ചെങ്ങോട്ടുകാവില്‍ ഡിവൈഎഫ്‌ഐക്കാര്‍ പ്രചരണബോര്‍ഡുകള്‍ തകര്‍ത്തു

Thursday 20 April 2017 10:08 pm IST

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബിജെപി, ഹിന്ദുഐക്യവേദി, ജന്മഭൂമി എന്നിവയുടെ പ്രചരണ ബോര്‍ഡുകള്‍ ഡിവൈഎഫ്‌ഐക്കാര്‍ തകര്‍ത്തു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. പൊയില്‍ക്കാവ് ടൗണില്‍ ഹിന്ദുഐക്യവേദിയുടെ കൊടിമരവും ജന്മഭൂമി പ്രചരണ ബോര്‍ഡും, ബിജെപി ബോര്‍ഡും തകര്‍ത്തു. ഇതിന് മുന്നോടിയായി ഡിവൈഎഫ്‌ഐയുടെ പേരില്‍ ആര്‍എസ്എസ്, ബിജെപി സംഘടനകള്‍ക്കെതിരെ പൊയില്‍ക്കാവ് ടൗണില്‍ പോസ്റ്റര്‍ പ്രചരണം നടത്തിയിരുന്നു. ചേലിയയില്‍ ഹിന്ദു ഐക്യവേദി സ്ഥാപിച്ച ബസ്‌സ്റ്റോപ്പ് കഴിഞ്ഞ ദിവസം ഡിവൈഎഫ്‌ഐക്കാര്‍ തകര്‍ത്തിരുന്നു. പോലീസിന്റേയും സിപിഎം നേതാക്കളുടേയും പൂര്‍ണ അനുമതിയോടെയാണ് ഇത്തരം അക്രമങ്ങള്‍ നടക്കുന്നതെന്നാണ് ആരോപണം. എളാട്ടേരി തെക്കെയില്‍ ക്ഷേത്രത്തില്‍ കയറി ഡിവൈഎഫ്‌ഐക്കാര്‍ ക്ഷേത്രോത്സവം അലങ്കോലപ്പെടുത്തിയ സമയത്ത് കൊയിലാണ്ടി പോലീസ് സ്റ്റേഷനില്‍ ക്ഷേത്ര കമ്മറ്റി ഭാരവാഹികള്‍ വിളിച്ച് അറിയിച്ചിട്ടും മണിക്കൂറുകള്‍ കഴിഞ്ഞാണ് പോലീസ് എത്തിയത്. പ്രതികളുടെ പേര് ചേര്‍ത്ത് ക്ഷേത്ര കമ്മറ്റി പരാതി നല്‍കിയെങ്കിലും പോലീസ് ഒരാളെ പോലും അറസ്റ്റു ചെയ്തില്ല. തുടര്‍ന്ന് ക്ഷേത്ര ഭാരവാഹികള്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയതിന് ശേഷമാണ് സ്ഥലം സന്ദര്‍ശിക്കാന്‍ പോലും കൊയിലാണ്ടി പോലീസ് തയ്യാറായത്. അക്രമികള്‍ക്ക് ഒത്താശ ചെയ്യുന്ന പോലീസാണ് കൊയിലാണ്ടിയിലെ അക്രമങ്ങള്‍ക്ക് കാരണമെന്ന് ഹിന്ദു ഐക്യവേദി കുറ്റപ്പെടുത്തി. ജനങ്ങള്‍ക്ക് പോലീസിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുന്ന രീതിയിലാണ് കൊയിലാണ്ടിസ്റ്റേഷന്‍ പരിധിയില്‍ പോലീസിന്റെ പ്രവര്‍ത്തനം. അക്രമികളെ കണ്ടെത്തി എത്രയും പെട്ടെന്ന് നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്ന് ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.