മൂന്നാറില്‍ സര്‍ക്കാര്‍ മുട്ടുമടക്കുന്നു

Thursday 20 April 2017 9:56 pm IST

പാപ്പാത്തിചോലയിലെ കുരിശ് നീക്കിയതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍തന്നെ രംഗത്തുവന്നത് സര്‍ക്കാര്‍ കയ്യേറ്റക്കാര്‍ക്കൊപ്പമാണെന്ന് തെളിയിക്കുന്നു. കുരിശ് വലിയൊരു വിഭാഗം ജനങ്ങള്‍ വിശ്വസിക്കുന്ന പ്രതീകമാണെന്ന് പറഞ്ഞ പിണറായി പൊളിക്കലല്ല, സംരക്ഷിക്കലാണ് സര്‍ക്കാരിന്റെ നയമെന്നും വ്യക്തമാക്കി. ജില്ലാ കളക്ടറെ വിളിച്ച് ശാസിച്ചതായും പറയപ്പെടുന്നു. കുരിശ് തകര്‍ക്കുന്നത് ഇടതുപക്ഷത്തിന്റെ നയമാണോ എന്ന് വ്യക്തമാക്കാന്‍ കെസിബിസിയും ആവശ്യപ്പെട്ടിരിക്കുകയാണ്. അതേസമയം, കുരിശ് നീക്കിയതില്‍ ഏറ്റവും സന്തോഷിക്കുന്നത് യേശുവായിരിക്കുമെന്ന് യാക്കോബായസഭ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കുറിലോസ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. വിശ്വാസത്തിന്റെ പ്രതീകമായ കുരിശ് കയ്യേറ്റത്തിന്റെ പ്രതീകമായി മാറിയതാണ് പാപ്പാത്തിചോലയില്‍ കണ്ടത്. ഇക്കാര്യത്തില്‍ ക്രൈസ്തവസഭകള്‍ തന്നെ രണ്ടുതട്ടിലായിരിക്കുകയാണ്. കയ്യേറ്റഭൂമിയിലെ കുരിശ് മാറ്റിയതില്‍ യാതൊരു തെറ്റുമില്ലെന്ന് ഒരുവിഭാഗം വാദിക്കുമ്പോള്‍ വിശ്വാസത്തിന്റെ പരിവേഷം നല്‍കി എതിര്‍പ്പുമായി മറ്റൊരു വിഭാഗം രംഗത്തുവരികയുമാണ്. നിയമം പാലിക്കാന്‍ ബാധ്യസ്ഥമായ സര്‍ക്കാര്‍ ആരുടെ പക്ഷത്തു നില്‍ക്കുമെന്നതാണ് കേരളം ഉറ്റുനോക്കുന്നത്. പ്രകൃതിഭംഗികൊണ്ടും നല്ല കാലാവസ്ഥകൊണ്ടും അനുഗ്രഹീതമായ മൂന്നാര്‍ എന്നും കയ്യേറ്റക്കാരുടെ ലക്ഷ്യമാണ്. വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കാന്‍ മൂന്നു കരിമ്പൂച്ചകളെ നിയോഗിച്ചതുമാണ്. മൂന്നാര്‍ ഇന്നു പാര്‍ട്ടി ഗ്രാമമായാണ് അറിയപ്പെടുന്നത്.സര്‍ക്കാരിന്റെ കുടിയൊഴിപ്പിക്കല്‍ ഭീഷണി പൊട്ടാത്ത തോക്കാണെന്ന് ഏറെക്കുറെ എല്ലാവര്‍ക്കുമറിയാം. കോടാനുകോടികള്‍ വിലമതിക്കുന്ന ടൂറിസ്റ്റ് പറുദീസയായ മൂന്നാറില്‍ കയ്യേറ്റക്കാര്‍ റിസോര്‍ട്ടുകള്‍ സ്ഥാപിക്കുന്നത് സ്ഥലത്തെ റവന്യു അധികാരികളുടെ ഒത്താശയോടെയാണെന്നത് പരസ്യമായ രഹസ്യമാണല്ലൊ. പാര്‍ട്ടിയുടെ ഒത്താശയോടെ സിപിഎം േനതാക്കളും ഭൂമി കയ്യേറിയിട്ടുണ്ട്. പാപ്പാത്തി ചോലയില്‍ ഭൂമി കയ്യേറി സ്ഥാപിച്ച ഭീമന്‍ കുരിശാണ് പൊളിച്ചു മാറ്റിയത്. ക്രിസ്തീയ ദേവാലയവും പൊളിച്ചു മാറ്റി. ഇവിടെ വലിയ നിര്‍മാണം വേണ്ടെന്നാണ് ടൂറിസം വകുപ്പിന്റെ തീരുമാനം. ഇടതുമുന്നണി സര്‍ക്കാരിന്റെ രണ്ടാം മൂന്നാര്‍ ദൗത്യം തുടങ്ങുമ്പോഴും ആരെയൊക്കെ ഒഴിപ്പിക്കുമെന്ന് കണ്ടറിയണം. കയ്യില്‍ പണമുണ്ടെങ്കില്‍ ഏതു മൂന്നാര്‍ ദൗത്യവും പരാജയപ്പെടുത്താമെന്നാണ് കയ്യേറ്റക്കാരുടെ വിശ്വാസം. കയ്യേറ്റക്കാര്‍ റവന്യൂ ഉദ്യോഗസ്ഥരെ നേരിട്ട് കണ്ടാല്‍ പൊളിക്കാവുന്നതേയുള്ളൂ ഈ രണ്ടാം മൂന്നാര്‍ ദൗത്യമെന്ന് ആര്‍ക്കാണറിയാത്തത്. കാരണം രാഷ്ട്രീയ,ഉദ്യോഗസ്ഥ,കയ്യേറ്റ ലോബി അവിശുദ്ധ കൂട്ടുകെട്ടിലാണ്. 