അതാണ് നേതൃഗുണം, യോഗ്യത

Thursday 20 April 2017 10:09 pm IST

മലപ്പുറത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പ് നടന്നു. മുസ്ലിം ലീഗ് സിറ്റിങ് സീറ്റ് നിലനിര്‍ത്തി. ലീഗ് ഉള്‍പ്പെടുന്ന യുഡിഎഫിനും അതില്‍ അഭിമാനിക്കാനില്ല, ലീഗിന്റെ നേട്ടം മാത്രമാണ്. മുഖ്യ എതിര്‍ സ്ഥാനാര്‍ത്ഥികളില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിക്ക് വോട്ട് കൂടി. വിജയിക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും തോറ്റു. ബിജെപി സ്ഥാനാര്‍ത്ഥിയ്ക്കും വോട്ട് വര്‍ധനയുണ്ടായി. പ്രതീക്ഷിച്ച വിജയവും അപ്രതീക്ഷിത ഫലവുമാണ് മൂന്ന് പ്രമുഖ കക്ഷികള്‍ക്കും. പോളിങ് ശതമാനം കുറഞ്ഞു. വോട്ടര്‍മാരുടെ എണ്ണം കൂടി, ഒട്ടേറെ പാര്‍ട്ടികള്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയില്ല. തുടങ്ങി ഒട്ടേറെ ഘടകങ്ങള്‍ തെരഞ്ഞെടുപ്പ് വിശകലനത്തിന്റെ ഭാഗമാകേണ്ടതാണെങ്കിലും അതൊന്നും പരിഗണിക്കാതെ, പതിവ് മാജിക്കല്‍ കണക്കും വാക്കും കൊണ്ടുള്ള കളികളാണ് മിക്ക പാര്‍ട്ടികളും നടത്തുന്നത്. ഒരു പക്ഷേ വൃഥാ വ്യായാമം- സോഷ്യല്‍ മീഡിയയില്‍ ഒരു അഭിപ്രായം വന്നതുപോലെ, ''പാര്‍ത്ഥസാംനിചയം വാര്‍ന്നൊഴിഞ്ഞളവ് സേതു ബന്ധനോദ്യോഗമെന്തെടോ' (വെള്ളം ഒഴുകിപ്പോയ ശേഷം ചിറകെട്ടിയിട്ട് എന്തു കാര്യമെന്ന്). ബിജെപിയെ സംബന്ധിച്ചിടത്തോളം മലപ്പുറം ഫലം അത്രയേറെ വിശകലനം ചെയ്യേണ്ടതൊന്നുമല്ല, കേരള ഘടകത്തില്‍ പോലും. എങ്കിലും ബിജെപിക്കാര്യം ഏറെ ചര്‍ച്ച ചെയ്യുന്നത് മറ്റ് പാര്‍ട്ടികളാണ്. ബിജെപിയ്ക്ക് വോട്ട് കുറഞ്ഞില്ല, അതിനാല്‍ വോട്ട് കൂടിയില്ല എന്നതാണ് ചര്‍ച്ചാ വിഷയം. മലപ്പുറത്ത്, ലീഗ് സ്ഥാനാര്‍ത്ഥിയുടെ സിറ്റിങ് സീറ്റില്‍, അവരുടെ സുപ്രധാന നേതാവ് മത്സരിച്ച തെരഞ്ഞെടുപ്പ്, മത്സരത്തിന് മുമ്പ് മുഖ്യ എതിര്‍ പാര്‍ട്ടിയായ സിപിഎമ്മിന്റെ മുഖ്യമന്ത്രിയുമായി ലീഗ് സ്ഥാനാര്‍ത്ഥി രഹസ്യ ചര്‍ച്ച നടത്തിയ ശേഷം മത്സരിച്ച, കേന്ദ്രത്തിലെ ബിജെപിയെ തോല്‍പ്പിക്കാന്‍ ഒറ്റക്കെട്ടായി നില്‍ക്കാന്‍ ആഹ്വാനം നടത്തിയ തെരഞ്ഞെടുപ്പ്. ഒരു പക്ഷേ വോട്ടെടുപ്പ് പോലും ഇല്ലാതെതന്നെ ഫലം നിര്‍ണയിക്കാമായിരുന്ന തെരഞ്ഞെടുപ്പിന് ശേഷം ബിജെപിയുടെ വോട്ടുകണക്ക് ചര്‍ച്ച ചെയ്യുന്നതിന്റെ രാഷ്ട്രീയം തിരിച്ചറിയേണ്ടതുണ്ട്. മുസ്ലിം