പിഎസ്ജി അല്ല യുവന്റസ്

Thursday 20 April 2017 10:29 pm IST

നൗകാമ്പ്: ബാഴ്‌സലോണയുടെ ചാമ്പ്യന്‍സ് ലീഗ് സെമിഫൈനല്‍ സ്വപ്‌നം പൊലിഞ്ഞു. സ്വന്തം മൈതാനത്ത് നടന്ന രണ്ടാം പാദത്തില്‍ യുവന്റസിനെ ഗോള്‍മഴയില്‍ മുക്കി അവസാന നാലില്‍ ഇടംപിടിക്കാമെന്ന സ്വപ്‌നമാണ് ഇന്നലെ തകര്‍ന്നത്. ലോക ഫുട്‌ബോളിലെ ഏറ്റവും മാരകപ്രഹരശേഷിയുള്ള എംഎസ്എന്‍ ത്രയത്തിനെ ഗോളടിക്കാന്‍ വിടാതെ കൂച്ചുവിലങ്ങിട്ടു പൂട്ടിയ യുവന്റസ് പ്രതിരോധം നൂറില്‍ നൂറുമാര്‍ക്കും നേടി. രണ്ടാം പാദം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചതോടെ ആദ്യപാദത്തില്‍ നേടിയ 3-0ന്റെ വിജയത്തോടെ യുവന്റസ് തുടര്‍ച്ചയായ രണ്ടാം തവണയും യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ സെമിയിലെത്തി. പ്രീ ക്വാര്‍ട്ടറിന്റെ ആദ്യപാദത്തില്‍ ഫ്രഞ്ച് ക്ലബ് പിഎസ്ജിയോട് 4-0ന് തോറ്റ ബാഴ്‌സലോണ നൗകാമ്പില്‍ നടന്ന രണ്ടാം പാദത്തില്‍ 6-1ന്റെ തകര്‍പ്പന്‍ വിജയം നേടിയായിരുന്നു ക്വാര്‍ട്ടറിലേക്ക് എത്തിയത്. എന്നാല്‍ ലോക ഫുട്‌ബോളിലെ ഏറ്റവും മികച്ച പ്രതിരോധനിരയുള്ള യുവന്റസിന് മുന്നില്‍ ആ ്രപകടനം ആവര്‍ത്തിക്കാന്‍ അവര്‍ക്കായതുമില്ല. മത്സരത്തിലെ താരമായി മാറിയ ജോര്‍ജിയോ ചില്ലെനി ഉള്‍പ്പെട്ട പ്രതിരോധം മെസ്സി-സുവാരസ്-നെയ്മര്‍ ത്രയത്തെ അനങ്ങാന്‍ വിടാതെ പിടിച്ചുകെട്ടുന്നതില്‍ വിജയിക്കുകയായിരുന്നു. ബാഴ്‌സ മാജിക്കിനായി നൗകാമ്പിലെത്തിയ ഒരുലക്ഷത്തോളം വരുന്ന ആരാധകര്‍ക്ക് ഏറെ നിരാശ മാത്രം സമ്മാനിക്കുന്നതായിരുന്നു അവരുടെ പ്രകടനം. കളിക്കിടെ മെസ്സിക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആദ്യ പകുതി അവസാനിക്കുന്നതിന് മുമ്പായിരുന്നു ഇത്. 44-ാം മിനിറ്റില്‍ യുവന്റസ് താരം മിറാലെമിനെ മറികടന്ന് പന്തിനായി ഉയര്‍ന്നുചാടിയ മെസ്സി ഗ്രൗണ്ടിലേക്ക് വീഴുകയായിരുന്നു. വീഴ്ച്ചയെ തുടര്‍ന്ന് അര്‍ജന്റീന താരത്തിന്റെ കണ്ണിന് താഴെ മുറിവേല്‍ക്കുകയും ചെയ്തു. പന്തടക്കത്തിലും ഷോട്ടുകള്‍ പായിക്കുന്നതിലും ബാഴ്‌സലോണ മുന്നിട്ടുനിന്നു. എന്നാല്‍ 19 ഷോട്ടുകള്‍ പായിച്ചതില്‍ ലക്ഷ്യത്തിലേക്കെന്ന് തോന്നിച്ചത് ഒരെണ്ണം മാത്രം. അതിന് ബഫണിനെ കീഴടക്കാനുള്ള കരുത്തുമുണ്ടായില്ല. വമ്പന്‍ വിജയം മാത്രമേ തങ്ങളുടെ രക്ഷക്കെത്തുകയുള്ളൂ എന്ന തിരിച്ചറിവില്‍ ബാഴ്‌സ തുടക്കം മുതല്‍ ആക്രമിച്ചുകളിച്ചെങ്കിലും ലോക ഫുട്‌ബോളിലെ ഏറ്റവും മികച്ച പ്രതിരോധ നിരയില്‍ തട്ടി വീണു. ഇതോടെ 2015-ലെ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലേറ്റ പരാജയത്തിന് പകരം വീട്ടാനും യുവന്റസിനായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.