ദളിത്-പിന്നാക്ക വിഭാഗങ്ങളോടുള്ള സിപിഎം-കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണം: ഹിന്ദുഐക്യവേദി

Thursday 20 April 2017 10:09 pm IST

പാലാ: ദളിത്-പിന്നാക്ക വിഭാഗങ്ങളോടുള്ള സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും നിലപാട് വ്യക്തമാക്കണമെന്ന് ഹിന്ദുഐക്യവേദി ആവശ്യപ്പെട്ടു. നഗരസഭയുടെ ഉടമസ്ഥതയിലുള്ള മാര്‍ക്കറ്റ് കൊമേഴ്‌സ്യല്‍ കോംപ്ലക്‌സില്‍ എസ്്‌സി-എസ്്ടി വിഭാഗങ്ങള്‍ക്ക് നിയമാനുസരണമുള്ള 10ശതമാനം കടമുറികള്‍ വാണിജ്യ പ്രാധാന്യമുള്ളയിടങ്ങളില്‍ വേണമെന്ന ആവശ്യത്തിന് വിരുദ്ധമായ നിലപാടാണ് രണ്ടുപാര്‍ട്ടികളും സ്വീകരിച്ചത്. പിന്നാക്ക വിഭാഗങ്ങള്‍ക്കെതിരെ ചെയര്‍പേഴ്‌സണ്‍ ചില ഭരണപക്ഷാംഗങ്ങള്‍ എന്നിവരെ പിന്തുണച്ചുകൊണ്ടുള്ള നിലപാടാണ് സിപിഎം ഉള്‍പ്പെടെ ഇടതുപക്ഷത്തെ അഞ്ച് അംഗങ്ങളും സ്വീകരിച്ചത്. കോണ്‍ഗ്രസിലെ മൂന്ന് അംഗങ്ങളും ഇതേനിലപാടാണ് സ്വീകരിച്ചത്. സിപിഎമ്മും കേരള കോണ്‍ഗ്രസ് മാണി വിഭാഗവും തമ്മിലുള്ള രഹസ്യബാന്ധവവും സിപിഎം കോണ്‍ഗ്രസ് കക്ഷികളുടെ ദളിത് വിരുദ്ധ നിലപാടുകളും ഒരിക്കല്‍കൂടി മറനീക്കി പുറത്തുവന്നിരിക്കുകയാണെന്ന് ഹിന്ദുഐക്യവേദി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. പട്ടികജാതിക്കാര്‍ക്ക് ഒരുകാരണവശാലും മാര്‍ക്കറ്റ് കോംപ്ലക്‌സിന് മുന്നില്‍ കടമുറികള്‍ അനുവദിക്കേണ്ടതില്ല എന്ന നിലപാടായിരുന്നു തുടക്കം മുതല്‍ രണ്ട് പാര്‍ട്ടികളും സ്വീകരിച്ചത്. പട്ടികജാതിക്കാര്‍ക്ക് മുന്‍വശത്ത് മുറികള്‍ അനുവദിച്ചാല്‍ അവിടെ മറ്റാരെങ്കിലും ബിസിനസ് ചെയ്യാന്‍ തയ്യാറാകുമോ എന്നുപോലും സഭയില്‍ ചോദ്യമുണ്ടായി. ദളിത് വിഭാഗങ്ങളെ ഒഴിവാക്കാന്‍ ചെയര്‍പേഴ്‌സണും അവരെ അനുകൂലിക്കുന്ന ഏതാനും അംഗങ്ങളും ചേര്‍ന്ന് നാടകം കളിക്കുകയായിരുന്നു. സെക്രട്ടറി ഹാജരില്ലെന്നും നിയമം അറിയില്ലെന്നും പറഞ്ഞ് സ്‌പെഷ്യല്‍ കൗണ്‍സില്‍ മാറ്റി വയ്ക്കാനുള്ള ശ്രമമാണ് ബുധനാഴ്ച നടന്നത്. വൈസ് ചെയര്‍മാന്‍ കുര്യാക്കോസ് പടവന്‍, ബിജെപിയംഗം ബിനു പുളിക്കക്കണ്ടം, ഭരണകക്ഷിയംഗങ്ങളായ ടോണി തോട്ടം, ജോബി വെള്ളാപ്പാണി, ടോമി തറക്കുന്നേല്‍ എന്നിവര്‍ ശക്തമായ നിലപാട് സ്വീകരിക്കുകയും എസ്്‌സി അംഗം നടുത്തളത്തിലിറങ്ങി കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തതോടെയാണ് വോട്ടെടുപ്പിലൂടെ പട്ടികജാതിക്കാരുടെ ആവശ്യം അംഗീകരിക്കാന്‍ തയ്യാറായത്. മതേതരത്വവും സോഷ്യലിസവും പ്രസംഗിക്കുന്ന രാഷ്്ട്രീയപ്പാര്‍ട്ടികളുടെ ഉള്ളിലിരുപ്പാണ് ഇതോടെ മറനീക്കി പുറത്തുവന്നിരിക്കുന്നത്. നീതി നിഷേധിക്കുന്ന സമൂഹത്തിന് മുഖവും രാഷ്ട്രീയവും നോക്കാതെ അവരുടെ സാമൂഹിക നീതിക്കുവേണ്ടി നിലകൊള്ളുന്നതാണ് ഹിന്ദുഐക്യവേദിയുടെ നിലപാട്. മാര്‍ക്കറ്റ് കോംപ്ലക്‌സ് പുനര്‍ലേല നടപടികളില്‍ ദളിത് വിവേചനത്തിന് എതിരെ നഗരസഭയുടെ 6-ാം വാര്‍ഡ് അംഗവും എസ്്‌സി വിഭാഗം പ്രതിനിധിയുമായ പി.കെ.മധു നഗരസഭാ കവാടത്തില്‍ നിരാഹാര സമരം ആരംഭിച്ചപ്പോള്‍ പിന്തുണയുമായി ഹിന്ദുഐക്യവേദി ഉണ്ടായിരുന്നുവെന്ന് അവര്‍ പറഞ്ഞു. ഹിന്ദുഐക്യവേദി കോട്ടയം ജില്ലാ വൈസ് പ്രസിഡന്റ് ഡോ.എസ്.സുകുമാരന്‍ നായര്‍, മീനച്ചില്‍ താലൂക്ക് പ്രസിഡന്റ് വി.പി.മോഹനന്‍, ജനറല്‍ സെക്രട്ടറി കെ.കെ.രാജന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.