്തുടര്‍ന്ന് വിദേശ കപ്പല്‍ മത്സ്യബന്ധനം അന്വേഷിച്ച പി. മുരാരി കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ട് പാര്‍ലമെന്റ് അംഗീകരിച്ചിട്ടും വിദേശ കപ്പലുകളെ യഥേഷ്ടം മത്സ്യബന്ധനം നടത്താന്‍ അനുവദിച്ച ക്രൂരമായ സമീപനമാണ് അക്കാലത്തെ കേന്ദ്രസര്‍ക്കാര്‍ കൈകൊണ്ടത്. മത്സ്യത്തൊഴിലാളി വിഭാഗത്തിന്റെ അടിസ്ഥാന സൗകര്യവികസനത്തിനായി കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുന്ന ഫണ്ട് വിനിയോഗിക്കുന്നതില്‍ രാഷ്ട്രീയ പക്ഷപാതസമീപനമാണ് കേരളം എക്കാലത്തും കൈകൊണ്ടിട്ടുള്ളത്. മത്സ്യബന്ധന ഉപകരണങ്ങള്‍ വാങ്ങാന്‍ സബ്‌സിഡിയുള്ള വായ്പയായി കോടിക്കണക്കിന് രൂപയാണ് എന്‍സിഡിസി വഴി നല്‍കുന്നത്. ഈ വന്‍ സാമ്പത്തിക സ്രോതസ്സ് കൈകാര്യം ചെയ്യാനുള്ള വൃത്തികെട്ട രാഷ്ട്രീയ നാടകങ്ങളാണ് മത്സ്യഫെഡ് എന്ന സഹകരണപ്രസ്ഥാനത്തിന്റെ തലപ്പത്ത് അരങ്ങേറിക്കൊണ്ടിരിക്കുന്നത്. സഹകരണ നിയമത്തിന്റെ പ്രാഥമിക തത്വങ്ങള്‍പോലും അവഗണിച്ച് പ്രൈമറി സംഘങ്ങള്‍ പെരുകുകയും പിരിച്ചുവിടുകയും ചെയ്യുന്നത് മത്സ്യഫെഡ് ഭരണം പിടിച്ചെടുക്കാനും തരംപോലെ വെട്ടിപ്പ് നടത്താനുമാണ്. കേരളത്തില്‍ ഇടതുവലതു മുന്നണികള്‍ നടത്തുന്ന ഒത്തുതീര്‍പ്പു രാഷ്ട്രീയത്തിന്റെ നേര്‍കാഴ്ചയാണ് മത്സ്യഫെഡെന്ന സഹകരണസംവിധാനത്തിലും അരങ്ങേറുന്നത്. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ഭരണത്തിലും, നടപ്പിലാക്കുന്ന ആനുകൂല്യങ്ങളുടെ കാര്യത്തിലും രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കാണ് പ്രാധാന്യം. മൂന്നു പതിറ്റാണ്ടു പിന്നിട്ടിട്ടും നാമമാത്രമായ ആനുകൂല്യങ്ങള്‍ക്ക് കാലാനുസൃതമായ മാറ്റം കൊണ്ടുവരാന്‍ ഇതുവരെ സാധിച്ചിട്ടില്ല. മത്സ്യത്തൊഴിലാളികളില്‍നിന്ന് വിഹിതം പിരിക്കുന്ന കാര്യത്തില്‍ കര്‍ശന നിലപാട് സ്വീകരിക്കുന്ന ക്ഷേമനിധിബോര്‍ഡ് ആനുകൂല്യങ്ങള്‍ നല്‍കുന്നതില്‍ വരുത്തുന്ന കാലതാമസത്തിന് യാതൊരു പരിധിയുമില്ല. പെന്‍ഷന്‍ കുടിശ്ശിക സ്ഥിരമായി നിലനിര്‍ത്തുകയും ആണ്ടറുതിക്ക് നക്കാപ്പിച്ച കാശ് നല്‍കി കാലം കഴിക്കുകയും ചെയ്യുന്നു. തൊഴിലാളികളുടെ വിഹിതം കൃത്യമായി കണക്കുതീര്‍ത്തു വാങ്ങിക്കുമ്പോള്‍ ക്ഷേമഫണ്ടില്‍ ലാഭവിഹിതം അടക്കേണ്ട വന്‍കിട കച്ചവടക്കാര്‍ക്ക് മുന്നില്‍ രാഷ്ട്രീയ നോമിനികളായ ബോര്‍ഡധികാരികള്‍ തലകുമ്പിട്ടു നില്‍ക്കുന്നു. മത്സ്യോല്‍പ്പാദനത്തില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന കേരളം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇപ്പോള്‍ വളരെ പിന്നിലാണ്. കാലവസ്ഥാ വ്യതിയാനം, ആഗോളതാപനം എന്നിവ മൂലം മുകള്‍തട്ടിലെ മത്സ്യലഭ്യതയില്‍ വലിയതോതില്‍ കുറവു സംഭവിച്ചതാണ് ഇതിനു കാരണമായത്. ഈ സാഹചര്യത്തില്‍ പരമ്പരാഗത മത്സ്യബന്ധന മേഖല കടുത്ത പ്രതിസന്ധിയിലുമാണ്. മത്സ്യബന്ധന ഉപകരണങ്ങള്‍ വാങ്ങാന്‍ വായ്പ എടുത്തവര്‍ ഗുരുതരമായ ജപ്തി ഭീഷണിയിലുമാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കൃത്യമായി ബോദ്ധ്യമുള്ള മത്സ്യലഭ്യതക്കുറവിന്റെ സാഹചര്യത്തില്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കാന്‍ നടപടിയുണ്ടാവണം. മത്സ്യത്തൊഴിലാളികളെ കടക്കെണിയില്‍ നിന്നു മോചിപ്പിക്കാന്‍ നടപ്പിലാക്കിയ മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ വര്‍ഷമേറെ പിന്നിട്ടിട്ടും എങ്ങും എത്താത്ത അവസ്ഥയിലാണ്. തീരദേശമേഖല കടംകൊണ്ട് പൊറുതിമുട്ടുമ്പോള്‍ കടാശ്വാസ കമ്മീഷന്‍ അത്യാസന്ന നിലയിലാണ്. മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ മത്സ്യത്തൊഴിലാളിക്ക് ആശ്വാസമാകണമെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ ആവശ്യമായ ഫണ്ട് അനുവദിക്കണം. കഴിഞ്ഞ ബജറ്റില്‍ നാമമാത്രമായ ഫണ്ടാണ് അനുവദിച്ചതെങ്കില്‍ പുതിയ ബജറ്റില്‍ നയാപൈസ വകയിരുത്തിയിട്ടില്ല. ഭക്ഷ്യസുരക്ഷാ നിയമം നടപ്പിലാക്കാന്‍ നടത്തിക്കൊണ്ടിരിക്കുന്ന റേഷന്‍കാര്‍ഡ് പരിശോധനയും പരിഷ്‌കരണവും മത്സ്യമേഖലയില്‍ ഭൂരിഭാഗവും എപിഎല്‍ പട്ടികയില്‍ ആയിരിക്കുകയാണ്. മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ലഭിക്കുന്ന സര്‍വ്വവിധ ആനുകൂല്യങ്ങളും നഷ്ടപ്പെടുന്ന സാഹചര്യമാണ് ഇതുമൂലം ഉണ്ടായിട്ടുള്ളത്. പ്രത്യേക പരിരക്ഷ നല്‍കി സംരക്ഷിക്കേണ്ട പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട തീരദേശ ജനവിഭാഗത്തിനെ ബിപിഎല്‍ പട്ടികയില്‍ സ്ഥിരപ്പെടുത്താന്‍ സര്‍ക്കാരിന് ബോധോദയം ഉണ്ടാകണം. വീടില്ലാത്തവര്‍ക്കെല്ലാം വീട് നല്‍കും എന്നതാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ പ്രഖ്യാപിത നയം. എന്നാല്‍ തീരദേശ മേഖലയില്‍ താമസിക്കുന്നവര്‍ക്ക് വീട് വെക്കാനുള്ള ആനുകൂല്യം ലഭിക്കുന്നതിനും വീട് നിര്‍മ്മിക്കാന്‍ തടസ്സം നില്‍ക്കുന്നതും സര്‍ക്കാറിന്റെ നയസമീപനം തന്നെയാണ്. സിആര്‍സെഡിന്റെ പേരില്‍ തീരത്ത് 500 മീറ്റര്‍വരെ പ്രദേശത്തുള്ളവര്‍ക്ക് പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി നിഷേധിക്കപ്പെടുന്നു. സിആര്‍സെഡ് നിയമത്തിന്റെ പേരില്‍ തീരത്ത് വീടുവെക്കാന്‍ അനുവാദം നിഷേധിച്ചുകൊണ്ടുള്ള സംസ്ഥാനത്തെ തദ്ദേശ ഭരണനടപടിയും നിലനില്‍ക്കുന്നു. മത്സ്യത്തൊഴിലാളികള്‍ക്ക് വീട് നിര്‍മ്മാണത്തിന് നല്‍കുന്ന സൗജന്യ ധനസഹായംപോലും നിഷേധിക്കപ്പെടുന്നു. വിദ്യാഭ്യാസ രംഗത്ത് ഏറ്റവും പിന്നാക്കം നില്‍ക്കുന്ന തീരദേശമേഖലയില്‍ കാര്യമായ ഇടപെടലുകള്‍ ഇതുവരെയുണ്ടായിട്ടില്ല. സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന ഫിഷറീസ് ടെക്‌നിക്കല്‍ സ്‌കൂളുകള്‍ ഇല്ലായ്മകളുടെയും പോരായ്മകളുടെയും പ്രതീകമായി നിലനില്‍ക്കുന്നു. വിദ്യാഭ്യാസ സംവരണവും സ്‌കൂളുകളും സംഘടിത മതവിഭാഗങ്ങള്‍ക്ക് ഉദാരമായി അനുവദിക്കപ്പെടുമ്പോള്‍ ഭൂരിപക്ഷ ജനത പാടെ അവഗണിക്കപ്പെടുന്നു. ആരോഗ്യരംഗവും ശുചിത്വവും ഏറെ പരിതാപകരമാണ്. തീരവും തീരപരിസ്ഥിതിയും തകര്‍ക്കുന്ന മണല്‍കടത്ത്, കടല്‍മണല്‍ ഖനനം നടത്താനുള്ള ഗൂഢപദ്ധതി, ഹാര്‍ബറുകളുടെ നിര്‍മ്മാണത്തിലെ കാലതാമസവും കെടുകാര്യസ്ഥതയും ജലാശയങ്ങള്‍ക്കും മത്സ്യസമ്പത്തിനും ദോഷമാകുന്ന മാലിന്യമൊഴുക്കല്‍, കടല്‍-കായല്‍ തീരത്തെ വന്‍കെട്ടിട നിര്‍മ്മാണങ്ങള്‍, ഉപജീവനത്തിനായുള്ള പരമ്പരാഗത മത്സ്യബന്ധനത്തിനിടയില്‍ ലാഭക്കൊതിയോടെയുള്ള വന്‍കിടക്കാരുടെ കടന്നുകയറ്റം, തീരപാതയുടെ പേരിലുള്ള കുടിയൊഴിപ്പിക്കല്‍ ഭീഷണി, ഉള്‍നാടന്‍ ജലാശയങ്ങളിലെ കയ്യേറ്റങ്ങള്‍ ഇങ്ങനെ നിരവധിയായുള്ള പ്രശ്‌നങ്ങള്‍ തീരദേശ മേഖലയുടെ ആശങ്കയായി നില്‍ക്കുന്നു. നമ്മുടെ മത്സ്യസമ്പത്ത് വിദേശ കുത്തക കമ്പനികള്‍ക്ക് യഥേഷ്ടം കോരിയെടുക്കാന്‍ അവസരമൊരുക്കിയ ഉത്തരവുകള്‍ നരേന്ദ്രമോദി സര്‍ക്കാര്‍ പിന്‍വലിച്ചിരിക്കുന്നു. വിദേശ കപ്പലുകളുടെ മത്സ്യബന്ധനം പൂര്‍ണ്ണമായും അവസാനിച്ചിരിക്കുന്നു. ആഴക്കടലിലെ മത്സ്യസമ്പത്ത് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് പിടിച്ചെടുക്കാന്‍ സാഹചര്യമൊരുക്കുന്ന പ്രധാനമന്ത്രിയുടെ പുതിയ പദ്ധതി പ്രഖ്യാപനം മത്സ്യമേഖല പ്രതീക്ഷയോടെയാണ് കാണുന്നത്. മത്സ്യപ്രവര്‍ത്തക സമൂഹം, മത്സ്യബന്ധനം, മത്സ്യസമ്പത്തിന്റെ സംരക്ഷണം, മത്സ്യവിപണനം, സംസ്‌കരണം, തീരപരിസ്ഥിതി, തീരസംരക്ഷണം എന്നിവയെ പരിപോഷിപ്പിച്ച് പരമ്പരാഗത മത്സ്യബന്ധനത്തിലൂന്നിയ ദേശീയ മത്സ്യബന്ധന നയം രാജ്യത്ത് നടപ്പില്‍ വരാന്‍പോകുന്നതും സ്വാഗതാര്‍ഹമാണ്. ദേശീയ താല്‍പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ടുള്ള മത്സ്യബന്ധന നയം വേണമെന്ന് 1978 ല്‍ ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘത്തിന്റെ രൂപീകരണ സമ്മേളനം ആവശ്യപ്പെട്ടിട്ടുള്ളതാണ്. വിദേശകപ്പല്‍ മത്സ്യബന്ധനത്തിനെതിരെ ശക്തമായ പ്രക്ഷോഭം നടത്തിയിട്ടുള്ളതും മത്സ്യപ്രവര്‍ത്തക സംഘമാണ്. കേന്ദ്ര സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ക്ക് കീഴിലുള്ള മത്സ്യമേഖലയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഒരൊറ്റ വകുപ്പിന്റെ കീഴിലാക്കി 'കേന്ദ്ര ഫിഷറീസ് വകുപ്പ്' രൂപീകരിക്കണമെന്ന മത്സ്യപ്രവര്‍ത്തക സംഘത്തിന്റെ ആരംഭകാലം മുതലുള്ള നിവേദനം വൈകാതെ പരിഗണിക്കപ്പെടുമെന്നുതന്നെയാണ് പ്രതീക്ഷിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.