റോഡ് കയ്യേറി നിര്‍മ്മാണം ചക്കിട്ടപ്പാറയിലെ കോക്കനട്ട് പ്രൊഡ്യൂസര്‍ കമ്പനിക്കു പിഡബ്ല്യുഡി നോട്ടീസ്

Thursday 20 April 2017 10:23 pm IST

പേരാമ്പ്ര: റോഡ് കയ്യേറ്റം ഒഴിയണമെന്നാവശ്യപ്പെട്ടു ചക്കിട്ടപ്പാറയിലെ പേരാമ്പ്ര കോക്കനട്ട് പ്രൊഡ്യൂസര്‍ കമ്പനിക്കു പൊതുമരാമത്ത് റോഡ്‌സ് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ നോട്ടീസ് നല്‍കി. കമ്പനി ചെയര്‍മാന്റെ പേരിലാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. താലൂക്കുവികസന സമിതി അംഗം രാജന്‍ വര്‍ക്കി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രാഥമിക പരിശോധന നടത്തിയ ശേഷമാണ് നടപടി. ചക്കിട്ടപാറ - പെരുവണ്ണാമൂഴി റോഡ് അരികിലാണ് കമ്പനി സ്ഥാപിച്ചിരിക്കുന്നത്. കമ്പനിയുടെ മതിലിനു മുന്നിലെ നിര്‍മ്മാണങ്ങള്‍ ചട്ടവിരുദ്ധമാണെന്നാണ് പരാതി. പൊതുമരാമത്ത് റോഡിനെ മുട്ടിച്ച് ഇന്റര്‍ലോക്കും കോണ്‍ക്രീറ്റും ചെയ്തിട്ടുണ്ട്. ചട്ടമനുസരിച്ച് റോഡില്‍ നിന്നു മൂന്നു മീറ്റര്‍ വിട്ടു മാത്രമെ നിര്‍മ്മാണം പാടുള്ളു. അതിവിടെ ലംഘിച്ചിരിക്കുകയാണ്. സുമാര്‍ 75 മീറ്റര്‍ നീളമുള്ള കെട്ടിടത്തില്‍ നിന്നു വീഴുന്ന മഴവെള്ളം റോഡിലേക്കു പതിച്ചു ഒഴുകുന്ന വിധത്തില്‍ ചരിച്ചാണ് ഇന്റര്‍ലോക്കു കട്ടകള്‍ പാകിയിരിക്കുന്നത്. ഇവിടെ നിര്‍മ്മാണങ്ങള്‍ നടത്തുന്നതിനു അപേക്ഷ നല്‍കുകയോ അനുവാദം വാങ്ങുകയോ കമ്പനി ചെയ്തിട്ടില്ലെന്നു പിഡബ്ല്യുഡി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. കെട്ടിട നിര്‍മ്മാണ ചട്ടം നിലവിലുള്ള പഞ്ചായത്തില്‍ ചട്ടം ലംഘിച്ച് നിര്‍മ്മിച്ച പല കെട്ടിടങ്ങള്‍ക്കും നമ്പര്‍ നല്‍കിയിട്ടില്ല. പിന്‍വാതിലിലൂടെ നമ്പര്‍ നല്‍കിയത് പിന്‍വലിക്കുകയും ഇതിനുത്തരവാദികളായവരുടെ പേരില്‍ നടപടിയെടുക്കുകയും ചെയ്തിട്ടുണ്ട്. കമ്പനിയുടെ മുന്‍വശത്തുള്ള പഞ്ചായത്തു റോഡും കെട്ടിടവും മതിലും തമ്മിലുള്ള അകലം പാലിക്കുന്നതില്‍ ലംഘനം നടന്നതായി സംശയമുണ്ട്. നിയമലംഘനം നടന്നിട്ടുണ്ടോയെന്നറിയാന്‍ താലൂക്കു സര്‍വേയറുടെ സേവനം പിഡബ്ല്യുഡി തേടിയിട്ടുണ്ട്.