ദുരന്തമാകുന്ന റെയില്‍വെ വകുപ്പ്‌

Monday 11 July 2011 9:39 pm IST

ഞായറാഴ്ചയുണ്ടായ രണ്ട്‌ ട്രെയിന്‍ അപകടങ്ങളില്‍ 69 പേര്‍ മരിക്കുകയും 400 പേര്‍ക്ക്‌ പരിക്ക്‌ പറ്റുകയും ചെയ്തിരിക്കുന്നു. ഉത്തര്‍പ്രദേശിലെ ഫത്തേപ്പൂരിന്‌ സമീപം ദല്‍ഹി-കൊല്‍ക്കത്ത മെയില്‍ പാളം തെറ്റി 13 ബോഗികള്‍ മറിഞ്ഞാണ്‌ 68 പേര്‍ മരണപ്പെട്ടതും 300 പേര്‍ക്ക്‌ പരിക്കേറ്റതും. ആസാമിലെ കാമരൂപ്‌ ജില്ലയില്‍ സ്ഫോടനം മൂലം റെയില്‍പാളം തകര്‍ന്നുണ്ടായ ഗര്‍ത്തത്തില്‍ പതിച്ച്‌ ഗോഹട്ടിപുരി എക്സ്പ്രസ്‌ പാളം തെറ്റിയപ്പോള്‍ 100 പേര്‍ക്കാണ്‌ പരിക്കേറ്റത്‌. മരിച്ചവരുടെ എണ്ണം കൂടാന്‍ സാധ്യത നിലനില്‍ക്കുന്നു. അടുത്ത കാലഘട്ടത്തില്‍ ഇന്ത്യ കണ്ട ഏറ്റവും വലിയ ട്രെയിന്‍ അപകടമാണ്‌ ഫത്തേപ്പൂരിനടുത്തുണ്ടായതെന്ന്‌ റെയില്‍വേ അധികൃതര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. റെയില്‍വേ ദുരന്തങ്ങള്‍ ഇന്ന്‌ ഇന്ത്യയില്‍ തുടര്‍ക്കഥയാണ്‌. പക്ഷേ ഇത്രയും വലിയ ദുരന്തം കാല്‍ക്ക എക്സ്പ്രസിന്‌ എങ്ങനെ സംഭവിച്ചുവെന്നതില്‍ ദുരൂഹത അവശേഷിക്കുന്നു. ട്രെയിന്‍ ഫത്തേപ്പൂര്‍ വിട്ടശേഷം 108 മെയില്‍ വേഗതയിലാണ്‌ സഞ്ചരിച്ചതെന്നും ഡ്രൈവര്‍ എമര്‍ജന്‍സി ബ്രേക്കാണ്‌ ഇട്ടതെന്നുമാണ്‌ വിവരം. എന്തുകൊണ്ട്‌ സ്റ്റേഷന്‍ വിട്ടയുടനെ ഈ അമിതവേഗം എന്ന്‌ കണ്ടെത്തേണ്ടിയിരിക്കുന്നു. ലാലുപ്രസാദ്‌ യാദവ്‌ റെയില്‍ മന്ത്രിയായിരിക്കെയാണ്‌ റെയില്‍ സുരക്ഷാ സംവിധാന ചെലവ്‌ വെട്ടിക്കുറച്ചത്‌.
