അതിരപ്പിള്ളിയില്‍ പോര്‍മുഖം തുറന്ന് സിപിഐ

Thursday 20 April 2017 10:22 pm IST

തൃശൂര്‍: മുന്നണിക്കുള്ളിലെ ബന്ധം വഷളായ സാഹചര്യത്തില്‍ അതിരപ്പിള്ളി പദ്ധതിക്കെതിരെ സിപിഐ സംഘടിപ്പിക്കുന്ന സംഗമം പുതിയ പൊട്ടിത്തെറിക്ക് വഴിയൊരുക്കും. 23ന് എഐവൈഎഫിന്റെ പേരിലാണ് അതിരപ്പിള്ളി സംരക്ഷണസംഗമം സംഘടിപ്പിക്കുന്നത്. സംസ്ഥാന സെക്രട്ടറി കാനംരാജേന്ദ്രന്‍ പങ്കെടുക്കുന്നുണ്ട്. ഒളിഞ്ഞും തെളിഞ്ഞും അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി നടപ്പാക്കാനുള്ള നീക്കവുമായി സിപിഎം നേതൃത്വവും മുഖ്യമന്ത്രിയും മുന്നോട്ടുപോവുമ്പോഴാണ് പരസ്യ എതിര്‍പ്പുമായി സിപിഐ സംഗമം സംഘടിപ്പിക്കുന്നത്. മുന്നണിക്കുള്ളില്‍ ചര്‍ച്ച ചെയ്ത് സിപിഐയെ അനുനയിപ്പിക്കാമെന്ന സിപിഎം കണക്കുകൂട്ടല്‍ ഇതോടെ പാളുകയാണ്. നേരത്തെ പദ്ധതിയെ എതിര്‍ത്ത് രംഗത്തുവന്ന കാനം രാജേന്ദ്രന്‍ പിന്നീട് നിലപാട് മയപ്പെടുത്തിയിരുന്നു. എന്നാല്‍ സിപിഎം നേതാക്കളുടെ കടന്നാക്രമണം രൂക്ഷമായതോടെ വിട്ടുവീഴ്ച വേണ്ടെന്ന നിലപാടാണ് ഇപ്പോള്‍ സിപിഐക്ക്. 23ന് നടക്കുന്ന സംഗമം പരോക്ഷമായി സിപിഎമ്മിനുള്ള താക്കീതാകുമെന്നാണ് കരുതുന്നത്. ബിജെപി, കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് തുടങ്ങിയ സംഘടനകളെല്ലാം അതിരപ്പിള്ളി പദ്ധതിക്കെതിരെ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നുവെങ്കിലും സിപിഐ ആദ്യമായാണ് ഒരു പരിപാടി സംഘടിപ്പിക്കുന്നത്. ചാലക്കുടി പുഴ സംരക്ഷിക്കുക, അതിരപ്പിള്ളി പദ്ധതി ഉപേക്ഷിക്കുക എന്നീമുദ്രാവാക്യങ്ങളുയര്‍ത്തിയാണ് പരിപാടി. സിപിഐയുടെ ശക്തികേന്ദ്രമായ ജില്ലയില്‍ സിപിഎമ്മുമായുള്ള ബന്ധം ഏറെ ഉലഞ്ഞ മട്ടാണ്. കൊടുങ്ങല്ലൂര്‍, നാട്ടിക മേഖലയില്‍ നിരന്തരമായി സിപിഐ പ്രവര്‍ത്തകരെ സിപിഎമ്മുകാര്‍ കായികമായി ആക്രമിക്കുന്നത് പാര്‍ട്ടിക്കുള്ളില്‍ വന്‍പ്രതിഷേധം ഉയരുന്നുണ്ട്. ജില്ലയില്‍ അടുത്തിടെയുണ്ടായ പാമ്പാടി കോളേജ് പ്രശ്‌നം, ഇന്ത്യന്‍ കോഫിഹൗസ് സമരം, അടാട്ട് സഹകരണബാങ്ക് സമരം എന്നീവിഷയങ്ങളിലെല്ലാം സിപിഐ നിശബ്ദതപാലിക്കുകയോ സിപിഎമ്മിന്റെ എതിര്‍ചേരിയില്‍ നിലയുറപ്പിക്കുകയോ ചെയ്തിരുന്നു. അതിരപ്പിള്ളിയില്‍ പരസ്യ സമരവുമായി രംഗത്തെത്തുന്നതോടെ സിപിഎമ്മിനെതിരായ പോര്‍മുഖം സിപിഐ ശക്തിപ്പെടുത്തുന്നു എന്ന സൂചനയാണ് ലഭിക്കുന്നത്.