സമുദായത്തിന് ജനസംഖ്യാപരമായി മേല്‍ക്കൈയുള്ള ജില്ലയിലെ മണ്ഡലത്തില്‍ അവരുടെ രക്ഷകരായി സ്വയം പുകഴ്ത്തുന്ന പിഡിപി, എസ്ഡിപിഐ, സോളിഡാരിറ്റി തുടങ്ങിയ വിവിധ സംഘടനകളുടെ വോട്ട് എവിടെപ്പോയി എന്ന് ചര്‍ച്ച ചെയ്യാതിരിക്കുകയും ചെയ്യുമ്പോള്‍. മലപ്പുറത്തെ വോട്ടെടുപ്പ് നടക്കുമ്പോള്‍ ബിജെപി ദേശീയ നേതൃത്വം 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് പാര്‍ട്ടിയെ സജ്ജമാക്കാന്‍ ദേശവ്യാപക പ്രവര്‍ത്തനം തുടങ്ങിയിരുന്നു. ബൂത്ത് തലത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ സക്രിയരാക്കി, സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാനുള്ള സംവിധാനം നടപ്പാക്കാന്‍ പദ്ധതി ഒരുക്കുകയായിരുന്നു. ഓരോ പാര്‍ലമെന്റ് മണ്ഡലത്തിലും കേന്ദ്ര മന്ത്രിമാര്‍, പാര്‍ട്ടി ദേശീയ നേതാക്കള്‍, ഇതര സംസ്ഥാന നേതാക്കള്‍ യാത്ര നടത്തി, പാര്‍ട്ടി പ്രവര്‍ത്തകരോട് സംവദിച്ച്, അവര്‍ക്ക് സാധാരണ ജനങ്ങളോട് സംവദിക്കാനുള്ള പരിശീലന പദ്ധതി അവതരിപ്പിക്കുകയായിരുന്നു. അതായത്, മൂന്ന് വര്‍ഷം കൊണ്ട് മോദി സര്‍ക്കാര്‍ ചെയ്ത ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളില്‍ എത്തിക്കാനും, അതിന്റെ ഗുണഫലങ്ങള്‍ അവര്‍ക്ക് നേടിക്കൊടുക്കാനും അതിലൂടെ സര്‍ക്കാരിനോടും സര്‍ക്കാര്‍ നയിക്കുന്ന പാര്‍ട്ടിയോടും പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും നേതൃത്വത്തോടും ആഭിമുഖ്യം വര്‍ധിപ്പിക്കാനുള്ള പ്രവര്‍ത്തനം. സര്‍ക്കാര്‍ അവതരിപ്പിക്കുന്ന, അവതരിപ്പിച്ചിട്ടുള്ള ക്ഷേമപദ്ധതികള്‍ ജനങ്ങള്‍ അനുഭവിക്കുമ്പോഴാണ് അത് രാജ്യവികസനത്തിന് കാരണമാകുന്നത്. ബജറ്റ് പ്രഖ്യാപനങ്ങളും സര്‍ക്കാര്‍ പദ്ധതി ഉദ്ഘാടനങ്ങളും കൊണ്ടു മാത്രമല്ലല്ലോ. അത് ജനസാമാന്യത്തിലെത്താന്‍ സര്‍ക്കാര്‍ സംവിധാനം മാത്രം പോര. സന്നദ്ധ സംഘടനകള്‍ മുന്നിട്ടിറങ്ങണം. നിര്‍ഭാഗ്യത്തിന് അതില്‍ രാഷ്ട്രീയം കലരുമ്പോള്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍ ആ ജോലി ഏറ്റെടുക്കേണ്ടി വരും. ഭരിക്കുന്നവരുടെ പാര്‍ട്ടിക്കാവും ആ ജോലി. ബിജെപി അത് തിരിച്ചറിഞ്ഞാണ് രണ്ട് വര്‍ഷം മുമ്പേ തെരഞ്ഞെടുപ്പ് തയ്യാറെടുപ്പിന്റെ ഭാഗം കൂടിയായി ആ കാഴ്ചപ്പാടില്‍ പ്രവര്‍ത്തനം തുടങ്ങിയിരിക്കുന്നത്. ഇത് തിരിച്ചറിയാന്‍ ഇടത്തരം നേതൃത്വവും