ആസാമില്‍ ട്രെയിന്‍ പാളം തെറ്റിയത്‌ ഐഇഡി സ്ഫോടനം മൂലമുണ്ടായ ഗര്‍ത്തം കാരണമാണ്‌. ഈ സ്ഫോടനം നടത്തിയത്‌ ട്രെയിന്‍ അപകടത്തില്‍പ്പെടുത്താനായിരുന്നുവെന്നാണ്‌ നിഗമനം. ഇതിന്റെ ഉത്തരവാദിത്തം ഇനിയും ആരും ഏറ്റെടുത്തിട്ടില്ല. റെയില്‍വേ വകുപ്പ്‌ ഇന്ത്യയിലെ ഏറ്റവും വലിയ പൊതുസ്ഥാപനമാണ്‌. ഈ സ്ഥാപനത്തിന്‌ ആവശ്യമായ ജോലിക്കാരോ അവര്‍ക്കാവശ്യമായ പരിശീലനമോ ഇല്ല എന്ന ആരോപണം നിലനില്‍ക്കുന്നു. മനുഷ്യവിഭവശേഷിയുടെ ദുരുപയോഗത്തിന്‌ റെയില്‍വേവകുപ്പ്‌ സാക്ഷിയാണ്‌. ഇപ്പോള്‍ ദുരന്തകാരണം റെയില്‍വേ സേഫ്റ്റി കമ്മീഷണര്‍ അന്വേഷിക്കുമെന്നാണ്‌ അധികൃത ഭാഷ്യം. റെയില്‍വേ മന്ത്രിയായിരുന്ന മമതാ ബാനര്‍ജി റെയില്‍വേ ഭരണത്തിന്‌ ചെലവഴിച്ചതിനേക്കാള്‍ സമയം ബംഗാളില്‍ രാഷ്ട്രീയം കളിക്കാനായിരുന്നല്ലോ ഉപയോഗിച്ചത്‌. മമത ബംഗാള്‍ മുഖ്യമന്ത്രിയായതോടെ തലയില്ലാതായ റെയില്‍വേ വകുപ്പിന്‌ ഇപ്പോള്‍ മൂന്ന്‌ സഹമന്ത്രിമാരുണ്ടെങ്കിലും ഒരാള്‍പോലും അപകടസ്ഥലങ്ങള്‍ സന്ദര്‍ശിച്ചില്ല എന്നതുതന്നെ റെയില്‍വേ ഭരണകൂടത്തിന്റെ നിരുത്തരവാദ നിലപാടിലേക്ക്‌ വിരല്‍ചൂണ്ടുന്നു.
ഇപ്പോള്‍ പ്രധാനമന്ത്രി ഇടപെട്ട്‌ സഹമന്ത്രി മുകള്‍ റോയിയോട്‌ ആസാമിലെ സ്ഫോടനസ്ഥലം സന്ദര്‍ശിക്കാന്‍ നിര്‍ദേശിച്ചപ്പോള്‍ വന്ന പ്രതികരണം റെയില്‍വേ ഇപ്പോള്‍ പ്രധാനമന്ത്രിയുടെ വകുപ്പാണെന്നും താന്‍ ജൂനിയര്‍ സഹമന്ത്രിയാണെന്നുമായിരുന്നു. മുകള്‍റോയ്‌ ആസാമില്‍ പോകാതെ കല്‍ക്കത്തയില്‍ തുടരുന്നത്‌ റെയില്‍വേ വകുപ്പിന്റെ മന്ത്രിയാക്കാത്തതില്‍ പ്രതിഷേധിച്ചാണത്രെ. ക്യാബിനറ്റ്‌ പുനഃസംഘടനാ ചര്‍ച്ച നടക്കുന്നതിനിടെയാണ്‌ തൃണമൂല്‍ മന്ത്രിയുടെ ധാര്‍ഷ്ട്യപ്രകടനം. യുപിഎ സര്‍ക്കാരില്‍ നേതൃത്വമോ ഭരണമോ ഇല്ല എന്നാണ്‌ ഇത്‌ തെളിയിക്കുന്നത്‌. ഇപ്പോള്‍ മരിച്ചവര്‍ക്ക്‌ കേന്ദ്രം