അഴിമതിക്കേസില്‍ അറസ്റ്റിലായ നേതാവിന് സംരക്ഷണം : യൂത്ത് ലീഗില്‍ പ്രതിസന്ധി : ജില്ലാ പ്രസിഡണ്ടിനു പിന്നാലെ കൂടുതല്‍ പേര്‍ രാജിക്ക്

Thursday 20 April 2017 10:35 pm IST

കണ്ണൂര്‍: അഴിമതിക്കേസില്‍ അറസ്റ്റിലായ നേതാവിനെ ലീഗ് നേതൃത്വം സംരക്ഷിക്കുന്നുവെന്നാരോപിച്ച് യൂത്ത് ലീഗില്‍ പ്രതിസന്ധി രൂക്ഷം. നേതൃത്വത്തിന്റെ നപടിയില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ടിനു പിന്നാലെ കൂടുതല്‍ പേര്‍ രാജിക്ക്. അഴിമതിക്കാരനെ സംരക്ഷിക്കുന്നുവെന്നാരോപിച്ച് കഴിഞ്ഞ ദിവസം കണ്ണൂര്‍ ജില്ലാ യൂത്ത് ലീഗ് പ്രസിഡണ്ട് വപി.മൂസാന്‍കുട്ടി രാജിവെച്ചിരുന്നു. കണ്ണൂര്‍ പുറത്തില്‍ പളളിക്കമ്മിറ്റിയില്‍ 80 ലക്ഷത്തോളം രൂപ തിരിമറി കണ്ടെത്തിയതിനെ തുടര്‍ന്ന് പോലീസ് അറസ്റ്റു ചെയ്ത ലീഗ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.പി.താഹിറിനെ ലീഗ് സംസ്ഥാന-ജില്ലാ നേതാക്കള്‍ സംരക്ഷിക്കുന്നുവെന്നാരോപിച്ചാണ് യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് രാജിവെച്ചത്. അഴിമതിക്കെതിരെ നിലനില്‍ക്കുന്നതിന്റെ പേരില്‍ താന്‍ നിരന്തരം വേട്ടയാടപ്പെടുകയാണെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ടിന് അയച്ച രാജിക്കത്തില്‍ വിശദീകരിച്ചിട്ടുണ്ട്. പുറത്തില്‍ ജമാഅത്ത് ജനറല്‍ സെക്രട്ടറിയായിരിക്കെ നടത്തിയ പണാപഹരണക്കേസില്‍ ജയിലിലടയ്ക്കപ്പെട്ട താഹിര്‍ ജയില്‍ മോചിതനായ ശേഷം ഒറു വിഭാഗം ലീഗ് പ്രവര്‍ത്തകര്‍ വന്‍ സ്വീകരണം നല്‍കിയിരുന്നു. യൂത്ത് ജില്ലാ പ്രസിഡണ്ടായ മൂസാന്‍കുട്ടി ഇതിനെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രതികിരിച്ചിരുന്നു. തുടര്‍ന്ന് നടന്ന ജില്ലാകമ്മറ്റിയോഗത്തില്‍ ബഹളത്തിനൊടുവില്‍ താഹിറിനെ പാര്‍ട്ടി ചുമതലയില്‍ നിന്നും മാറ്റിനിര്‍ത്തി അന്വേഷണം നടത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ തുടര്‍ന്നും നേതൃത്വം ഇയാളെ സംരക്ഷിക്കുകയായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ജില്ലാ പ്രസിഡണ്ട് രാജിവെച്ചത്. 2014-15 കാലഘട്ടത്തില്‍ പളളിക്കമ്മിറ്റി ജനറല്‍ സെക്രട്ടറിയായിരുന്ന താഹിറിനെതിരെ പുതിയ കമ്മിറ്റി വഖഫ് ബോര്‍ഡിന് പരാതി കൊടുക്കുകയും അന്വേഷണത്തില്‍ 80 ലക്ഷം രൂപ തിരിമറി നടന്നതായി കണ്ടെത്തുകയുമായിരുന്നു. ഇതേത്തുടര്‍ന്ന് താഹിറിനെതിരെ പോലീസ് കേസെടുക്കുകയായിരുന്നു. യൂത്ത് ലീഗ് മുന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് കൂടിയാണ് ആരോപണ വിധേയനായ താഹിര്‍. മമ്മൂട്ടിയുടെ രാജിക്ക് പിന്നാലെ കൂടുതല്‍ യൂത്ത്‌ലീഗ് പ്രവര്‍ത്തകരും നേതാക്കളും മുസഌം ലീഗ് നേതൃത്വത്തിന്റെ അഴിമതിക്കാരെ സംരക്ഷിക്കുന്ന നടപടിയില്‍ പ്രതിഷേധിച്ച് രാജിക്കൊരുങ്ങുന്നതായി സൂചനയുണ്ട്. ജില്ലാ പ്രസിഡണ്ടായ മൂസാന്‍കുട്ടിയുമായി അടുത്ത ബന്ധമുളള യൂത്ത്‌ലീഗ് നേതാക്കളും പ്രവര്‍ത്തകരുമാണ് രാജിവെയ്ക്കാന്‍ ഒരുങ്ങുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.