അടിത്തട്ടിലെ പ്രവര്‍ത്തകരും തയാറാകുമ്പോഴേ കാര്യങ്ങള്‍ ശരിയായ ദിശയില്‍ പോകൂ. ഓരോ മണ്ഡലത്തിലും ഓരോ പ്രമുഖ നേതാക്കള്‍ പര്യടനം നടത്തി നടപ്പാക്കുന്നത് ഈ പദ്ധതിയാണ്. എന്നാല്‍ പ്രവര്‍ത്തകര്‍ക്ക്, അനുഭാവികള്‍ക്ക്, അത് ബോധ്യപ്പെടുന്നില്ലെന്നതാണ് വാസ്തവം. വാക്കും എതിര്‍വാക്കും മറുവാക്കും പറഞ്ഞ്, വാക്കുകൊണ്ട് ഏറ്റുമുട്ടി, ആര് ജയിച്ചു, തോറ്റു എന്ന് നിഴ്ചയിക്കുന്ന രാഷ്ട്രീയ വാക്പയറ്റില്‍ പെട്ടിരിക്കുകയാണ് പല മനസുകളും. ഇത് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ മാത്രം ഗതിയല്ല, വിധിയല്ല. അന്തിച്ചര്‍ച്ചയില്‍ ടെലിവിഷനു മുന്നില്‍ ഫുട്‌ബോള്‍ കളി കാണുംപോലെ കുത്തിയിരിക്കാനും വിധി പറയാനും ചര്‍ച്ചയുടെ വിജയപരാജയങ്ങള്‍ വിശകലനം ചെയ്യാനും നേതാക്കളെ വിധിക്കാനും മാത്രമായി, രാഷ്ട്രീയ പ്രബുദ്ധതയേറിയ കേരളത്തിലും രാഷ്ട്രീയ പ്രവര്‍ത്തനം മാറി. അതിനപ്പുറത്തേയ്ക്ക് വിയര്‍പ്പൊഴുക്കാന്‍ ശീലമില്ലാത്ത പൊതുപ്രവര്‍ത്തകരുടെ എണ്ണം കൂടിവരികയാണ്. അടുത്തിടെ കേന്ദ്ര തൊഴില്‍വകുപ്പ് സഹമന്ത്രി ബന്ദാരു ദത്താത്രയ കേരളത്തില്‍ വന്നപോല്‍ എറണാകുളം ലോക്‌സഭാ മണ്ഡലത്തിലെ ബിജെപി നേതാക്കളുടെ യോഗം വിളിച്ചു. പൊതുയോഗവും നടത്തി. മന്ത്രിയുടെ പാര്‍ട്ടിദൗത്യം 2019 ലെ തെരഞ്ഞെടുപ്പിന് പാര്‍ട്ടിയെ സജ്ജമാക്കുക, അവരിലൂടെ കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികള്‍ ജനങ്ങളില്‍ എത്തിക്കുക എന്നതായിരുന്നു. നേതൃയോഗത്തിന് അനുബന്ധമായ പത്രസമ്മേളനത്തില്‍, പൊതുയോഗത്തില്‍ മന്ത്രി വിശദീകരിച്ചത് മോദി സര്‍ക്കരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങളും സ്വന്തം വകുപ്പ് ആ രംഗത്ത് നടത്തിയ പ്രവര്‍ത്തനങ്ങളുമായിരുന്നു. പക്ഷേ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും അതെത്രമാത്രം സുഖിച്ചുവെന്ന് സംശയമുണ്ട്. എന്നല്ല, പലരും അസ്വസ്ഥത പ്രകടിപ്പിക്കൂകയും ചെയ്തു. ചിലര്‍ പരിഹസിക്കുന്നതും കേട്ടു. പക്ഷേ, അവരില്‍ ആര്‍ക്കും പുതിയ തൊഴില്‍ വര്‍ധനയ്ക്കുള്ള സര്‍ക്കാരിന്റെ സംരംഭങ്ങള്‍ എന്താണെന്ന് അറിയില്ലായിരുന്നു. ഇപ്പോഴും അറിയില്ല. തൊഴിലില്ലായ്മ നീക്കാന്‍, പുതിയ സാങ്കേതിക വിദ്യകള്‍ പഠിപ്പിക്കാന്‍ ഒരു പ്രത്യേകം മന്ത്രാലയം തന്നെ തുടങ്ങിയ ലോകത്തെ ആദ്യ സര്‍ക്കാരാണിതെന്ന് സാധാരണക്കാര്‍ക്ക് പറഞ്ഞുകൊടുക്കാന്‍ എത്ര നേതാക്കള്‍ക്ക് അറിയാമെന്നും സംശയമുണ്ട്. ഓരോ മന്ത്രാലയത്തിന്റെയും 10 പ്രമുഖ നേട്ടങ്ങള്‍, അല്ലെങ്കില്‍ പ്രധാന സംരംഭങ്ങള്‍ പട്ടിക നിരത്താന്‍ പറഞ്ഞാല്‍ എത്ര പേര്‍ക്ക് കഴിയുമെന്ന് പരിശോധിച്ചാല്‍ കാര്യങ്ങള്‍ വ്യക്തമാകും. ബന്ദാരു ദത്താത്രയ ബിജെപിയുടെ ആദ്യകാല നേതാക്കളില്‍ പ്രമുഖനാണ്. ആന്ധ്രയിലെ, ഇടതുപക്ഷ രാഷ്ട്രീയത്തിന്റെയും ഇടതുപക്ഷ തീവ്രവാദ പ്രവര്‍ത്തനത്തിന്റെയും ഉള്ളില്‍ പൊരുതി പാര്‍ട്ടി വളര്‍ത്തിയ നേതാവ്. തെലുങ്ക് ഭാഷയില്‍ ബന്ദാരുവിന്റെ പ്രസംഗം കേള്‍ക്കാന്‍ തടിച്ചുകൂടുന്ന ജനത്തിന് കുറവില്ല ഇന്നും. കേരളത്തില്‍ കെ. ജി. മാരാര്‍, ആന്ധ്രയില്‍ ബന്ദാരു അതായിരുന്നു ഒരു കാലത്തെ താരതമ്യം. പൊതുവേദിയില്‍ അങ്ങനെയൊരു പ്രസംഗം നടത്താനായിരുന്നില്ല ബന്ദാരു വന്നത്. ഒരു ദൗത്യം നിര്‍വഹിക്കാന്‍. അത് തിരിച്ചറിയാന്‍ പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കും കഴിയണം. ദൗത്യത്തില്‍ പങ്കാളിയാകാന്‍ കഴിയണം. പത്രസമ്മേളനത്തില്‍ ചില മാധ്യമപ്രവര്‍ത്തകര്‍ ഉയര്‍ത്തിയ ചോദ്യത്തിന് മന്ത്രിയുടെ മറുപടി, ആ പദ്ധതി രണ്ടു വര്‍ഷം മുമ്പേ കേരളത്തില്‍ പ്രത്യേക പരിഗണന നല്‍കി നടപ്പാക്കി തുടങ്ങിയെന്നായിരുന്നു. ഇക്കാര്യം സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞിട്ടില്ല. പാര്‍ട്ടി നേതാക്കള്‍ അറിഞ്ഞിട്ടില്ല, ജനങ്ങളില്‍ എത്തിയിട്ടില്ല, കേരളത്തിന്റെ തനത് ചികിത്സാ സംവിധാനമായ ആയുര്‍വേദത്തിന് തൊഴില്‍വകുപ്പ് നല്‍കിയ പ്രോത്സാഹന പദ്ധതിയെക്കുറിച്ചായിരുന്നു ചോദ്യം. ഇത്തരത്തില്‍ എത്രയെത്ര വിഷയങ്ങള്‍. മാത്രമല്ല, മോദി സര്‍ക്കാരിനും ബിജെപിക്കും എതിരെ ചിലര്‍ നടത്തുന്ന ഗോവധവുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ചും ചോദ്യം ഉയര്‍ന്നു; കൂടുതല്‍ പറയാതെ ഇത്രമാത്രം മറുപടി: ''രാജ്യം വലിയ വികസനത്തിന്റെ പാതയിലാണ്. അതില്‍ പങ്കാളിയാകുന്നതിന് പകരം ജനശ്രദ്ധ വേറേ വഴിയില്‍ തിരിച്ച് വികസനത്തിന് വിലക്കിടാന്‍ നടത്തുന്ന കുപ്രചാരണങ്ങളാണ് ഇതില്‍ പലതും. ചില സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടാകാം. അത് അതത് പ്രദേശത്ത് പരിഹരിക്കാന്‍ സംവിധാനമുണ്ട്. അതിനെ പെരുപ്പിച്ച് കാണിക്കേണ്ടതില്ല. ഇന്നത്തെ നമ്മുടെ വിഷയവും അതല്ല,'' മന്ത്രി പറഞ്ഞു. ആനുകാലിക വിഷയമല്ലെ ചോദ്യത്തില്‍, രണ്ട് വര്‍ത്തമാനം പറഞ്ഞ് വാര്‍ത്തിയിലിടം നേടിയേക്കാമെന്ന് ചിന്തിക്കാതെ, തന്റെ പര്യടന പരിപാടിയുടെ അജണ്ടയില്‍ ഒതുങ്ങിയ നിശ്ചയ ദാര്‍ഢ്യമുണ്ടല്ലോ, അതാണ് നേതൃത്വഗുണം, യോഗ്യത. മലപ്പുറത്തെ ബിജെപിയുടെ വോട്ടുകണക്ക് ചര്‍ച്ച ചെയ്യാന്‍ അമിത താല്‍പര്യം കാണിക്കുന്നവര്‍ക്കും പ്രചരിപ്പിക്കുന്നവര്‍ക്കും ലക്ഷ്യം വേറെയാണ്. അത് തിരിച്ചറിയാന്‍ കഴിയുന്നിടത്താണ് ശരിയായ രാഷ്ട്രീയ പ്രവര്‍ത്തനം. മലപ്പുറത്തെ പുതിയ ജനപ്രതിനിധിയ്ക്കും ഒറ്റ വോട്ടേയുള്ളു, ജനാധിപത്യത്തിലെ കണക്കുനോക്കുമ്പോള്‍. നിലവിലെ ലോക്‌സഭയിലെ അംഗബലത്തില്‍ അത് നിര്‍ണായകമൊന്നുമല്ല. പക്ഷെ 2019ല്‍ നിലവിലുള്ള സീറ്റില്‍ കൂടുതല്‍ നേടി ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തുടര്‍ന്നും അധികാരത്തില്‍ വരണമെങ്കില്‍ ഓരോ സീറ്റും വോട്ടും നിര്‍ണായകമാണ് താനും. അപ്പോള്‍ ടെലിവിഷനും സോഷ്യല്‍ മീഡിയയുമല്ല വിജയപരാജയം നിര്‍ണയിക്കുക; വോട്ടിംഗ് യന്ത്രമാണ്; അവിടെ ചിലര്‍ പ്രചരിപ്പിക്കുംപോലെ കൃത്രിമ മാര്‍ഗ്ഗങ്ങളില്ല. ജനമനസ്സാണ് ആ യന്ത്രത്തിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത്. ആ മനസ്സുകളെ സ്വാധീനിക്കാന്‍ വേണ്ടത് അവരുടെ ക്ഷേമത്തിനുള്ള പ്രവര്‍ത്തനമാണ്. നടത്തുന്ന പ്രവര്‍ത്തനം അവരില്‍ എത്തിക്കലാണ്. വാല്‍ക്കഷ്ണം: 2014ലെ പൊതുതെരഞ്ഞെടുപ്പില്‍, രാജ്യ രക്ഷകനായ നേതാവില്‍ പ്രതീക്ഷയര്‍പ്പിച്ചായിരുന്നു ജനം വോട്ടുകുത്തിയത്. 2019 ല്‍ ആ രക്ഷകനിലര്‍പ്പിച്ച വിശ്വാസത്തിന്റെ വിലയിരുത്തലാവും. നരേേ്രന്ദ മോദിയില്‍ നിന്ന് നരേന്ദ്ര മോദി സര്‍ക്കാരിലേയ്ക്ക് വോട്ടര്‍മാരുടെ ദൃഷ്ടി മാറും. അടല്‍ ബിഹാരി വാജ്‌പേയില്‍ നിന്ന് വാജ്‌പേയി സര്‍ക്കാരിലേയ്ക്ക് ജനദൃഷ്ടി മാറിയപ്പോഴാണ് 2004ല്‍ 'ഇന്ത്യ തിളങ്ങുന്നുണ്ടോ' എന്ന് ചര്‍ച്ച വന്നത്. വാജ്‌പേയ് സര്‍ക്കാരിന്റെ നേട്ടം ജനങ്ങള്‍ക്കിടയില്‍ എത്തിക്കാന്‍ കഴിയാഞ്ഞതും സര്‍ക്കാരിനെതിരെ എതിര്‍പക്ഷം യോജിച്ചതും മറ്റ് പല ഘടകങ്ങളും അന്നത്തെ തോല്‍വിക്കു കാരണമായി. ജനാധിപത്യത്തില്‍ രാഷ്ട്രീയ ജനവിധി നിര്‍ണ്ണയിക്കുന്നത് ജനമനസ്സു തന്നെയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.