200 കുടുംബങ്ങള്‍ ചിന്നക്കനാലില്‍ 1500 ഏക്കറാണ് കയ്യേറിയത്. മൂന്നാറില്‍ വ്യാപാര സമുച്ചയങ്ങളും ഏലത്തോട്ടങ്ങളും റിസോര്‍ട്ടും മറ്റും സ്ഥാപിച്ചവരില്‍ പലരും ജില്ലയ്ക്ക് വെളിയിലോ സംസ്ഥാനത്തിന് പുറത്തുള്ളവരോ ആണ്. ദരിദ്രനാരായണന്മാരെ മുന്‍നിര്‍ത്തിയാണ് ഭൂമാഫിയ മൂന്നാറില്‍ കളിക്കുന്നത്. യഥാര്‍ത്ഥത്തില്‍ മൂന്നാറിലെ ബഹുഭൂരിപക്ഷം ഭൂമിയും ടാറ്റയുടെ അധീനതയിലാണ്. ഇതുകൊണ്ടാണ് ഇത് കയ്യേറ്റക്കാരുടെ പറുദീസയായി മാറാതെ വിനോദസഞ്ചാരികളുടെ പറുദീസയായതെന്ന അഭിപ്രായമുള്ളവരുമുണ്ട്. 'സേവ് മൂന്നാര്‍' മാര്‍ച്ചില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചേര്‍ന്നത് കയ്യേറ്റക്കാരുടെ പ്രതിനിധിയായിട്ടാണെന്ന വിമര്‍ശനമുണ്ട്. യുഡിഎഫും എല്‍ഡിഎഫും ഒരുപോലെ കയ്യേറ്റക്കാരെ സംരക്ഷിക്കുന്നവരാണെന്ന് ഇക്കൂട്ടരുടെ ഭരണം പലയാവര്‍ത്തി തെളിയിച്ചതാണ്. മൂന്നാര്‍ പഞ്ചായത്ത് ഓഫീസ് അഴിമതിയുടെ വിഹാരകേന്ദ്രമാണ്. ഇത് പുറത്തുകൊണ്ടുവന്ന മാധ്യമങ്ങള്‍ക്കുനേരെയും കയ്യേറ്റക്കാര്‍ ഭീഷണി ഉയര്‍ത്തി. 2006-11 കാലഘട്ടത്തില്‍ വി.എസ്. അച്യുതാനന്ദന്‍ മൂന്നാറിലെ കുറെ റിസോര്‍ട്ടുകളും അനധികൃത നിര്‍മാണങ്ങളും പൊളിച്ചുമാറ്റിയിരുന്നു. ഏറ്റവുമധികം കയ്യേറ്റം പള്ളിവാസലിലും ചിത്രപ്പുഴയിലുമാണ്. ദേവികുളം എംഎല്‍എ എസ്. രാജേന്ദ്രന്‍ ഭൂമി കയ്യേറിയതായി തെളിഞ്ഞിട്ടുണ്ടെങ്കിലും അദ്ദേഹം അത് നിഷേധിക്കുന്നു. ലാന്‍ഡ് റവന്യു കമ്മീഷണര്‍തന്നെ മൂന്നാറില്‍ വ്യാപക കയ്യേറ്റം നടത്തുന്നുവെന്നു പറയുന്നു. കൃഷിക്കാരല്ല, വലിയ മുതലാളിമാരാണ് കയ്യേറ്റക്കാരില്‍ ഭൂരിപക്ഷവും. പാര്‍വ്വതി മലയില്‍ 1000 കുടുംബങ്ങളാണ് കണ്ണായ സ്ഥലങ്ങള്‍ കയ്യേറിയത്. ഇപ്പോഴും മൂന്നാറിലും ചിന്നക്കനാലിലും കയ്യേറ്റം നടക്കുന്നതായാണ് അറിയുന്നത്. ചിന്നക്കനാലില്‍ 200 കുടുംബങ്ങളെ കുടിയൊഴിപ്പിച്ചിരുന്നു. മൂന്നാറില്‍ വലിയ നിര്‍മാണങ്ങളല്ല, വിനോദസഞ്ചാരം പ്രോത്‌സാഹിപ്പിക്കുന്ന പദ്ധതികളാണ് വേണ്ടത്. ഇതിന് കയ്യേറ്റം ഒഴിപ്പിക്കണം. ഇതിനുള്ള ദീര്‍ഘവീക്ഷണവും ഇച്ഛാശക്തിയും പിണറായി സര്‍ക്കാരിന് ഉണ്ടെന്ന് കരുതാനാവില്ല. മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കുന്നതിന് മുന്‍കയ്യെടുത്ത ഡെപ്യൂട്ടി കളക്ടര്‍ ശ്രീറാം വെങ്കട്ടരാമനെ സിപിഎമ്മും സര്‍ക്കാരും ചേര്‍ന്ന് നിര്‍ത്തിപ്പൊരിക്കുകയായിരുന്നല്ലോ. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ചില കാട്ടിക്കൂട്ടലുകള്‍ നടത്താനാണ് സര്‍ക്കാര്‍ പരിപാടിയെന്ന് കരുതേണ്ടിയിരിക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.