അഞ്ച്‌ ലക്ഷം രൂപയും യുപി മുഖ്യമന്ത്രി മായാവതി ഒരുലക്ഷം രൂപയും സഹായധനമായി പ്രഖ്യാപിച്ചിട്ടുണ്ട്‌. ഇന്ത്യയില്‍ ആക്രമണകാരികള്‍ക്ക്‌ എളുപ്പം ലക്ഷ്യമിടാവുന്ന സംവിധാനമായി റെയില്‍വേ മാറുമ്പോഴും റെയില്‍വേ സുരക്ഷയെപ്പറ്റി അധികാരകേന്ദ്രങ്ങളില്‍ തികഞ്ഞ അനാസ്ഥയാണ്‌ നിലനില്‍ക്കുന്നതെന്ന്‌ തുടരെ സംഭവിക്കുന്ന റെയില്‍ അപകടങ്ങള്‍ സ്ഥിരീകരിക്കുന്നു. കേരളത്തില്‍ സൗമ്യ എന്ന യുവതി ഷൊര്‍ണൂര്‍ പാസഞ്ചറില്‍ ബലാത്സംഗം ചെയ്യപ്പെട്ട്‌ കൊല്ലപ്പെട്ടപ്പോള്‍ വനിതകളുടെ സുരക്ഷ ശക്തമാക്കുമെന്നും മറ്റുമുള്ള വാഗ്ദാനങ്ങള്‍ ഉയര്‍ന്നെങ്കിലും അവ പാഴ്‌ വാഗ്ദാനങ്ങളായിരുന്നുവെന്ന്‌ തെളിഞ്ഞുകഴിഞ്ഞതാണ്‌. റെയില്‍ സുരക്ഷയുടെ കാര്യത്തിലും മൊത്തത്തില്‍ ഇതേ അനാസ്ഥ തുടരുന്നു.
റെയില്‍വേ വകുപ്പ്‌ റെയില്‍വേ മന്ത്രിമാരുടെ മണ്ഡലങ്ങള്‍ സ്ഥിതിചെയ്യുന്ന സംസ്ഥാനങ്ങളിലെ വോട്ട്ബാങ്ക്‌ ഉറപ്പിക്കാനുള്ള സംവിധാനമായി മാറുന്നത്‌ ലാലുപ്രസാദിന്റെയും മമതാ ബാനര്‍ജിയുടെയും ഭരണത്തില്‍ നാം കണ്ടതാണ്‌. രാജ്യമൊട്ടാകെ പരന്നുകിടക്കുന്ന ഇന്ത്യന്‍ റെയില്‍വേയിലെ യാത്രക്കാരുടെ സുരക്ഷിതത്വം എപ്പോള്‍ ഭരണാധികാരികളുടെ അജണ്ടയാകും? മമതാ ബാനര്‍ജി റെയില്‍വേ തലസ്ഥാനം കല്‍ക്കത്തയാക്കി എന്ന ആരോപണം ശക്തമായിരുന്നു. റെയില്‍വേ വകുപ്പ്‌ 17,000 കോടി രൂപ ചെലവഴിച്ചെങ്കിലും റെയില്‍വേ പാളങ്ങള്‍ സംരക്ഷിക്കുന്നതില്‍ ശ്രദ്ധ ചെലുത്തിയില്ല എന്ന്‌ സിഎജിയും കുറ്റപ്പെടുത്തിക്കഴിഞ്ഞു. ഇപ്പോള്‍ റെയില്‍വേ സഹമന്ത്രി തന്നെ വകുപ്പിന്റെ തലവനാക്കാത്തതില്‍ പ്രതിഷേധിച്ച്‌ അപകടസ്ഥലം സന്ദര്‍ശിക്കുന്നതില്‍നിന്നുപോലും വിട്ടുനില്‍ക്കുമ്പോള്‍ റെയില്‍വേ യാത്രക്കാരുടെ സുരക്ഷയ്ക്ക്‌ സര്‍ക്കാര്‍ ഉത്തരവാദിയല്ല എന്ന നിരുത്തരവാദിത്വ നിലപാടാണ്‌ വ്യക്തമാകുന്നത്‌.