ഹോംനഴ്‌സിംഗ് സംഘടനാ സെക്രട്ടറിക്ക് എതിരായ കേസ്: തുടര്‍ നടപടികള്‍ക്ക് സ്റ്റേ

Thursday 20 April 2017 10:09 pm IST

കോട്ടയം: ഹോം നഴ്‌സിംഗ് സംഘടന സെക്രട്ടറി എ.കെ. ശ്രീകുമാറിന് എതിരായ കേസിലെ തുടര്‍നടപടികള്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തു. കേസ് കെട്ടിച്ചമച്ചതാണെന്നും സംഭവത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നുമുള്ള ശ്രീകുമാറിന്റെ വാദത്തില്‍ കഴമ്പുണ്ടെന്ന് കണ്ടാണ് ഹൈക്കോടതി സ്‌റ്റേ അനുവദിച്ചത്. ഹോം നഴ്‌സിംഗ് സംഘടനയുടെ അംഗമായിരുന്ന തൃശ്ശൂര്‍ സ്വദേശിനി സ്ത്രീ പീഡനക്കേസിലെ പ്രതിയാണെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് ജനറല്‍സെക്രട്ടറി ആയിരുന്ന ശ്രീകുമാര്‍ അവരെ സംഘടനയില്‍ നിന്നും നീക്കം ചെയ്തിരുന്നു. ഇതിന്റെ പ്രതികാര നടപടിയായാണ് ശ്രീകുമാര്‍ ഫോണില്‍വിളിച്ച് മോശമായി സംസാരിച്ചു എന്നാരോപിച്ച് സ്ത്രീ പോലീസില്‍ പരാതി നല്‍കി. സ്ത്രീയുടെ പരാതിയില്‍ കുന്നംകുളം പോലീസ് കേസെടുത്ത് ശ്രീകുമാറിനെ അറസ്റ്റ് ചെയ്തിരുന്നു. തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നും റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് ശ്രീകുമാര്‍ ഹൈക്കോടതിയെ സമീപിച്ചത്. ഫോണ്‍ബില്ല് അടക്കമുള്ള നിരവധി തെളിവുകള്‍ ശ്രീകുമാര്‍ ഹൈക്കോടതിയില്‍ ഹാജരാക്കി. വേനലവധിക്ക് ശേഷം കേസില്‍ ഹൈക്കോടതി അന്തിമവിധി പറയും.